കൊ​ച്ചി: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല കേ​ന്ദ്ര സേ​ന​യെ ഏ​ൽ​പ്പി​ക്കു​ന്ന​തി​ൽ വി​രോ​ധ​മി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് കേ​ന്ദ്ര സേ​ന​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദാ​നി ഗ്രൂ​പ്പ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന വേ​ള​യി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി‌‌​യി​ട്ടു​ണ്ട്. പോ​ലീ​സ് ന​ൽ​കു​ന്ന സു​ര​ക്ഷ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദാ​നി ഗ്രൂ​പ്പ് പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

കേസിൽ പോലീസിനെ നിശിതമായ വിമർശിച്ച കോടതി, പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം പ്രഹസനം മാത്രമാണന്നും പറഞ്ഞു.

സം​ഘ​ർ​ഷം കൈ​വി​ട്ട് പോ​കാ​തി​രി​ക്കാ​ൻ പോ​ലീ​സ് സം​യ​മ​നം പാ​ലി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സ​ർ​ക്കാ​ർ, സ​മ​ര​ക്കാ​രെ പി​രി​ച്ച് വി​ടാ​ൻ വെ​ടി​വ​യ്പ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ അ​നേ​ക​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യേ​നെ എ​ന്ന് വ്യ​ക്ത​മാ​ക്കി.