ഇ - റുപ്പി ഇന്ന് മുതൽ ഉപയോഗിക്കാം
Thursday, December 1, 2022 12:35 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ കറന്‍സിയായ ഇ - റുപ്പി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ബംഗളൂരു, ബുവനേശ്വർ തുടങ്ങിയ നഗരങ്ങളിലാണ് ഇ - റുപ്പി ഇടപാടുകൾ നടക്കുക.
പേപ്പർ കറന്‍സിക്ക് സമാനമായ രീതിയിൽ ഡിജിറ്റൽ ടോക്കൺ രൂപത്തിലുള്ളതാണ് ഇ - റുപ്പി. കറൻസിയുടെ ഇലക്ട്രോണിക് പതിപ്പായ ഇ - റുപ്പി സർക്കാർ അംഗീകൃത ഡിജിറ്റൽ വാലറ്റുകളിലൂടെയാണ് കൈമാറാൻ സാധിക്കുക. ക്യൂആർ കോഡ് ഉപയോഗിച്ച് വ്യക്തികൾ തമ്മിലും വ്യാപാര സ്ഥാപനങ്ങളിലും ഇ - റുപ്പി കൈമാറ്റം ചെയ്യാം.
ഇ -റുപ്പി കൈമാറ്റം ചെയ്യുമ്പോൾ ബാങ്ക് ട്രാൻസ്ഫർ, യുപിഐ ട്രാൻസ്ഫർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ബാങ്ക് ബാലൻസിൽ വ്യത്യാസങ്ങൾ രേഖപ്പെടുത്തില്ല. പേപ്പർ കറൻസി ഇടപാടുകൾ നടത്തുമ്പോൾ കൈവശം സൂക്ഷിക്കുന്ന നോട്ടുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ സംഭവിക്കുന്നതിന് സമാനമായ രീതിയിലാണ് ഇ - റുപ്പി കണക്കുകൾ രേഖപ്പെടുത്തുക.