വിജയ് ഹസാരെ ട്രോഫി: കേരളത്തിന് ആദ്യ പരാജയം
Saturday, November 19, 2022 5:16 PM IST
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ ആദ്യ പരാജയം ഏറ്റുവാങ്ങി കേരളം. എലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ ആന്ധ്ര പ്രദേശ് കേരളത്തെ 76 റൺസിനാണ് പരാജയപ്പെടുത്തിയത്.
ഒന്പത് വിക്കറ്റ് നഷ്ടത്തിൽ ആന്ധ്ര ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്റെ ഇന്നിംഗ്സ് 44.1 ഓവറിൽ 183 റൺസിന് അവസാനിച്ചു.
ടോസ് നേടി ആന്ധ്രയെ ബാറ്റിംഗിന് അയച്ച കേരളം മികച്ച രീതിയിലാണ് ബൗളിംഗ് ആരംഭിച്ചത്. 19.2 ഓവറിൽ 94-3 എന്ന നിലയിലായിരുന്ന ആന്ധ്രയെ മികച്ച സ്കോറിലെത്തിച്ചത് ഹനുമ വിഹാരി(46), അഭിഷേക് റെഡ്ഡി(31) എന്നിവരാണ്. കേരളത്തിനായി ഫൈസൽ ഫാനൂസ്, സിജോമോൻ ജോസഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. അഖിൽ സ്കറിയ, അക്ഷയ് ചന്ദ്രൻ, എൻ. ബേസിൽ എന്നിവരും വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ ഇടംനേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ ഓപ്പണിംഗ് ബാറ്റർമാർ പരാജയപ്പെട്ടതോടെ ടീം സമ്മർദത്തിലായി. പി. രാഹുൽ(1), രോഹൻ കുന്നുമ്മൽ(7), വത്സൽ ഗോവിന്ദ്(6) എന്നിവർ വേഗം മടങ്ങിയെങ്കിലും നായകൻ സച്ചിൻ ബേബി(35) നന്നായി പൊരുതി. 41 റൺസെടുത്ത അക്ഷയ് ചന്ദ്രൻ മധ്യനിരയിൽ മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയം അകന്ന് നിന്നു.
23.3 ഓവറിൽ 89-5 എന്ന നിലയിൽ പരുങ്ങിയ കേരളത്തിന്റെ പോരാട്ടം 44.1 ഓവറിൽ അവസാനിച്ചു. ആന്ധ്രയ്ക്കായി ബി. അയ്യപ്പ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
14 പോയിന്റുള്ള കേരളം നിലവിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. മികച്ച റൺനിരക്കിൽ നേടിയ വിജയത്തോടെ 14 പോയിന്റിലേക്ക് എത്തിയ ആന്ധ്രയാണ് രണ്ടാം സ്ഥാനത്ത്.