വിജയ് ഹസാരെ ട്രോഫി: മൂന്നാം ജയം സ്വന്തമാക്കി കേരളം
Thursday, November 17, 2022 5:01 PM IST
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ മികച്ച പ്രകടനം തുടരുന്ന കേരളം തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഛത്തിസ്ഗഡിനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക ജയം നേടിയ കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ 14 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഛത്തിസ്ഗഡ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് വിജയത്തിലെത്തിയത്. ഓപ്പണർ പി. രാഹുൽ(92*) നടത്തിയ പോരാട്ടമാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്.
സ്കോർ:
ഛത്തിസ്ഗഡ് 171/10(48.1)
കേരളം 175/2(36.1)
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഛത്തിസ്ഗഡിനായി അഷുതോഷ് സിംഗ്(40) മാത്രമാണ് മികച്ച രീതിയിൽ ബാറ്റ് വീശിയത്. ഗോവയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയ അഖിൽ സ്കറിയ ഇക്കുറി ഒരു വിക്കറ്റ് അധികം നേടി എതിർനിരയുടെ നടുവൊടിച്ചു. 23.1 ഓവറിൽ 82-4 എന്ന നിലയിലായിരുന്ന ഛത്തിസ്ഗഡ് അജയ് മണ്ഡൽ നേടിയ 30 റൺസിന്റെയും കേരളം നൽകിയ 16 എക്സ്ട്രാ റൺസിന്റെയും ബലത്തിലാണ് 171 എന്ന സ്കോറിലെത്തിയത്.
രണ്ട് മെയ്ഡൻ അടക്കം 9.1 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ അഖിലിനൊപ്പം മൂന്ന് വിക്കറ്റ് നേടിയ എൻ. ബേസിൽ, ഒരു വിക്കറ്റ് നേടിയ ഫൈസൽ ഫാനൂസ് എന്നിവരാണ് ഛത്തിസ്ഗഡിനെ വരിഞ്ഞ് കെട്ടിയത്.
മറുപടി ബാറ്റിംഗിൽ 106 പന്തിൽ ഏഴ് ഫോറും നാല് സിക്സും നേടിയ രാഹുൽ, വത്സൽ ഗോവിന്ദിന്(35) ഒപ്പം നടത്തിയ പോരാട്ടമാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മൽ(22) നേരത്തെ പുറത്തായെങ്കിലും കേരളം പതറിയില്ല. നായകൻ സച്ചിൻ ബേബി 21* റൺസ് നേടി മികച്ച പിന്തുണ നൽകി.
ഛത്തിസ്ഗഡിനായി സൗരഭ് മജുംദാർ മാത്രമാണ് വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ ഇടംനേടിയത്. വത്സൽ ഗോവിന്ദ് റൺഔട്ട് ആവുകയായിരുന്നു.