വീണ്ടും രോഹൻ വെടിക്കെട്ട്; കേരളത്തിന് രണ്ടാം ജയം
Tuesday, November 15, 2022 5:10 PM IST
ബംഗളൂരു: രോഹൻ കുന്നുമ്മൽ തകർപ്പനടി തുടരുന്ന വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ഗോവയ്ക്കെതിരെ അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
സ്കോർ:
ഗോവ 241/8(50)
കേരളം 242/5(38.1)
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് പേസർമാർ നൽകിയത്. 19.1 ഓവറിൽ 79-4 എന്ന നിലയിൽ പരുങ്ങിയ ഗോവയെ ദർശൻ മിസൽ(69), സുയാഷ് പ്രഭുദേശായ്(34) എന്നിവരാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ദീപ്രാജ് ഗോയൻകർ(32) മികച്ച പിന്തുണ നൽകി.
10 ഓവറിൽ 34 റൺസ് വഴങ്ങിയ അഖിൽ സ്കറിയ കേരളത്തിനായി മൂന്ന് വിക്കറ്റ് നേടി. എൻ. ബേസിൽ രണ്ടും കെ. എം. ആസിഫ്, വിനൂപ് മനോഹരൻ, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ കത്തിക്കയറിയ രോഹൻ(134), 101 പന്തിൽ 17 ഫോറും നാല് സിക്സും നേടി കേരളത്തിന്റെ ജയം അനായാസമാക്കി. നായകൻ സച്ചിൻ ബേബി(51*) ആങ്കർ റോളിൽ ഏറ്റെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഗോവയ്ക്കായി സിദ്ദേശ് ലാഡ് മൂന്നും ഫെലിക്സ് അലമാവോ, ദർശൻ മിസൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.