വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു
Saturday, November 12, 2022 6:48 PM IST
വയനാട്: കടുവയുടെ ആക്രമണം കൊണ്ടുള്ള ദുരിതം വയനാടുകാർക്ക് അവസാനിക്കുന്നില്ല. ബത്തേരി ബീനാച്ചിയിൽ കടുവ രണ്ട് ആടുകളെ കടിച്ചുകൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ ആടുകളാണ് ആക്രമണത്തിനിരയായത്.
വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മീനങ്ങാടിയിൽ ആടുകളെ കൊന്ന കടുവയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് വ്യക്തമാക്കി.
കടുവ ബീനാച്ചി എസ്റ്റേറ്റിനുള്ളിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്. കാടുമൂടിയ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനംവകുപ്പിന് മുന്നിലുള്ള വെല്ലുവിളി.