വിജയ് ഹസാരെ ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം മഴയെടുത്തു
Saturday, November 12, 2022 3:47 PM IST
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂർണമെന്റിലെ ഹരിയാനയ്ക്കെതിരായ കേരളത്തിന്റെ ആദ്യ ഗ്രൂപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചു.
ആളൂർ കെഎസ്സിഎ മൈതാനത്ത് നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 14 ഓവറുകൾ പൂർത്തിയാക്കിയ വേളയിലാണ് മഴ വില്ലനായി എത്തിയത്. മത്സരം ഉപേക്ഷിക്കുന്പോൾ 44/2 എന്ന നിലയിലായിരുന്നു കേരളം.
രോഹൻ കുന്നുമ്മൽ(28*), സച്ചിൻ ബേബി(1*) എന്നിവർ ക്രീസിലുണ്ടായിരുന്ന വേളയിലാണ് മത്സരം തടസപ്പെട്ടത്. 38 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി കേരളത്തെ ബാറ്റിംഗിനയയ്ച്ച ഹരിയാനയ്ക്കായി മോഹിത് ശർമ ഒരു വിക്കറ്റ് നേടി. വത്സൽ ഗോവിന്ദ് റൺ ഔട്ടാവുകയായിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ എലീറ്റ് ഗ്രൂപ്പ് സിയിൽ ഇരു ടീമുകളും രണ്ട് പോയിന്റ് വീതം പങ്കിട്ടു.