എസ്ടി സംവരണം: പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യപ്പെട്ട് ഛത്തിസ്ഗഡ്
Wednesday, November 9, 2022 1:39 PM IST
റായ്പൂർ: എസ്ടി വിഭാഗങ്ങൾക്കുള്ള സംവരണാനുകൂല്യം പുഃനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പ്രത്യേക നിയമസഭാ സമ്മേളനം നടത്താനൊരുങ്ങി ഛത്തിസ്ഗഡ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് സ്പീക്കർ ചന്ദ്രദാസ് മഹന്തിന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ കൈമാറി.
ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ജനസംഖ്യയുടെ 32% വരുന്ന ആദിവാസി - തദ്ദേശീയ ജനവിഭാഗത്തിന് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണം 20 ശതമാനത്തിൽ നിന്ന് 32 % ആയി വർധിപ്പിക്കാനുള്ള പ്രമേയം അവതരിപ്പിക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ ആകെ സംവരണത്തിന്റെ പരിധി 50% കവിയുമെന്ന കാരണത്താലാണ് 2012-ൽ ഛത്തിസ്ഗഡ് ഹൈക്കോടതി സംവരണം 20% ആയി പരിമിതപ്പെടുത്തിയത്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സംവരണ നിയമങ്ങൾ പരിശോധിച്ച് എസ്ടി സംവരണം 32% ആയി പുഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.