നിങ്ങൾ ഇടയ്ക്ക് മറന്ന് പോകുന്നു, ഞങ്ങളാണ് സംഘപരിവാർ; കേജരിവാളിനെ ട്രോളി സന്ദീപ് വാര്യർ
Wednesday, October 26, 2022 7:25 PM IST
ന്യൂഡൽഹി: കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. ഞങ്ങളാണ് സംഘപരിവാർ, നിങ്ങൾ ആം ആദ്മിയാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ഫേസ്ബുക്കിലായിരുന്നു സന്ദീപിന്റെ പ്രതികരണം. "നിങ്ങൾ ഇടയ്ക്ക് മറന്ന് പോകുന്നു, ഞങ്ങളാണ് സംഘപരിവാർ, നിങ്ങൾ ആം ആദ്മിയാണ്'- എന്നായിരുന്നു ബിജെപി മുൻ വക്താവിന്റെ കുറിപ്പ്.
നോട്ടുകളിൽ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നായിരുന്നു കേജരിവാളിന്റെ അഭ്യർഥന. മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേർക്കുന്നത് ഇന്ത്യക്ക് അഭിവൃദ്ധി കൊണ്ടുവരുമെന്നും ആംആദ്മി പാർട്ടി കൺവീനർ കൂടിയായ കേജരിവാൾ പറഞ്ഞു.
കറൻസി നോട്ടുകൾ പൂർണമായി മാറ്റാനല്ല താൻ ആവശ്യപ്പെടുന്നതെന്നും പകരം ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ കറൻസി നോട്ടുകൾ വേണമെന്നാണ് അഭ്യർഥിക്കുന്നത്. എല്ലാ ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നു. അപ്പോൾ ഈ ചിത്രങ്ങൾ ചേർക്കാം. രണ്ടു ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇന്തോനേഷ്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്. അതിൽ 2-3 ശതമാനം ഹിന്ദുക്കൾ മാത്രമേ ഉള്ളു. അവരുടെ കറൻസിയിൽ ഗണേശിന്റെ ചിത്രമുണ്ട്. ഇന്തോനേഷ്യക്ക് ചെയ്യാൻ കഴിയുമ്പോൾ എന്തുകൊണ്ട് നമ്മൾക്ക് ചെയ്യാൻ കഴിയില്ലെന്നും കേജരിവാൾ ചോദിച്ചു.