വാടക ഗര്‍ഭധാരണം: നയൻതാരയും വിഗ്നേഷും കുറ്റക്കാരല്ല, ആശുപത്രിക്ക് നോട്ടീസ്
Wednesday, October 26, 2022 6:52 PM IST
ചെന്നൈ: വാടക ഗര്‍ഭധാരണം സംബന്ധിച്ച കേസിൽ സിനിമാതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനും കുറ്റക്കാരല്ലെന്ന് അന്വേഷണ റിപ്പോർട്ട്. നയൻതാരയ്ക്കും വിഗ്നേഷിനും വീഴ്ചയുണ്ടായിട്ടില്ലെന്നും അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു.
തമിഴ്നാട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ സമിതിയാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് ബുധനാഴ്ച വൈകുന്നേരം സർക്കാർ പുറത്തുവിട്ടു.
നയൻതാരയും വിഗ്നേഷും 2016 ൽ ആണ് വിവാഹിതരായത്. അതിനാൽ തന്നെ വാടക ഗർഭധാരണത്തിന് കാത്തിരിക്കേണ്ട കാലയളവ് പിന്നിട്ടെന്നും സമിതി കണ്ടെത്തി. വാടക ഗര്‍ഭധാരണത്തിനായി മുന്നോട്ട് വന്ന സ്ത്രീയും നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, കൃത്രിമ ഗർഭധാരണ നടപടിക്രമങ്ങൾ നടത്തിയ സ്വകാര്യ ആശുപത്രി ഗുരുതര വീഴ്ച വരുത്തിയെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. വാടക ഗർഭം സംബന്ധിച്ച ചികിത്സാ രേഖകള്‍ ആശുപത്രി സൂക്ഷിച്ചിട്ടില്ല. ഐസിഎംആറിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്നും അന്വേഷണ സമിതി കണ്ടെത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അടച്ചൂപൂട്ടാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്കു നോട്ടിസ് നൽകി.
വാടക ഗര്‍ഭധാരണത്തിനു റഫര്‍ ചെയ്ത നയന്‍താരയുടെ കുടുംബ ഡോക്ടര്‍, വിദേശത്തേക്കു കടന്നതിനാല്‍ ഡോക്ടറെ ചോദ്യം ചെയ്യാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 നവംബറിലാണ് വിഗ്നേഷ് ശിവനും നയന്‍താരയും വാടക ഗര്‍ഭധാരണത്തിനായി യുവതിയുമായി കരാറില്‍ ഒപ്പിട്ടത്. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.