നിരോധനം ഫലം കണ്ടു: ദീപാവലിക്ക് കത്തിച്ച പടക്കങ്ങളിൽ ഗണ്യമായ കുറവ്
Wednesday, October 26, 2022 4:04 AM IST
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കു മുന്നോടിയായി പടക്കങ്ങൾ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത് ഫലം കണ്ടുവെന്ന് ഡൽഹി പരിസ്ഥി മന്ത്രി ഗോപാൽ റായ്. പടക്കങ്ങൾ കത്തിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ഇത്തവണ ദീപാവലിക്ക് കത്തിച്ച പടക്കങ്ങളിൽ 30 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
സാധാരണയായി ദീപാവലി ആഘോഷങ്ങളെ തുടർന്ന് അപകടകരമാകുന്ന അന്തരീക്ഷ വായു നിലവാര സൂചിക ഇത്തവണ താരതമ്യേന മെച്ചപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞ വർഷം ദീപാവലിയുടെ തൊട്ടടുത്ത ദിവസം 460ന് മുകളിൽ എത്തിയിരുന്ന അന്തരീക്ഷ വായു നിലവാര സൂചിക (എക്യൂഐ ഇൻഡക്സ്) ഇത്തവണ 323ൽ മാത്രമാണ് എത്തിയത്.
എക്യൂഐ ഇൻഡക്സ് അനുസരിച്ച് ഇത് അനാരോഗ്യകരമാണെങ്കിലും കഴിഞ്ഞ അഞ്ച് വർഷങ്ങളെ അപേക്ഷിച്ച് ദീപാവലിക്ക് തൊട്ടടുത്ത ദിവസം രേഖപ്പെടുത്തിയ ഏറ്റവും മെച്ചപ്പെട്ട സൂചികയാണിത്.