പടക്കം പൊട്ടിക്കുന്നത് എതിർത്തു; യുവാവിനെ കുട്ടികൾ കൊലപ്പെടുത്തി
Tuesday, October 25, 2022 12:26 AM IST
മുംബൈ: ചില്ല് ഗ്ലാസില്‍ വച്ച് പടക്കം പൊട്ടിക്കുന്നതിനെ എതിര്‍ത്ത യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. മൂന്ന് കുട്ടികള്‍ ചേര്‍ന്നാണ് കൊലനടത്തിയത്.
12,14,15 വയസുള്ളവരാണ് കേസിലെ പ്രതികള്‍. 21കാരനായ സുനില്‍ നായിഡു എന്നയാളാണ് കൊല്ലപ്പെട്ടത്.
കൊലപാതകവുമായി ബന്ധപ്പെട്ട് 14,15 വയസുള്ള കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. 12 വയസുകാരന് ഒളിവിലാണ്.
ശിവാജി നഗറിലെ പരേഖ് കോമ്പൗണ്ടില്‍ വച്ചാണ് സംഭവം. 12കാരനായ കുട്ടി ചില്ല് ഗ്ലാസിനുള്ളില്‍ വച്ച് പടക്കം പൊട്ടിക്കുന്നത് സുനില്‍ നായിഡു എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
ഈ സമയം സ്ഥലത്ത് പ്രതിയുടെ സഹോദരനായ 15 വയസുകാരനും സുഹൃത്തായ 14 വയസുകാരനും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് സുനില്‍ നായിഡുവിനെ മര്‍ദിച്ചു.
ഇതിനിടെ 15 വയസുകാരന് സുനില്‍ നായിഡുവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ രാജവാഡി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
പോലീസ് രണ്ടുപേരെ പിടിച്ചുവെങ്കിലും 12കാരന് ഇപ്പോഴും ഒളിവിലാണ്. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.