സർക്കാർ ജീവനക്കാരുടെ പണിമുടക്ക്: കൊല്ലത്തെ സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കി, പ്രതിഷേധം
Wednesday, January 22, 2025 12:05 PM IST
തിരുവനന്തപുരം: ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് തുടങ്ങി. ഭരണമുന്നണിയുടെ ഭാഗമായ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന്റെ നേൃത്വത്തിലുള്ള സർവീസ് സംഘടനകളുമാണ് പണിമുടക്ക് നടത്തുന്നത്. കോൺഗ്രസ് അനുകൂല സംഘടനയായ സെറ്റോയും സിപിഐ അനുകൂല സംഘടയായ അധ്യാപക സർവീസ് സംഘടന സമരസമിതിയുമാണ് പ്രധാനമായും പണിമുടക്കുന്നത്.
എറണാകുളത്തും വയനാട്ടിലും കളക്ടറേറ്റുകൾക്ക് പോലീസ് സംരക്ഷണമൊരുക്കി. കൊല്ലത്ത് സര്ക്കാര് ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി ജോയിന്റ് കൗൺസിൽ നിർമിച്ച പന്തൽ പൊലീസ് പൊളിപ്പിച്ചു. കൊല്ലം കളക്ടറേറ്റ് പ്രധാന കവാടത്തിന് എതിർവശത്താണ് പന്തൽ ഒരുക്കിയത്.
ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് പന്തൽ പൊളിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം സ്ഥിരമായി സമരപ്പന്തൽ കെട്ടുന്ന സ്ഥലത്താണ് തങ്ങൾ പന്തൽ കെട്ടിയതെന്നും സമരം തകർക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് നടപടിയെന്നും ജോയിന്റ് കൗൺസിൽ ആരോപിച്ചു.
എറണാകുളം കളക്ടറേറ്റിനു മുന്നിൽ സിപിഐ അധ്യാപക സംഘടനയുടെ പ്രതിഷേധം തുടങ്ങി. ആരും ജോലിക്ക് എത്തില്ലെന്ന് കോൺഗ്രസ് അനുകൂല സംഘനയും വ്യക്തമാക്കുന്നു. കളക്ടറേറ്റിൽ പോലീസിനെ വിന്യസിച്ചു. വയനാട് കോൺഗ്രസ്-സിപിഐ സർവീസ് സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ സിപിഎം അനുകൂല സർവീസ് സംഘടനകളുടെ നേതാക്കളും സംഘടിച്ചു. തുടർന്ന് വയനാട് കളക്ടറേറ്റിന് മുന്നിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി.
സമരത്തെ തുടർന്ന് സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ ഹാജർനില കുറഞ്ഞു. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കണം എന്നതാണ് സമരസമിതിയുടെ പ്രധാന ആവശ്യം.
പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശികകൾ പൂർണമായും അനുവദിക്കണം, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കണം, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സർക്കാർ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുമെന്ന് ഉത്തരവിൽ പറയുന്നു.