ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ 70.994 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ
Wednesday, January 22, 2025 12:27 AM IST
കൽപ്പറ്റ: വയനാട് ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ 70.994 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശി അൻഷിഫ് (22), മലപ്പുറം കാളികാവ് സ്വദേശി റിഷാൽ ബാബു എം (22) എന്നിവരാണ് പിടിയിലായത്.
കാറിൽ കടത്തിക്കൊണ്ട് വന്ന മെത്താംഫിറ്റമിനുമായാണ് യുവാക്കൾ പിടിയിലായത്. മാനന്തവാടി എക്സൈസ് റേഞ്ച് സംഘവും ബാവലി എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്.
മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.ജിനോഷ് , പി .കെ. ചന്ദു , സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. ശിവൻ , മിഥുൻ, കെ.എം. മഹേഷ് , കെ .സി. അരുൺ , കെ .സജിലാഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.