ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: ആറാട്ടുപുഴ സ്വദേശി മരിച്ചു
Sunday, December 29, 2024 1:14 AM IST
ഹരിപ്പാട്: തൃക്കുന്നപ്പുഴ വലിയഴിക്കൽ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറാപുഴ സ്വദേശി മരിച്ചു. മംഗലം മനയിൽ വീട്ടിൽ പരേതനായ അനിരുദ്ധന്റെ മകൻ അനീഷാണ് (43) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. കുറിച്ചിക്കൽ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. അനീഷിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങിന്റെ ഒരുക്കങ്ങൾക്കായി തൃക്കുന്നപ്പുഴയിൽ നിന്നും സാധനങ്ങൾ വാങ്ങി ബന്ധുവിനോടൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം.
വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയാൻ തുടങ്ങുമ്പോൾ അതേ ദിശയിൽ വന്ന ബൈക്ക് പിന്നിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന അനീഷിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ബൈക്ക് ഓടിച്ച മംഗലം ആലുമ്മൂട്ടിൽ വടക്കതിൽ റജി (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനായ നേരേശ്ശേരിൽ ഹസൈനും (20) പരിക്കേറ്റു. അനീഷിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവറായ അനീഷ് അവിവാഹിതനാണ്. സഹോദരൻ: ശിവൻ.