മദ്യനയ അഴിമതിക്കേസ്: കേജരിവാളിന്റെ അപ്പീലില്‍ അന്തിമവാദം ഇന്ന്
Thursday, May 16, 2024 8:33 AM IST
ന്യൂഡല്‍ഹി: മദ്യനയ അഴിമതക്കേസിലെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആണ് ഹര്‍ജിയില്‍ അന്തിമ വാദം കേള്‍ക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ് കേജരിവാളിന്റെ വാദം. 2023ലെ പങ്കജ് ബന്‍സാല്‍ കേസിലെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണിതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് എന്നാണ് ഇഡി നിലപാട്.
മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ കേജരിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കേജരിവാള്‍ പുറത്തിറങ്ങിയത്.
ജൂണ്‍ ഒന്നുവരെയാണ് ജാമ്യം. രണ്ടിന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ ജാമ്യം നല്‍കണമെന്നായിരുന്നു കേജരിവാളിനായി ഹാജരായ അഭിഭാഷകന് മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.