ഇന്ത്യൻ പ്രീമിയർ ലീഗ് : ഹെൻറിച്ച് ക്ലാസനെ 23 കോടി ; വിരാട് കോഹ്ലി 21 കോടി
Friday, November 1, 2024 12:18 AM IST
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മെഗാ താര ലേലത്തിനു മുന്‍പ് ഓരോ ടീമും നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു.
ഒരു അണ്‍ക്യാപ്ഡ് കളിക്കാരൻ ഉൾപ്പെടെ പരമാവധി ആറു താരങ്ങളെയാണ് 10 ടീമുകൾക്കും നിലനിർത്താൻ സാധിക്കുക. ഇന്നലെ വൈകുന്നേരം 5.30 ആയിരുന്നു നിലനിർത്തുന്ന കളിക്കാരുടെ പട്ടികയും അവർക്കുള്ള പ്രതിഫലവും പ്രഖ്യാപിക്കാനുള്ള അന്തിമ സമയം.
2024 ഐപിഎൽ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസും ആറു കളിക്കാരെ വീതം നിലനിർത്തി. ഏറ്റവും കുറവു കളിക്കാരെ നിലനിർത്തിയ ടീം പഞ്ചാബ് കിംഗ്സാണ്. രണ്ടു കളിക്കാരെ മാത്രമാണ് പഞ്ചാബ് നിലനിർത്തിയത്.
ക്ലാസനു 23 കോടി, കോഹ്ലിക്ക് 21
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഹെൻറിച്ച് ക്ലാസനാണ് നിലനിർത്തിയ കളിക്കാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചിരിക്കുന്നത്. സണ്‍റൈസേഴ്സ് 23 കോടി രൂപ മുടക്കി ക്ലാസനെ 2025 സീസണിനു മുന്നോടിയായി നിലനിർത്തി. അതേസമയം, 2024 താര ലേലത്തിൽ 20.50 കോടി രൂപ മുടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ ഓസീസ് പേസർ പാറ്റ് കമ്മിൻസിനെ 18 കോടിക്ക് ഇത്തവണ നിലനിർത്തിയതും ശ്രദ്ധേയം.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിരാട് കോഹ്ലിയാണ് നിലനിർത്തപ്പെട്ട കളിക്കാരിൽ പ്രതിഫലത്തിൽ രണ്ടാമത്. 21 കോടി രൂപയ്ക്കാണ് ആർസിബി കോഹ്ലിയെ നിലനിർത്തിയത്. മുൻസീസണുകളിൽ ആർസിബിയുടെ നായകനായ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയെ നിലനിർത്തിയില്ല. ലക്നോ സൂപ്പർ ജയന്റ്സ് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാനെ 21 കോടി രൂപയ്ക്കു നിലനിർത്തിയിട്ടുണ്ട്. അതേസമയം, ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ലക്നോ നിലനിർത്തിയില്ലെന്നതും ശ്രദ്ധേയം.
സഞ്ജു, യശസ്വി 18 കോടി; ബട്ലർ ഔട്ട്
ഇന്ത്യൻ ടീമിനെ ഐസിസി 2024 ട്വന്റി-20 ലോകകപ്പ് കിരീടത്തിലെത്തിച്ച മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് തന്ത്രമൊരുക്കുന്ന രാജസ്ഥാൻ റോയൽസ് നിലനിർത്തിയ കളിക്കാരുടെ പട്ടികയും ശ്രദ്ധേയം. മലയാളി വിക്കറ്റ് കീപ്പറും ടീമിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിനെയും യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനെയും 18 കോടി രൂപ വീതം മുടക്കി രാജസ്ഥാൻ നിലനിർത്തി. എന്നാൽ, ഇംഗ്ലീഷ് വെടിക്കെട്ട് ഓപ്പണർ ജോസ് ബട്ലറിനെ രാജസ്ഥാൻ നിലനിർത്തിയില്ല.
ധോണി നാലു കോടി
ചെന്നൈ സൂപ്പർ കിംഗ്സ് വെറ്ററൻ താരം എം.എസ്. ധോണി ഉൾപ്പെടെ അഞ്ചു കളിക്കാരെയാണ് നിലനിർത്തിയത്. അണ്‍ക്യാപ്ഡ് കളിക്കാരുടെ പട്ടികയിലുൾപ്പെടുത്തി നാലു കോടി രൂപയ്ക്ക് ധോണിയെ ചെന്നൈ നിലനിർത്തി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനാണ് (18 കോടി) നിലനിർത്തപ്പെട്ട കളിക്കാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം.
രോഹിത്, ഹാർദിക്
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും മുൻ ക്യാപ്റ്റൻ രോഹിത് ശർമയെയും നിലനിർത്തി. ഏറ്റവും കൂടുതൽ പ്രതിഫലത്തോടെ നിലനിർത്തപ്പെട്ടത് പേസർ ജസ്പ്രീത് ബുംറയെയാണ്, 18 കോടി. സൂര്യകുമാർ യാദവിനും ഹാർദിക് പാണ്ഡ്യക്കും 16.35 കോടി വീതവും രോഹിത് ശർമയ്ക്ക് 16.30 കോടിയും നൽകി മുംബൈ നിലനിർത്തി.