കോഹ്ലി ആർസിബി ക്യാപ്റ്റൻ?
Wednesday, October 30, 2024 10:03 PM IST
ബംഗളൂരു: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷനിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സൂപ്പർ താരം വിരാട് കോഹ്ലി നയിച്ചേക്കും എന്നു സൂചന. 2025 മെഗാ താര ലേലത്തിൽ ആർസിബി നിലവിലെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിയെ റിലീസ് ചെയ്യുമെന്നും അതോടെ ഓട്ടോമാറ്റിക്കായി കോഹ്ലി നായക സ്ഥാനത്തേക്ക് എത്തുമെന്നുമാണ് റിപ്പോർട്ട്.
ഐപിഎല്ലിൽ ഇതുവരെ ട്രോഫി നേടാൻ സാധിക്കാത്ത ടീമാണ് ആർസിബി. 2008ലെ പ്രഥമ ഐപിഎൽ മുതൽ ആർസിബിക്ക് ഒപ്പം വിരാട് കോഹ്ലിയുണ്ട്. 2013ൽ കോഹ്ലി റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടിരുന്നു.
എന്നാൽ, 2022 ഐപിഎല്ലിനു തൊട്ടുമുന്‍പായി ആർസിബി ക്യാപ്റ്റൻ സ്ഥാനത്തുനിന്നു കോഹ് ലി സ്വമേധയാ പടിയിറങ്ങി. തുടർന്ന് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തിലാണ് ആർബിസി കളത്തിലെത്തുന്നത്.
142 മത്സരങ്ങളിൽ കോഹ്ലി ആർസിബിയെ നയിച്ചിട്ടുണ്ട്. അതിൽ 66 മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ജയിച്ചു, 70 മത്സരങ്ങളിൽ പരാജയപ്പെട്ടു. 2024 ഐപിഎൽ സീസണിൽ 15 മത്സരങ്ങളിൽ 741 റണ്‍സ് നേടിയ വിരാട് കോഹ്ലിയായിരുന്നു ടോപ് സ്കോററിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.