മെസി v/s റൊണാൾഡോ
Wednesday, October 30, 2024 10:03 PM IST
2023 ജനുവരി ഒന്നിനാണ് അൽ നസർ എഫ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയത്. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് പിണങ്ങിപ്പിരിഞ്ഞ് സൗദിയിലേക്കു ചേക്കേറുകയായിരുന്നു.
175 മില്യണ് പൗണ്ട് (1916 കോടി രൂപ) വാർഷിക പ്രതിഫലത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിനുവേണ്ടി കളിക്കുന്നത്. എന്നാൽ, ഇതുവരെ ഒരു സുപ്രധാന ട്രോഫി ടീമിനു സമ്മാനിക്കാൻ സിആർ7നു സാധിച്ചില്ല. 2023 അറബ് ക്ലബ് ചാന്പ്യൻസ് കപ്പ് മാത്രമാണ് റൊണാൾഡോ എത്തിയശേഷം അൽ നസർ സ്വന്തമാക്കിയത്.
അതേസമയം, 2023 ജൂലൈയിൽ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്കു ചേക്കേറിയ അർജന്റൈൻ ഇതിഹാസവും സിആർ7ന്റെ ചിരവൈരിയുമായ ലയണൽ മെസി ഇതിനോടകം ക്ലബ്ബിനെ രണ്ടു ട്രോഫികളിലെത്തിച്ചു. 2023 ലീഗ്സ് കപ്പും 2024 എംഎൽഎസ് സപ്പോർട്ടേഴ്സ് ഷീൽഡും.
എന്തുകൊണ്ട് മെസി
മെസിക്ക് എന്തുകൊണ്ട് ഇന്റർ മയാമിയിൽ ട്രോഫി സ്വന്തമാക്കാൻ സാധിച്ചു എന്നതിന് ഒരുത്തരം മാത്രം. മെസി ഇന്റർ മയാമിയിൽ ഒറ്റയ്ക്കല്ല. ഇന്റർ മയാമിയിൽ എത്തിയശേഷം മെസി, തന്റെ സുഹൃത്തുക്കളായ സെർജിയൊ ബുസ്ക്വെറ്റ്സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് തുടങ്ങിയ പ്രമുഖരെ ഇന്റർ മയാമിയിൽ എത്തിച്ചു.
മധ്യനിരയിലും പ്രതിരോധത്തിലും ആക്രമണത്തിലും ഈ നാൽവർ സംഘത്തിന്റെ ഇടപെടൽ വ്യക്തം. 2024 സീസണിൽ ലൂയിസ് സുവാരസ് 28 മത്സരങ്ങളിൽ 21 ഗോൾ സ്വന്തമാക്കി. മെസി 20 മത്സരങ്ങളിൽ 20 ഗോളും 11 അസിസ്റ്റും.
അതേസമയം, അൽ നസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒറ്റയ്ക്കാണ്. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ സഫലമാക്കാൻ കഴിവുള്ള സുഹൃത്തുക്കൾ കളത്തിൽ ഇല്ല.
2024-25 സീസണ് സൗദി പ്രൊ ലീഗിൽ എട്ടു മത്സരങ്ങളിൽനിന്ന് 18 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അൽ നസർ. റൊണാൾഡോ എത്തിയശേഷമുള്ള ആദ്യ സുപ്രധാന ട്രോഫിക്കായുള്ള അൽ നസറിന്റെ കാത്തിരിപ്പ് നീളുകയാണ്.