വംശീയതയ്ക്കെതിരേ പോരാട്ടം തുടരും: വിനീഷ്യസ് ജൂണിയർ
Tuesday, October 29, 2024 11:44 PM IST
ബലോണ്‍ ദോർ അവാർഡിൽനിന്ന് തന്നെ തഴഞ്ഞതിലുള്ള പ്രതികരണവുമായി വിനീഷ്യസ് ജൂണിയർ. “എനിക്ക് ചെയ്യേണ്ടി വന്നാൽ ഞാൻ ഇത് 10 തവണ കൂടി ചെയ്യും.
എങ്കിലും അവർ തയാറല്ല.” (I'll do it 10x if I have to. They're not ready.) വിനീഷ്യസ് ജൂണിയർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പത്ത് തവണ എന്നതുകൊണ്ട് എന്താണ് താരം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. വംശീയ വേർതിരിവിനെതിരേയുള്ള പോരാട്ടം ഇനിയും തുടരുമെന്ന് വിനീഷ്യസ് വ്യക്തമാക്കി.
ഗോൾ നേടുന്നത് തുടരും, ട്രോഫികൾ നേടും. നിറത്തിന്റെ പേരിലുള്ള വംശീയ അധിക്ഷേപങ്ങൾക്കെതിരേ സംസാരിക്കും ഇതൊക്കെയായിരിക്കും ഈ വാക്കുകൊണ്ട് ഉദ്ദേശിച്ചതെന്നാണ് നിരീക്ഷകർ പറയുന്നത്. ഈ സന്ദേശം വംശീയവെറിക്കെതിരേയുള്ളതാണെന്ന് താരവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
വംശീയ വേർതിരിവിനെതിരേയുള്ള വിനീഷ്യസിന്റെ പ്രതികരണമാണ് പുരസ്കാരം നേടുന്നതിൽനിന്ന് അദ്ദേഹത്തെ മാറ്റിനിർത്തിയതെന്നും താരത്തിന്റ മാനേജ്മെന്റ് വ്യക്തമാക്കി. റയൽ മാഡ്രിഡിനൊപ്പം ലാ ലീഗ, ചാന്പ്യൻസ് ലീഗ്, സൂപ്പർ കോപ്പ തുടങ്ങിയവയാണ് വിനീഷ്യസിന്റെ നേട്ടം.
കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിൽനിന്നുമായി 24 ഗോളുകളും 11 അസിസ്റ്റുകളും വിനീഷ്യസിന്റെ പേരിലുണ്ട്. ചാന്പ്യൻസ് ലീഗ് ഫൈനലിലും സൂപ്പർ കോപ്പ ഫൈനലിലും ഗോൾ നേടി.
എന്നാൽ ബലോണ്‍ ദോർ പുരസ്കാരം നൽകുന്ന ഫ്രഞ്ച് മാഗസിനായ ഫ്രാൻസ് ഫുട്ബോളിന്റെ റാങ്കിംഗിൽ വിനിഷ്യസിനെ മറികടന്ന് റോഡ്രി ജേതാവാകുകയായിരുന്നു.
വിനീഷ്യസിന് പുരസ്കാരം നഷ്ടപ്പെടുമെന്ന് നേരത്തെ സൂചന ലഭിച്ചതിനാൽ റയൽ മാഡ്രിഡിൽനിന്ന് ആരുംതന്നെ ചടങ്ങിൽ പങ്കെടുത്തില്ല. 2007ൽ കാക്കാ ബലേണ് ദോർ നേടിയശേഷം ബ്രസീലുകാർക്ക് ഇത് സ്വന്തമാക്കാനായിട്ടില്ല.
വിനീഷ്യസിന് പുരസ്കാരം നല്‍കാത്തതിൽ വലിയ ആരോപണങ്ങളും പ്രതിഷേധങ്ങളുമാണ് ഫ്രഞ്ച് മാസികയ്ക്കെതിരേ ഉണ്ടാകുന്നത്. ബ്രസീലിയൻ സ്ട്രൈക്കർക്കു പിന്തുണയുമായി സഹതാരങ്ങളും മുൻ ബ്രസീലിയൻ കളിക്കാരും രംഗത്തെത്തി.