സ്മൃതി സെഞ്ചുറിയിൽ ഇന്ത്യ
Tuesday, October 29, 2024 11:44 PM IST
അഹമ്മദാബാദ്: വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയതിനുശേഷം ഇന്ത്യാ സന്ദർശനത്തിനെത്തിയ ന്യൂസിലൻഡിന് ഏകദിന പരന്പരയിൽ തോൽവി. സ്മൃതി മന്ദാനയുടെ സെഞ്ചുറി മികവിൽ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചു.
ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരന്പര 2-1ന് സ്വന്തമാക്കി. എട്ടാം ഏകദിന സെഞ്ചുറി നേടിയ സ്മൃതി ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്ററെന്ന റിക്കാർഡ് സ്വന്തമാക്കി. ഏഴു സെഞ്ചുറിയുള്ള മുൻ ഇന്ത്യൻതാരം മിതാലി രാജാണ് രണ്ടാമത്.
100 റണ്‍സ് നേടിയ സ്മൃതിക്ക് അർധ സെഞ്ചുറിയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (66) മികച്ച പിന്തുണ നൽകി.
ടോസ് നേടി ബാറ്റ് ചെയ്ത ന്യൂസിലൻഡ് 49.5 ഓവറിൽ 232 റണ്‍സിന് എല്ലാവരും പുറത്തായി. 86 റണ്‍സ് നേടിയ ബ്രൂക്ക് ഹാലിഡെ ടോപ് സ്കോററായി. ദീപ്തി ശർമ മൂന്നും പ്രിയ മിശ്ര രണ്ടും വിക്കറ്റുകൾ വീഴ്ത്തി. രേണുക സിംഗ്, സെയ്മ താക്കൂർ എന്നിവർ ഒരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ സ്കോർബോർഡിൽ 16 റണ്‍സുള്ളപ്പോൾ ഷഫാലി വർമയെ (12) നഷ്ടമായി. പിന്നീട് സ്മൃതി-യാസ്തിക ഭാട്യ കൂട്ടുകെട്ടിൽ 76 റണ്‍സ് പിറന്നു. ഭാട്യയെ (35) സേഫി ഡെവിൻ പുറത്താക്കി.
മൂന്നാം വിക്കറ്റിൽ ഒരുമിച്ച സ്മൃതി-ഹർമൻപ്രീത് കൗർ സഖ്യം കൂടുതൽ നഷ്ടമൊന്നും വരുത്താതെ ഇന്ത്യയെ ജയത്തിലേക്കു നയിച്ചു. സെഞ്ചുറി നേടിയതിനു പിന്നാലെ ഇന്ത്യൻ ഓപ്പണറെ ഹന്ന റോവ് ക്ലീൻ ബൗൾഡാക്കി. 121 പന്തിൽ 10 ഫോറുകളുടെ അകന്പടിയിലാണ് സ്മൃതി സെഞ്ചുറിയിലെത്തിയത്. ഹർമൻപ്രീത് (66), ജെമിമ റോഡ്രിഗസ് (11) എന്നിവർ പുറത്താകാതെ നിന്നു.