അടിതെറ്റാതെ കേരളം
Tuesday, October 29, 2024 12:38 AM IST
കോൽക്കത്ത: ബംഗാളിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ കേരളത്തിന്, ഒടുവിൽ രക്ഷകനായി ജലജ് സക്സേന. തകർപ്പൻ അർധസെഞ്ചറിയുമായി ബംഗാൾ ആക്രമണത്തെ ചെറുത്തുനിൽക്കുന്ന ജലജ് സക്സേനയുടെയും സൽമാൻ നിസാറിന്റെയും മികവിൽ കേരളം ഭേദപ്പെട്ട സ്കോറിലെത്തി.
മൂന്നാം ദിനം സ്റ്റംപ് എടുക്കുന്പോൾ 102 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 267 റണ്‍സ് എന്ന നിലയിലാണ് കേരളം. 84 റണ്‍സ് നേടിയ ജലജ് സക്സേനയെയാണ് ചായയ്ക്കുശേഷം കേരളത്തിനു നഷ്ടമായത്. സൽമാൻ നിസാർ (64), മുഹമ്മദ് അസ്ഹറുദിൻ (30) എന്നിവരാണ് ക്രീസിൽ.
കനത്ത മഴയെത്തുടർന്ന് ആദ്യ ദിനം പൂർണമായും നഷ്ടമായി. രണ്ടാം ദിനം മഴയെത്തുടർന്ന് 15 ഓവർ മാത്രം എറിഞ്ഞപ്പോൾ നാലു വിക്കറ്റിന് 51 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. വിക്കറ്റ് നഷ്ടമില്ലാതെ 33 റണ്‍സുമായി മികച്ച തുടക്കം നേടിയശേഷമായിരുന്നു കേരളത്തിന്റെ ബാറ്റിംഗ് തകർച്ച. ഓപ്പണർ വത്സൽ ഗോവിന്ദ് (30 പന്തിൽ അഞ്ച്), രോഹൻ എസ്. കുന്നുമ്മൽ (22 പന്തിൽ 23), ബാബ അപരാജിത് (0), ആദിത്യ സർവതെ (എട്ടു പന്തിൽ അഞ്ച്) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്.
മൂന്നാം ദിവസം മഴ മാറിനിന്നപ്പോൾ ബംഗാൾ ബൗളർമാർ കേരളത്തിനു വില്ലന്മാരായി. തലേന്നത്തെ സ്കോറിനോട് 32 റണ്‍സ് കൂടി ചേർത്തപ്പോൾ രണ്ടു വിക്കറ്റുകൾകൂടി വീണു. ഇതോടെ കേരളം ആറു വിക്കറ്റ് നഷ്ടത്തിൽ 83 റണ്‍സ് എന്ന നിലയിലേക്ക് പതിച്ചു.
പിന്നീട് ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ജലജ് സക്സേന-സൽമാൻ നിസാർ സഖ്യമാണ് കേരളത്തെ വൻ തകർച്ചയിൽനിന്ന് രക്ഷിച്ചത്. ഇരുവരും 140 റണ്‍സാണ് കേരള സ്കോർബോർഡിൽ എത്തിച്ചത്. 88-ാം ഓവറിന്റെ ആദ്യ പന്തിൽ സക്സേനയെ സുരജ് സിന്ധു ജയ്സ്വാൾ ക്ലീൻബൗൾഡാക്കുകയായിരുന്നു. 162 പന്തുകൾ നേരിട്ട സക്സേന, 12 ഫോറുകളോടെയാണ് 84 റണ്‍സെടുത്തത്.
205 പന്തുകൾ നേരിട്ടാണ് സൽമാൻ നിസാർ ആറു ഫോറുകൾ മാത്രം നേടിക്കൊണ്ട് 64 റണ്‍സ് നേടിയത്. സക്സേന പുറത്തായശേഷമെത്തിയ മുഹമ്മദ് അസ്ഹറുദിൻ സ്കോറിംഗ് വേഗത്തിലാക്കി. 48 പന്തുകളിൽ അഞ്ചു ഫോറുകളുടെ അകന്പടിയിലാണ് 30 റണ്‍സ് നേടിയത്.
ക്യാപ്റ്റൻ സച്ചിൻ ബേബി (65 പന്തിൽ 12), അക്ഷയ് ചന്ദ്രൻ (72 പന്തിൽ ആറു ഫോറുകളോടെ 31) എന്നിവരാണ് ഇന്നലെ കേരള നിരയിൽ പുറത്തായത്.
രണ്ടാം ദിനം മൂന്നു വിക്കറ്റ് പിഴുത ഇഷാൻ പോറലാണ് ഇരുവരെയും പുറത്താക്കിയത്. പോറൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. പ്രദീപ്ത പ്രമാണിക്കും സുരജ് സിന്ധു ജയ്സ്വാളും ഓരോ വിക്കറ്റും സ്വന്തമാക്കി.