പോയിന്റ് പങ്കിട്ട് ഇറ്റാലിയൻ ഡെർബി
Tuesday, October 29, 2024 12:38 AM IST
മിലാൻ: ഇറ്റലിയുടെ ഡെർബി എന്നറിയപ്പെടുന്ന ഇന്റർ മിലാൻ-യുവന്റസ് പോരാട്ടം ആവേശകരമായ സമനിലയിൽ അവസാനിച്ചു.
അവസാന മിനിറ്റിൽ വരെ ആവേശം നിലനിർത്തിയ ഇന്റർ മിലാൻ-യുവന്റസ് പോരാട്ടത്തിൽ എട്ടു ഗോളുകളാണ് പിറന്നത്. തോൽവി ഉറപ്പിച്ചുനിന്ന യുവന്റസിനെ കെനാൻ യിൽഡിസ് നേടിയ രണ്ടു ഗോളുകളാണ് 4-4ന്റെ സമനില നല്കിയത്.
ആദ്യ പകുതിയിൽ അഞ്ചു ഗോളുകളാണ് പിറന്നത്. സീരി എയുടെ ചരിത്രത്തിൽ ആദ്യ പകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറക്കുന്നത് ആദ്യമായാണ്. ഇതിൽ മൂന്നെണ്ണം ഇന്റർ മിലാന്റെ വകയായിരുന്നു.
പീറ്റർ സിലിൻസ്കി 15-ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി ഇന്ററിനെ മുന്നിലെത്തിച്ചു. ഇതിനുള്ള മറുപടി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഡുസാൻ വ്ളാഹോവിച്ച് നൽകി. 26-ാം മിനിറ്റിൽ തിമോത്തി വിയ യുവന്റസിനെ ലീഡിലെത്തിച്ചു.
ലീഡ് അധികനേരം നിലനിർത്താൻ യുവന്റസിനായില്ല. ഹെൻറിക് മിഖിതരാൻ (35’) സമനിലയിലെത്തിച്ചു. 37-ാം മിനിറ്റിൽ സിലിൻസ്കി പെനാൽറ്റി വലയിലെത്തിച്ച് ഇന്ററിനെ ഒരിക്കൽക്കൂടി മുന്നിലെത്തിച്ചു.
53-ാം മിനിറ്റിൽ ഡെൻസിൽ ഡംഫ്രൈസ് ഇന്ററിന്റെ ലീഡ് രണ്ടാക്കി. മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ വലകുലുക്കിയ യിൽഡിസ് (71’) ഇന്ററിന്റെ ലീഡ് ചുരുക്കി. 82-ാം മിനിറ്റിൽ രണ്ടാം ഗോളും നേടിക്കൊണ്ട് പത്തൊന്പതുകാരൻ യുവന്റസിനെ തോൽവിയിൽനിന്നു രക്ഷിച്ചു.
ലീഗിൽ ഒന്പത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തോൽവി അറിയാത്ത ഏക ടീമും യുവന്റസാണ്. 18 പോയിന്റുമായി യുവന്റസ് രണ്ടാം സ്ഥാനത്തും 17 പോയിന്റുമായി ഇന്റർ മൂന്നാമതുമാണ്. നാപ്പോളിയാണ് (22 പോയിന്റ്) ഒന്നാമത്.