സ്കൂള്‍ കായികമേള: മഹാരാജാസ് ഗ്രൗണ്ട് ഉദ്ഘാടനവേദി
Tuesday, October 29, 2024 12:38 AM IST
കൊച്ചി: കൊച്ചി ആതിഥേയത്വം വഹിക്കുന്ന പ്രഥമ കേരള സ്കൂള്‍ കായികമേളയുടെ ഉദ്ഘാടനവേദിയില്‍ മാറ്റം. കലൂര്‍ സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന വേദി മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കു മാറ്റി. നവംബര്‍ നാലിന് വൈകുന്നേരം നാലിനാണ് ഉദ്ഘാടനച്ചടങ്ങ്. മൂവായിരത്തോളം കുട്ടികള്‍ അണിനിരക്കുന്ന കലാപരിപാടികള്‍ക്കുശേഷം ഉദ്ഘാടനം നടക്കും.
കലൂര്‍ സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ടര്‍ഫ് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാലാണു വേദിയില്‍ മാറ്റം വരുത്തേണ്ടിവന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി പങ്കുചേരുമെന്നതാണ് പ്രത്യേകത. 17 വേദികളിലായി 24,000 ഓളം കുട്ടികള്‍ മത്സരിക്കും.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് നല്കുന്ന മുഖ്യമന്ത്രിയുടെ ട്രോഫി മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാഭ്യാസ വകുപ്പിനു കൈമാറിയതായും മന്ത്രി അറിയിച്ചു.
പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് ടി.ജെ. വിനോദ് എംഎല്‍എ മീഡിയ റൂം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധി നവാസ് മീരാന്‍ എന്നിവരും പങ്കെടുത്തു.
വിജയികള്‍ക്കുള്ള കിരീടങ്ങൾ നിര്‍മിച്ചതും വിദ്യാര്‍ഥികള്‍
കൊച്ചി: കേരള സ്കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള കിരീടങ്ങൾ നിര്‍മിച്ചതു തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികളാണ്.
ഗ്രീസിലെ ഏഥന്‍സില്‍ ആദ്യമായി ഒളിമ്പിക്സ് ആവിഷ്കരിക്കപ്പെട്ടപ്പോള്‍ സമ്മാനമായി നല്കിയ ഒലിവ് ചില്ലയുടെ മാതൃകയിലുള്ള കിരീടത്തിന്റെ അതേ മാതൃകയിലാണു വിജയികള്‍ക്കുള്ള കിരീടവും മുത്തേടത്തെ സ്കൂള്‍ പ്രൊഡക്ഷന്‍ സെന്ററില്‍ നിര്‍മിച്ചത്.
കിരീട നിര്‍മാണത്തിനായി മാനേജ്മെന്റ് മൂന്നര ലക്ഷത്തോളം രൂപ മുടക്കി ഒരു യന്ത്രം വാങ്ങിയിരുന്നു. പ്രൊഡക്ഷന്‍ സെന്ററിന് സര്‍ക്കാര്‍ സഹായമായി 6.27 ലക്ഷം രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചു ലക്ഷം ഇതിനോടകം സെന്ററിന് കൈമാറി. ഒന്നും രണ്ടും സ്ഥാനക്കാര്ക്കുപുറമെ മേളയ്ക്കായി 5,700 കിരീടങ്ങളും ഇവര്‍ നിര്‍മിച്ചു. കടവന്ത്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കിരീടങ്ങൾ കൈമാറി.