എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്കു ജയം
Monday, October 28, 2024 12:01 AM IST
മാഡ്രിഡ്: ആക്രമണവും പ്രതിരോധവും എല്ലാം ഒത്തുചേർന്ന പഴയ ക്ലാസിക് ബാഴ്സലോണയെ സാന്റിയാഗോ ബർണാബുവിൽ കണ്ടു. സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ ബാഴ്സലോണയുടെ സർവ മേധാവിത്വത്തിനു മുന്നിൽ റയൽ മാഡ്രിഡിന് തലകുനിക്കേണ്ടിവന്നു.
പരിശീലകനായുള്ള ആദ്യ എൽക്ലാസിക്കോയിൽ മികച്ച തന്ത്രങ്ങളിലൂടെ റയലിനെ തകർത്ത് ബാഴ്സ പരിശീലകൻ ഹാൻസി ഫ്ളിക്കിന് എക്കാലവും ഓർത്തിരിക്കാനുള്ള വിജയമാണ് സാന്റിയാഗോ ബർണാബുവിൽ നേടിയത്. എന്നാൽ ആദ്യ എൽക്ലാസിക്കോയിൽ എട്ട് ഓഫ് സൈഡുകളുമായി കിലിയൻ എംബപ്പെയ്ക്ക് നിരാശ നൽകിയൊരു മത്സരവുമായിരുന്നു.
റയലിന്റെ സ്വന്തം കാണികളുടെ മുന്നിൽ, സാന്റിയാഗോ ബർണാബുവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ബാഴ്സലോണ വിജയക്കൊടി പാറിച്ചു.
ഇരട്ട ഗോൾ നേടിയ റോബർട്ട് ലെവൻഡോവ്സ്കി (54, 57) ഓരോ ഗോൾ വീതം നേടിയ ലാമിൻ യമാൽ (77’), റാഫിഞ്ഞ (84’) എന്നിവരുടെ ഗോളുകളാണ് ബാഴ്സയ്ക്കു ജയമൊരുക്കിയത്. ലാ ലിഗയിൽ തോൽവി അറിയാതെയുള്ള തുടർച്ചയായ 42 മത്സരങ്ങൾക്കുശേഷമാണ് റയൽ ആദ്യ പരാജയമേറ്റുവാങ്ങിയത്.
നാലു എൽക്ലാസിക്കോയിൽ തുടർച്ചയായ നാലു തോൽവികൾക്കുപിന്നാലെ 2023 മാർച്ചിനുശേഷം ബാഴ്സലോണയുടെ ആദ്യ ജയമാണ്. ജയത്തോടെ 30 പോയിന്റായ ബാഴ്സ ലീഗിൽ 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടാമതുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം ആറാക്കി ഉയർത്തി.
ഗോളുകൾ, റിക്കാർഡിൽ യമാൽ
ആദ്യ പകുതിയിൽ ഗോളുകൾ അകന്നു നിന്നപ്പോൾ രണ്ടാം പകുതിയിൽ തുടർച്ചയായ രണ്ടു ഗോളുകളിൽ ലെവൻഡോവ്സ്കി മത്സരം ബാഴ്സയുടേതാക്കി. രണ്ടു ഗോളുകളുമായി ഈ സീസണിൽ ലെവൻഡോവ്സിയുടെ ഗോളെണ്ണം 17ലെത്തി.
ലാ ലിഗയിൽ 14 ഗോളുകളുമായി ഒന്നാം സ്ഥാനത്താണ്. 54-ാം മിനിറ്റിൽ മാർക് കസാഡോയുടെ മികച്ച പാസിലാണ് പോളണ്ട് താരം ഗോൾ നേടിയത്. രണ്ടാം തവണ ഗോൾ നേടാൻ മൂന്നു മിനിറ്റ് കൂടിയേ വേണ്ടിവന്നുള്ളൂ.
ബാഴ്സയുടെ മൂന്നാം ഗോൾ നേടിയ യമാൽ എൽ ക്ലാസിക്കോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. 17 വയസും 106 ദിവസുമാണ് യമാലിന്റെ പ്രായം. റാഫിഞ്ഞ കൂടി ഗോൾ നേടി മാഡ്രിഡിന്റെ തകർച്ച പൂർത്തിയാക്കി.
ബാഴ്സയുടെ യുവശക്തി
ബാഴ്സലോണയുടെ അക്കാഡമിയിൽ കളിച്ചവളർന്ന അഞ്ചുപേരെയാണ് പരിശീലൻ ഹാൻസി ഫ്ളിക് ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയത്. മൂന്നു ദിവസം മുന്പ് ഇതേ സ്റ്റാർട്ടിംഗ് ഇലവണാണ് ബയേണ് മ്യൂണിക്കിനെ 4-1ന് തകർത്തത്. ബാഴ്സ ടീമിലെ ആദ്യ പതിനൊന്നിലെ ആറു പേരും 22 വയസിൽ താഴെയുള്ളവരായിരുന്നു.
ഓഫ് സൈഡ് കെണിയിൽ പെട്ട് റയൽ
ഫ്ളിക്കിന്റെ പ്രതിരോധതന്ത്രമാണ് റയലിനെ വലച്ചത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ അലാവ്സിനെതിരേ 11 തവണയാണ് ബാഴ്സ പ്രതിരോധം ഓഫ് സൈഡ് കെണിയൊരുക്കിയത്. എന്നാൽ റയലിനെതിരേ ഓഫ് സൈഡ് കെണിയുടെ എണ്ണം 12 ആക്കി ഉയർത്തി റിക്കാർഡ് കുറിച്ചു.
റയലിലെത്തിയശേഷം എല്ലാ മത്സരങ്ങളിലുമായി ഇതുവരെ എട്ടു ഗോൾ നേടിയ കിലിയൻ എംബപ്പെയ്ക്ക് നല്ല ഓർമകളല്ല ആദ്യ എൽ ക്ലാസിക്കോ സമ്മാനിച്ചത്. മത്സരത്തിലാകെ എടുത്ത മൂന്നു ഷോട്ടുകളും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ ബാഴ്സ പ്രതിരോധത്തിനു മുന്നിൽ പതറിയ എംബപ്പെയുടെ രണ്ടു ഗോളുകൾ ഓഫ് സൈഡിൽ കുരുങ്ങി. രണ്ടു തവണ സുവർണാവസരം നഷ്ടമാക്കി. ആദ്യ പകുതിയിൽ 11 ടച്ചുകൾ മാത്രമാണ് എംബപ്പെ നടത്തിയത്.
മത്സരത്തിൽ 12 തവണ റയൽ ഓഫ് സൈഡ് കെണിയിൽ കുടുങ്ങിയപ്പോൾ അതിൽ എട്ടിലും എംബപ്പെയാണ് ഇരയായത്. ഫ്രഞ്ച് താരത്തിന്റെ കരിയറിൽ ആദ്യമായാണ് ഒരു മത്സരത്തിൽ ഇത്രയും ഓഫ് സൈഡുകൾക്ക് ഇരയാകുന്നത്. അതിൽ ആറും ആദ്യ പകുതിയിലായിരുന്നു.
2009നുശേഷം ലാലിഗയിൽ ഏറ്റവും കൂടുതൽ ഓഫ് സൈഡ് വരുത്തിയ കളിക്കാരനെന്ന റിക്കാർഡിനൊപ്പമാണ് എംബപ്പെയെത്തിയത്. 2015 മേയിൽ അത്ലറ്റിക് ക്ലബ്ബിനെതിരേ എൽഷെയുടെ ജൊനാഥസ് നേടിയ റിക്കാർഡിനൊപ്പമാണ് ഫ്രഞ്ച് താരം.
ഈ സീസണിൽ പ്രധാന അഞ്ചു ലീഗുകളിൽ ആദ്യ പകുതിയിൽ തന്നെ ഏറ്റവും കൂടുതൽ ഓഫ് സൈഡ് വരുത്തിയ കളിക്കാരനെന്ന റിക്കാർഡും ഫ്രഞ്ച് താരത്തിനായി.
2003-04 ലാ ലിഗ സീസണുശേഷം ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ ഓഫ് സൈഡിൽ പെട്ട ടീമെന്ന സ്വന്തം റിക്കാർഡിൽ റയലെത്തി. 2013 മാർച്ചിൽ സെൽറ്റ വിഗോയ്ക്കെതിരേയാണ് ഇത്ര തന്നെ ഓഫ് സൈഡിൽ റയൽ പെട്ടത്.
എൽ-ആർ-വൈ ത്രയം
ബാഴ്സലോണയിൽ ഒരു കാലത്ത് മുന്നേറ്റനിരയിൽ എതിർ ടീമുകൾക്ക് പേടി സ്വപ്നമായി വിരാജിച്ച എം-എസ്-എൻ (മെസി-സുവാരസ്-നെയ്മർ) ത്രയം പോലെയായിരിക്കുകയാണ് ലെവൻഡോവ്ക്സി-റാഫിഞ്ഞ-യമാൽ ത്രയം ഈ സീസണിൽ പത്തോ അതിലധികമോ ഗോളുകൾക്കു നേരിട്ട് ഇടപെട്ടിട്ടുണ്ട്.
ലെവൻഡോവ്സ്കി (16), റാഫിഞ്ഞ (12), യമാൽ (11). ലെവൻഡോവ്സ്കി 14 ഗോളുകളുമായി മുന്നിൽനിൽക്കുന്പോൾ റാഫിഞ്ഞ (ആറു ഗോൾ), യമാൽ (അഞ്ചു ഗോൾ) ആദ്യ അഞ്ചിലുണ്ട്. അസിസ്റ്റിൽ ആറെണ്ണം വീതമായി യമാലും റാഫിഞ്ഞയുമാണ് ആദ്യ സ്ഥാനത്ത്.