തോറ്റു തുന്നംപാടി
Sunday, October 27, 2024 2:27 AM IST
പൂന: “ദേ, തോറ്റു തുന്നംപാടി വന്നിരിക്കുന്നു നിന്റെ മോൻ...” എന്ന സിനിമാ ഡയലോഗ് ഇപ്പോൾ ഏറ്റവും യോജിക്കുക രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനാണ്. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ 2012നുശേഷം സ്വന്തം മണ്ണിൽ പരന്പര കൈവിട്ടിരിക്കുന്നു. “പൊരിഞ്ഞ പോരാട്ടമായിരുന്നു” എന്ന സിനിമാ ഡയലോഗ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനു ചേരില്ല.
ന്യൂസിലൻഡിന്റെ പോരാട്ടത്തിൽ നിന്നു പൊരിഞ്ഞു എന്നു പരിഷ്കരിക്കേണ്ടിവരും. കാരണം, ആദ്യടെസ്റ്റ് നടന്ന ബംഗളൂരുവിലെ പേസ് പിച്ചിൽ കാർമേഘങ്ങൾക്കു താഴെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 46നു പുറത്ത്. പൂനയിലെ വരണ്ടതും സ്പിന്നിനെ തുണയ്ക്കുന്നതുമായ പിച്ചിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് എത്തിനിന്നത് 156ലും.
ബംഗളൂരുവിൽ എട്ടു വിക്കറ്റിനായിരുന്നു തോൽവിയെങ്കിൽ പൂനയിൽ 113 റണ്‍സിന് ഇന്ത്യ പരാജയം രുചിച്ചു. ന്യൂസിലൻഡുകാരോട് രണ്ടു തോൽവി വഴങ്ങിയ ഇന്ത്യൻ ടീം പറയുക മറ്റൊന്നുമല്ല, മൂന്നാം ടെസ്റ്റിനായി ഇനി മുംബൈയിൽ കാണാം, അതിനു മുന്‍പ് “നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടി” രോഹിത്തിനും സംഘത്തിനും രക്ഷാധികാരിയായ ഗൗതം ഗംഭീർ കൊടുക്കേണ്ടിവന്നേക്കുമെന്നു മാത്രം... അല്ലെങ്കിൽ ഇന്ത്യയുടെ ചെറുമകനായ രചിൻ രവീന്ദ്രയുടെ ന്യൂസിലൻഡുകാരോടുള്ള തോൽവിയുടെ ആഘാതം ഇനിയും കൂടിയേക്കും...
12 വർഷത്തിനുശേഷം പരന്പര നഷ്ടം
ഒരു വ്യാഴവട്ടത്തിനു ശേഷമാണ് ഇന്ത്യൻ ടീം സ്വന്തം മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റ് പരന്പര തോൽക്കുന്നത്. ന്യൂസിലൻഡിനെതിരേ പൂനയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 113 റണ്‍സിനു പരാജയപ്പെട്ടതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ 0-2നു പിന്നിലായി.
മൂന്നാം ടെസ്റ്റിൽ എന്തുതന്നെ സംഭവിച്ചാലും കിവീസ് ഇന്ത്യയിൽനിന്നു തിരികെ പറക്കുക പരന്പരനേട്ടവുമായി. 2012ൽ അലിസ്റ്റർ കുക്കിന്റെ നേതൃത്വത്തിലെത്തിയ ഇംഗ്ലണ്ടായിരുന്നു അവസാനമായി ഇന്ത്യയിൽ പരന്പര സ്വന്തമാക്കിയത്. നാലു മത്സര ടെസ്റ്റ് പരന്പര അന്ന് ഇംഗ്ലണ്ട് 2-1നു സ്വന്തമാക്കി. പിന്നീട് ഒരു ടീമിനും ഇന്ത്യയിൽ പരന്പര സ്വന്തമാക്കാൻ സാധിച്ചില്ല. ഇന്ത്യയുടെ സുവർണ കാലഘട്ടം അവസാനിച്ചോ എന്ന ആശങ്കയാണ് പൂന ടെസ്റ്റിലെ തോൽവിയോടെ ഉയർന്നിരിക്കുന്നത്. കാരണം, പൂനയിലെ സ്പിൻ പിച്ചിൽ മൂന്നുദിവസം പൂർത്തിയാകുന്നതിനു മുന്‍പ് ഇന്ത്യ തോൽവി വഴങ്ങി.
തോൽവിയിലും ജയ്സ്വാളിനു റിക്കാർഡ്
അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സ് എന്ന നിലയിൽ ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചാണ് പൂന ടെസ്റ്റിന്റെ മൂന്നാംദിനം തുടങ്ങിയത്. ക്രീസിലുണ്ടായിരുന്നത് ടോം ബ്ലണ്ടെലും (30*) ഗ്ലെൻ ഫിലിപ്സും (9*). മൂന്നാം ദിനം 57 റണ്‍സ് കൂടി ചേർക്കാൻ മാത്രമാണ് ന്യൂസിലൻഡിനു സാധിച്ചത്. ബ്ലണ്ടെൽ 41 റണ്‍സുമായി മടങ്ങി. ഫിലിപ്സ് 48 നോട്ടൗട്ടുമായി ക്രീസിൽ തുടർന്നു. രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും അശ്വിൻ ഒരു വിക്കറ്റും ഇന്നലെ വീഴ്ത്തിയപ്പോൾ കിവീസ് 255നു പുറത്ത്.
359 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തി ഇന്ത്യക്കുവേണ്ടി ഓപ്പണർ യശസ്വി ജയ്സ്വാൾ 65 പന്തിൽ 77 റണ്‍സ് നേടി. 2024 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഒന്‍പതു മത്സരങ്ങളിൽനിന്ന് 1056 റണ്‍സ് യശസ്വി സ്വന്തമാക്കി. ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന ഇന്ത്യക്കാരൻ എന്ന റിക്കാർഡ് യശസ്വിക്കു സ്വന്തം. 1979ൽ 13 ടെസ്റ്റിൽനിന്ന് 1047 റണ്‍സ് നേടിയ ഗുണ്ടപ്പ വിശ്വനാഥിന്റെ റിക്കാർഡ് ഇതോടെ പഴങ്കഥയായി.
ജയ്സ്വാൾ പുറത്ത്, ഇന്ത്യയും
മൂന്നു സിക്സും ഒന്‍പതു ഫോറും അടക്കം ആക്രമിച്ചു കളിച്ച യശസ്വി ജയ്സ്വാൾ പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഒരു വിക്കറ്റ് നഷ്ടത്തിൽ 81 റണ്‍സ് എന്ന നിലയിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇന്ത്യ, ഡ്രിങ്ക്സ് ആയപ്പോൾ 141/4 എന്ന അവസ്ഥയിലേക്കും ചായസമയത്ത് 178/7 എന്ന നിലയിലേക്കും കൂപ്പുകുത്തി.
ക്യാപ്റ്റൻ രോഹിത് ശർമ (8), ഋഷഭ് പന്ത് (0), സർഫറാസ് ഖാൻ (9) എന്നീ സ്പെഷലിസ്റ്റ് ബാറ്റർമാർ രണ്ടക്കം കണ്ടില്ല. ജയ്സ്വാളിനു ശേഷം രവീന്ദ്ര ജഡേജ (84 പന്തിൽ 42) മാത്രമാണ് ചെറുത്തുനിന്നത്.
സ്പെഷലിസ്റ്റ് അല്ലാത്ത സാന്റ്നർ
പൂനയിലെ സ്പിൻ പിച്ച് മനസിലാക്കി ന്യൂസിലൻഡ് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതാണ് മിച്ചൽ സാന്റ്നർ എന്ന ഇടംകൈ ഓർത്തഡോക്സ് ബൗളറെ. ടെസ്റ്റ് ക്രിക്കറ്റിലെ സ്പെഷലിസ്റ്റ് സ്പിന്നറല്ല സാന്റ്നർ. ഇതിനു മുന്‍പുവരെ ഒരു ഇന്നിംഗ്സിലും മൂന്നിൽ കൂടുതലോ, ഒരു ടെസ്റ്റിൽ ആറിൽ കൂടുതലോ വിക്കറ്റ് സാന്റ്നർ വീഴ്ത്തിയിട്ടുമില്ല.
എന്നിട്ടും പൂനയിൽ ഒന്നാം ഇന്നിംഗ്സിൽ ഏഴും (7/53), രണ്ടാം ഇന്നിംഗ്സിൽ ആറും (6/104) വിക്കറ്റ് സാന്റ്നർ വീഴ്ത്തി. വിരാട് കോഹ്ലിയെ ആദ്യ ഇന്നിംഗ്സിൽ ക്ലീൻ ബൗൾഡാക്കുകയും രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റിനു മുന്നിൽ കുടുക്കുകയും ചെയ്തു. പൂന ടെസ്റ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ ഫിലിപ്സും സ്പെഷലിസ്റ്റ് സ്പിന്നറല്ല എന്നതും വാസ്തവം. സാന്റ്നറും ഫിലിപ്സും ചേർന്ന് ഇന്ത്യൻ സ്പിന്നർമാരായ ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദർ എന്നിവരെ നിഷ്പ്രഭമാക്കി.
മത്സരത്തിൽ 157 റണ്‍സ് വഴങ്ങി 13 വിക്കറ്റ് വീഴ്ത്തിയ സാന്റ്നറാണ് പ്ലെയർ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്സിൽ 33 റണ്‍സും സാന്റ്നർ നേടിയിരുന്നു.