ഇന്ത്യൻ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ സാധ്യത അടയുന്നു
Sunday, October 27, 2024 2:26 AM IST
ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് 2023-25 എഡിഷന്റെ ഫൈനലിൽ കളിക്കാമെന്ന ഇന്ത്യൻ ടീമിന്റെ മോഹങ്ങൾക്കു തിരിച്ചടി. ന്യൂസിലൻഡിനെതിരായ ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഫൈനൽ സാധ്യത അടഞ്ഞുതുടങ്ങി. വെറും എട്ടു ദിവസത്തിന്റെ ഇടവേളയിൽ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ കൂപ്പുകുത്തി. 74 പോയിന്റ് ശതമാനത്തിൽനിന്ന് ഇപ്പോൾ 62.82ലേക്കാണ് ഇന്ത്യ വീണത്.
ഇന്ത്യ ഒന്നിൽ തുടരുന്നു
ന്യൂസിലൻഡിനെതിരായ രണ്ടു തോൽവിയോടെ പോയിന്റ് ശതമാനത്തിൽ വൻ ഇടിവു നേരിട്ടെങ്കിലും ഇപ്പോഴും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. നേരിയ വ്യത്യാസത്തിനാണ് ഇന്ത്യ ഒന്നാം സ്ഥാനത്തു തുടരുന്നത്. ഇന്ത്യക്കു (62.82) പിന്നിൽ രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്(62.5). ഇന്ത്യക്കെതിരായ രണ്ടു ജയത്തോടെ 50 പോയിന്റ് ശതമാനവുമായി ന്യൂസിലൻഡ് നാലാം സ്ഥാനത്തേക്കുയർന്നു. 55.56 പോയിന്റ് ശതമാനമുള്ള ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്. അഞ്ചാമത് ദക്ഷിണാഫ്രിക്കയാണ് (47.62).
ഇനി തോറ്റാൽ ഇന്ത്യ പുറത്ത്
ന്യൂസിലൻഡിനെതിരേ രണ്ടു തോൽവി നേരിട്ടെങ്കിലും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ സാധ്യത പൂർണമായി അടഞ്ഞിട്ടില്ല. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഷെഡ്യൂളിൽ ശേഷിക്കുന്ന ആറു മത്സരങ്ങളിൽ അഞ്ചു ജയവും ഒരു സമനിലയും നേടിയാൽ മാത്രമേ (71.05 ശതമാനം) ഇന്ത്യക്കു ഫൈനലിൽ എത്താൻ സാധിക്കൂ. അതായത്, ഇനിയുള്ള ഒരു മത്സരത്തിൽ പോലും തോൽക്കാൻ പാടില്ല. മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചും ഇന്ത്യക്കു ഫൈനൽ സാധ്യതയുണ്ടെന്നതും ശ്രദ്ധേയം.
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിനുശേഷം ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കും. നവംബർ 22 മുതലാണ് ഇന്ത്യ x ഓസ്ട്രേലിയ അഞ്ചു മത്സര ടെസ്റ്റ് പരന്പര.
18
തുടർച്ചയായി 18 ഹോം ടെസ്റ്റ് പരന്പര ജയത്തോടെയാണ് ഇന്ത്യ ന്യൂസിലൻഡിനെതിരേ ഇറങ്ങിയത്. ഇന്ത്യയുടെ ജൈത്രയാത്രയ്ക്കു വിരാമം കുറിക്കപ്പെട്ടു. ഹോം ടെസ്റ്റ് പരന്പരയിൽ 10ൽ കൂടുതൽ വിജയം മറ്റൊരു ടീമിനുമില്ല. ഓസ്ട്രേലിയയ്ക്കു (28) പിന്നിൽ തുടർപരന്പര നേട്ടത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
01
ഇന്ത്യയിൽ ന്യൂസിലൻഡിന്റെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് പരന്പര നേട്ടമാണിത്. ഈ പരന്പരയ്ക്കു മുന്പ് ഇന്ത്യയിൽ വെറും രണ്ടു ടെസ്റ്റിൽ മാത്രമാണ് ന്യൂസിലൻഡിനു ജയിക്കാൻ സാധിച്ചിരുന്നത്. 1969ൽ നാഗ്പുരിലും 1988ൽ മുംബൈ വാങ്കഡേയിലും.
04
രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഹോം ടെസ്റ്റിൽ തോൽക്കുന്നത് ഇതു നാലാം തവണ. ഹോം ടെസ്റ്റ് തോൽവിക്കണക്കിൽ മുഹമ്മദ് അസ്ഹറുദ്ദീൻ, കപിൽ ദേവ് എന്നീ മുൻ ക്യാപ്റ്റന്മാർക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് രോഹിത്. മൻസൂർ അലി ഖാൻ പട്ടൗഡിയാണ് (ഒന്പത്) ഒന്നാമത്.