ബ്ലാസ്റ്റേഴ്സിനു ഡി ഡേ
ബ്ലാസ്റ്റേഴ്സിനു ഡി ഡേ
Saturday, December 3, 2016 2:34 PM IST
കൊച്ചി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഇന്നു പൊരുതാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനു സെമിഫൈനൽ ഉറപ്പിക്കണമെങ്കിൽ ഒന്നുകിൽ ജയിക്കണം, അല്ലെങ്കിൽ സമനിലയെങ്കിലും നേടണം. ഈ ലക്ഷ്യത്തോടെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നു വൈകുന്നേരം ബ്ലാസ്റ്റേഴ്സ് പോരിനിറങ്ങുമ്പോൾ ഉശിരൻ മത്സരമായിരിക്കും ആരാധകർക്കു കാണാനാകുക. ഐഎസ്എൽ പ്രാഥമിക റൗണ്ടിലെ അവസാനമത്സരമാണിത്.

ഫലത്തിൽ, ക്വാർട്ടർ ഫൈനൽ ആയി മാറിയിരിക്കുന്ന ലീഗിലെ ഈ അവസാന അങ്കത്തിൽ കിക്കോഫ് മുതൽ അവസാന വിസിൽ വരെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ശ്വാസമടക്കിപ്പിടിച്ചിരുന്നു കളി കാണേണ്ടിവരും. 13 മത്സരങ്ങളിൽനിന്നു (അഞ്ച് ജയം, നാല് സമനില, നാല് തോൽവി) 19 പോയിന്റോടെ നാലാം സ്‌ഥാനത്താണു കേരള ബ്ലാസ്റ്റേഴ്സ്. 13 മത്സരങ്ങളിൽ (അഞ്ച് ജയം, മൂന്നു സമനില, അഞ്ച് തോൽവി) 18 പോയിന്റോടെ അഞ്ചാം സ്‌ഥാനത്താണു നോർത്ത് ഈസ്റ്റ്.

ഐഎസ്എലിന്റെ ഉദ്ഘാടന മത്സത്തിലാണ് ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയത്. ഗോഹട്ടിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 55 ാം മിനിറ്റിലെ കാത്സുമി യൂസയുടെ ഗോളിൽ ജയിച്ചിരുന്നു. ഇതുവരെ ഇരുടീമും അഞ്ചുതവണ പരസ്പരം ഏറ്റുമുട്ടിയതിൽ രണ്ടു തവണ വീതം ജയിച്ചു. ഒരു മത്സരം സമനിലയിലും കലാശിച്ചു. കഴിഞ്ഞ രണ്ടു സീസണിലും (3–1, 4–1) കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു മേൽക്കൈ. ഇന്നത്തെ മത്സരത്തിൽ സമനില എന്നതിനപ്പുറം വിജയത്തിനുവേണ്ടിയായിരിക്കും കളിക്കുകയെന്നു ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പൽ പറഞ്ഞു. ഹോം ഗ്രൗണ്ടിൽ ലഭിക്കുന്ന ആരാധകരുടെ പൂർണപിന്തുണ, ജയിക്കാനുള്ള ആവേശമായിരിക്കും ഓരോ കളിക്കാരനിലും ഉണ്ടാക്കുക. മത്സരത്തിനിടെ തന്ത്രങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ അതിനനുസരിച്ചു ഗെയിം പ്ലാൻ മാറ്റും. 100 ശതമാനവും വിജയിക്കാനുള്ള കളിയായിരിക്കും പുറത്തെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.


മെഹ്താബ് ഹുസൈൻ സസ്പെൻഷൻ കാരണം ഇന്നത്തെ മത്സരത്തിനുണ്ടാകില്ല. ഹോസുവിന് ഇന്നലെ നടന്ന പരിശീലനത്തിനിടെ കണങ്കാലിനു പരിക്കേറ്റു. ഇതോടെ അദ്ദേഹവും കളിക്കില്ല. കഴിഞ്ഞ മത്സരത്തിൽ ഇഷ്ഫാഖ് അഹമ്മദിനെ ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിപ്പിച്ചിരുന്നു. ഹോം ഗ്രൗണ്ടിലെ മത്സരവും കളിക്കാരുടെ പരിക്കും പരിഗണിച്ചു മാറ്റങ്ങളുണ്ടാകുമെന്നും ഇന്നു രാവിലെ മാത്രമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും കോച്ച് വ്യക്‌തമാക്കി.

നോർത്ത് ഈസ്റ്റിന്റെ മത്സര അജണ്ട വളരെ ആസൂത്രിതവും മുൻകൂട്ടി നിശ്ചയിച്ചതുമാണ്. വളരെ ശക്‌തരും വമ്പന്മാരുമായ താരനിരയും നോർത്ത് ഈസ്റ്റിനുണ്ട്. ഇതുവരെ കളിച്ച മത്സരങ്ങളിൽ ഏറ്റവും കടുപ്പമേറിയ മത്സരം മുംബൈയ്ക്കെതിരേ ആയിരുന്നുവെന്നും 0–5നു തോറ്റ മത്സരം ഫലത്തിൽ അവർ തങ്ങളുടെ പാന്റ്സ് ഊരിക്കളഞ്ഞതിനു തുല്യമാണെന്നും കോപ്പൽ തുറന്നുപറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം 50,000 അല്ലെങ്കിൽ 60,000 പേരുടെ പിന്തുണ ഉണ്ടാകും എന്നാൽ അതുകൊണ്ടു കാര്യമില്ല. കളിക്കളത്തിൽ ഇറങ്ങുന്ന കളിക്കാർക്കു മാത്രമെ കളിക്കാനും ജയിക്കാനും കഴിയുകയുള്ളൂവെന്നു നോർത്ത് ഈസ്റ്റ് പരിശീലകൻ നെലോ വിൻഗാഡ പറഞ്ഞു.

കളിയിൽ കാണിച്ച മികവ് പിന്നീട് മറന്നുപോകും, എന്നാൽ മത്സരഫലം എക്കാലവും ശേഷിക്കും. നോർത്ത് ഈസ്റ്റിനെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു ഗെയിം ആയിരിക്കും ഇതെന്നും നെലോ വിൻഗാഡ കൂട്ടിച്ചേർത്തു. കൊച്ചിയിൽ ഇന്നു കളികാണാൻ റിക്കാർഡ് ജനക്കൂട്ടം എത്തുമെന്നു കരുതുന്നു. ഇത് അവാച്യമായ അന്തരീക്ഷമായിരിക്കും ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.