ആദ്യസ്വർണം നേടി കെൻ പോൾ
ആദ്യസ്വർണം നേടി കെൻ പോൾ
Saturday, December 3, 2016 2:34 PM IST
തേഞ്ഞിപ്പലം: ജൂണിയർ ബോയ്സ് ജാവലിൻ ത്രോയിൽ സ്വർണമണിഞ്ഞു കെൻപോൾ. മൂവാറ്റുപുഴ വാളകം മാർ സ്റ്റീഫൻ എച്ച്എസ്എസിൽ പത്താംക്ലാസ് വിദ്യാർഥിയായ കെൻ പോൾ 48.51 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. ഈയിനത്തിൽ നാലാം സ്‌ഥാനത്തായിരുന്നു കെൻ കഴിഞ്ഞ വർഷം എത്തിയിരുന്നത്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ നേരത്തെ പങ്കെടുത്തിരുന്നുവെങ്കിലും മലപ്പുറത്ത് വച്ചാണ് കെൻ ആദ്യമായി സ്വർണം നേടുന്നത്. നേരത്തെ പൈക്ക മീറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇത്തവണ എറണാകുളത്തു നടന്ന റവന്യൂ ജില്ലാ കായികോത്സവത്തിൽ ജാവലിൻത്രോയിൽ 51.45 മീറ്ററായിരുന്നു കെൻ സ്വന്തമാക്കിയത്. സംസ്‌ഥാന കായികമേളയിൽ 52 മീറ്ററായിരുന്നു ലക്ഷ്യമെങ്കിലും സാധിച്ചില്ല. വാളകം പൊട്ടക്കൽ പോളിന്റെയും ആൻസിയുടെയും മകനാണ് കെൻ. എൽദോ കുര്യാക്കോസാണ് പരിശീലകൻ. കഠിനാധ്വാനമാണ് കെനിന്റെ നേട്ടത്തിനു പിന്നിലെന്നു എൽദോ പറയുന്നു. മാർ സ്റ്റീഫൻ സ്കൂൾ മൈതാനത്തും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മൈതാനത്തുമായിരുന്നു പരിശീലനം നേടിയിരുന്നത്. കഴിഞ്ഞ വർഷമായിരുന്നു ജാവലിനിൽ പരിശീലനം നേടി തുടങ്ങിയത്. കെനിന്റെ പ്രധാനയിനങ്ങൾ വരുന്നതേള്ളൂ. 100, 4–100 റിലേ എന്നിവയിലും കെൻ മത്സരിക്കുന്നു. ഇതിൽ നൂറുമീറ്റർ ഇന്നു നടക്കും. മകൻ ആദ്യ സ്വർണം നേടിയതിൽ അതീവ സന്തോഷമുണ്ടെന്നു ടീമിനൊപ്പമെത്തിയ പിതാവ് പോൾ പറയുന്നു. കെനിന്റെ സഹോദരൻ കെവിൻ ഓസ്ട്രേലിയയിൽ പഠിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.