കൊച്ചിയിൽ കേരളത്തിന്റെ വിധി
കൊച്ചിയിൽ കേരളത്തിന്റെ വിധി
Wednesday, November 30, 2016 1:47 PM IST
ഗോഹട്ടി: കളിച്ചതു ഡൽഹിയാണെങ്കിലും ജയം നേടാനുറച്ചെത്തിയ നോർത്ത് ഈസ്റ്റ് പൊരുതി നേടി. പന്തു കൈവശം വയ്ക്കാൻ ഡൽഹിക്കു സാധിച്ചെങ്കിലും കിട്ടിയ അവസരം മുതലാക്കിയ വടക്കൻടീം ഡൽഹി ഗോൾ പോസ്റ്റിൽ രണ്ടു വട്ടം നിറയൊഴിച്ചു. ഡൽഹി തിരിച്ചടിച്ചതാകട്ടെ ഒറു ഗോളും. നോർത്ത് ഈസ്റ്റിനായി സത്യേസെൻ സിംഗും (60), റൊമാരയ്ക്കുമാണ് (71) ഗോളുകൾ നേടിയത്. ഡൽഹിയുടെ ആശ്വാസ ഗോൾ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ മാഴ്സലീഞ്ഞോ നേടി. ജയത്തോടെ നോർത്ത് ഈസ്റ്റ് സെമി സാധ്യതകൾ നിലനിർത്തി. ഡിസംബർ നാലിന് കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിലുള്ള മത്സരത്തിലെ വിജയികളാവും സെമിയിലേക്കു പ്രവേശിക്കുക. നോർത്ത് ഈസ്റ്റിന് ജയം ആവശ്യമുള്ളപ്പോൾ ബ്ലാസ്റ്റേഴ്സിന് സമനിലയായാലും അവസാന നാലിലേക്കു കുതിക്കാം.

ഗോവയ്ക്കെതിരേ അഞ്ചു ഗോളടിച്ചതിന്റെ ആവേശത്തിൽ തുടങ്ങിയ ഡൽഹി 3–ാം മിനിറ്റിൽത്തന്നെ ലക്ഷ്യം കണ്ടേനേ. മലൂദയുടെ പാസ് ഗാഡ്സെയിക്കു കിട്ടിയെങ്കിലും ഗാഡ്സെയ്ക്കു ലക്ഷ്യം തെറ്റി. തുടർന്നും ഡൽഹി തന്നെയായിരുന്നു കളത്തിൽ മുമ്പൻ. മാഴ്സലീഞ്ഞോയുടെ നേതൃത്വത്തിൽ മികച്ച മുന്നേറ്റങ്ങളുമായി ഡൽഹി ഉണർന്നു കളിച്ചു. എന്നാൽ, ഗോൾ വഴങ്ങാതിരിക്കാൻ പ്രതിരോധം പൂർണ സജ്‌ജമാക്കിയിറങ്ങിയ നോർത്ത് ഈസ്റ്റ് എല്ലാ നീക്കങ്ങളെയും നിഷ്പ്രഭമാക്കി. 37–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിനും മികച്ച ഒരു അവസരം ലഭിച്ചെങ്കിലും അൽഫാരോയ്ക്കു മുതലാക്കാനായില്ല.


രണ്ടാം പകുതിയിലും കാര്യങ്ങൾ വ്യത്യസ്തമായില്ല. ഡൽഹിയുടെ മുന്നേറ്റങ്ങൾ പാസുകളിൽ മാത്രം അവസാനിച്ചു. കളിയുടെ പോക്കിനു വിരുദ്ധമായി 60–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ വന്നു. സോക്കാറയുടെ ലോംഗ്പാസ് സ്വീകരിച്ച സത്യേസെൻ സിംഗ് പ്രതിരോധക്കാരെയും വെട്ടിച്ച് മുന്നേട്ടെത്തിയ ഗോൾകീപ്പർ ഡബ്ലാസിന്റെ കാലിനിടയിലൂടെ വലയിലേക്കിട്ടു. സമനില ഗോളിനായി ഡൽഹി ശ്രമിക്കുന്നതിനിടെ വടക്കൻടീം അടുത്ത ഗോളടിച്ചു. 71–ാം മിനിറ്റിൽ റോബർട്ട് കുല്ലൻ ഡൽഹി താരങ്ങളുടെ ഇടയിലൂടെ നീട്ടി നൽകിയ പന്ത് കോഫി റൊമാരിയക് മനോഹരമായ ഷോട്ടിലൂടെ ഗോളാക്കി. നോർത്ത് ഈസ്റ്റ് ജയം ഉറപ്പിച്ച ഘട്ടത്തിലാണ് മാഴ്സലീഞ്ഞോ ഡൽഹിക്കായി സ്കോർ ചെയ്യുന്നത്. നോർത്ത് ഈസ്റ്റ് പ്രതിരോധത്തിന്റെ പിഴവ് മുതലാക്കി പന്ത് കൈക്കലാക്കിയ മാഴ്സലീഞ്ഞോ സുന്ദരമായി നോർത്ത് ഈസ്റ്റ് താരങ്ങളെയും ഗോൾകീപ്പറെയും മറികടന്നു ഗോളിലേക്കു പന്ത് പായിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.