രവീന്ദ്രജാലത്തിൽ ഇന്ത്യ
രവീന്ദ്രജാലത്തിൽ ഇന്ത്യ
Tuesday, November 29, 2016 1:36 PM IST
മൊഹാലി: മൂന്നാം ദിനം ബാറ്റ് കൊണ്ടു പ്രഹരിച്ചതു മതിയാവാതെ ബോൾ കൊണ്ടുമുള്ള സർ ജഡേജയുടെ ഇന്ദ്രജാലത്തിൽ ഇംഗ്ലണ്ട് തകർന്നു. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് എട്ടു വിക്കറ്റ് വിജയം. രണ്ടാം ടെസ്റ്റിലും തോൽവിയേറ്റുവാങ്ങിയിരുന്ന ഇംഗ്ലീഷ് നിര പരമ്പരയിൽ 2–0ത്തിന് പിന്നിലായി. രണ്ടാം ഇന്നിംഗ്സിൽ 103 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റുകൾ മാത്രം നഷ്‌ടമാക്കി ലക്ഷ്യത്തിലെത്തി. എട്ടു വർഷത്തിനു ശേഷമുള്ള മടങ്ങിവരവിൽ 67 റൺസെടുത്ത് പാർഥിവ് പട്ടേൽ സുനിശ്ചിതമായിരുന്ന ഇന്ത്യൻ വിജയം നേരത്തെയാക്കി. ചേതേശ്വർ പൂജാര 25 റൺസെടുത്തപ്പോൾ മുരളി വിജയ് റണ്ണൊന്നും നേടാതെ പുറത്തായി. പാർഥിവിനൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്ലി ആറു റൺസുമായി പുറത്താകാതെ നിന്നു.

സ്കോർ: ഇംഗ്ലണ്ട് 283, 236. ഇന്ത്യ 417, 104–2

നാലാം ദിനത്തിൽ നാലിന് 78 എന്ന നിലയിൽ തുടങ്ങിയ ഇംഗ്ലണ്ട് പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് ആദ്യം മുതൽ നടത്തിയത്. ആറ് വിക്കറ്റുകൾ ബാക്കിനിൽക്കേ 56 റൺസിന്റെ കടവുമായാണ് ജോ റൂട്ടും ഗാരത് ബാറ്റിയും ക്രീസിലെത്തിയത്. എന്നാൽ, മത്സരത്തിന്റെ രണ്ടാം പന്തിൽത്തന്നെ ഇംഗ്ലണ്ടിനു അഞ്ചാം വിക്കറ്റ് നഷ്‌ടമായി. നൈറ്റ് വാച്ച്മാനായെത്തിയ ബാറ്റിയെ ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. ആദ്യ രണ്ടു ടെസ്റ്റുകളിൽ പുറത്തിരുന്ന ജോസ് ബട്ലർ എത്തിയതോടെയാണ് ഇംഗ്ലീഷ് ഇന്നിംഗ്സിന് അൽപമെങ്കിലും ജീവൻ വച്ചത്. പ്രതിരോധിച്ചു നിൽക്കാതെ ബട്ലർ ആക്രമണത്തിനു തുനിഞ്ഞപ്പോൾ റൂട്ട് വിക്കറ്റിനിടയിൽ ഓടി റൺസ് എടുക്കാനാണ് ശ്രമിച്ചത്. ജഡേജയെ ക്രീസ് വിട്ടിറങ്ങി ബട്ലർ സിക്സറിനു പായിച്ചപ്പോൾ കോഹ്ലി ആക്രമണോത്സുക ഫീൽഡൊരുക്കി. ബട്ലർ നിലയുറപ്പിക്കും മുമ്പ് ജയന്ത് യാദവിനുമുന്നിൽ കീഴടങ്ങി. ജയന്തിനെ മിഡ് വിക്കറ്റിലൂടെ അതിർത്തി കടത്താനുള്ള ബട്ലറുടെ ശ്രമം ജഡേജയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. വിരലിനു പരിക്കേറ്റതിനാൽ ഓപ്പണിംഗിൽ ഇറങ്ങാതിരുന്ന ഹസീബ് ഹമീദ് കളത്തിലെത്തി. തുടർന്ന് റൂട്ട് രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഇന്നിംഗ്സിലെ മൂന്നാം ബൗണ്ടറി നേടി റൂട്ട് അർധശതകത്തിലേക്കെത്തി. അദ്ദേഹത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ അർധശതകമാണ് മൊഹാലിയിൽ പിറന്നത്. പിന്നീട് അശ്വിനുമായി റൂട്ട് മത്സരം ആരംഭിച്ചു. കവർ ഡ്രൈവിലൂടെയും സ്വീപ് ചെയ്തും ഫോറുകൾ നേടി സുന്ദരമായി അശ്വിനെ നേരിട്ട റൂട്ടിനെ കുടുക്കാൻ കോഹ്ലി വീണ്ടും ജഡേജയെ പന്തേൽപ്പിച്ചു. ജഡേജയുടെ പന്തിന്റെ ഗതി മനസിലാക്കാതെ ബാറ്റ് വച്ച റൂട്ട് സ്ലിപ്പിൽ രഹാനെയ്ക്കു ക്യാച്ച് നൽകി മടങ്ങി. 179 പന്തുകളിൽ നിന്നും ആറ് ഫോറുകൾ നേടിയ റൂട്ട് 78 റൺസ് നേടിയാണ് പുറത്തായത്.

പിന്നീട് ഇംഗ്ലണ്ട് ഇന്നിംഗ്സ് എപ്പോൾ അവസാനിക്കും എന്ന് മാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. പരിക്കേറ്റിട്ടും പോരാട്ടവീര്യം പുറത്തെടുത്ത ഹമീദ് പിടിച്ചുനിന്നു. 19 പന്തുകൾ വേണ്ടി വന്നു ഹമീദിന് ആദ്യ റൺസ് സ്കോർ ചെയ്യാൻ. 111 പന്തുകൾ കളിച്ച ശേഷമാണ് ഹമീദിന്റെ ബാറ്റിൽനിന്നും ഒരു ബൗണ്ടറി പിറന്നത്. ഹമീദ് ആറ് റൺസിൽ നിൽക്കേ അശ്വിന്റെ പന്തിൽ പാർഥിവിനു അവസരം കിട്ടിയതു മുതലാക്കാൻ സാധിച്ചിരുന്നില്ല. 47 പന്തുകളിൽ നിന്നും 30 റൺലെടുത്ത ക്രിസ് വോക്സും ഹമീദും ചേർന്നു 43 റൺസിന്റെ സഖ്യമാണുണ്ടാക്കിയത്. പിന്നീടെത്തിയ ആദിൽ റഷീദിനു വലിയ സംഭാവകളൊന്നും നൽകാനായില്ലെങ്കിലും അവസാന വിക്കറ്റായെത്തിയ ജയിംസ് ആൻഡേഴ്സൺ ഹമീദിനൊപ്പം പിടിച്ചുനിന്നു. ആൻഡേഴ്സൺ ക്രീസിലെത്തുമ്പോൾ 127 പന്തിൽ 23 റൺസായിരുന്നു ഹമീദ് എടുത്തിരുന്നത്. തുടർന്നു ഗിയർ മാറ്റിയ ഹമീദ് ആക്രമിച്ചു കളിച്ചു. 147 പന്തുകളിൽ നിന്നും സിക്സറിലൂടെ ഹമീദ് അർധ ശതകത്തിലേക്കെത്തി. രണ്ടാം റണ്ണിനായി ശ്രമിച്ചതിൽ പിഴച്ച് ആൻഡേഴ്സൺ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിനും തിരശീലവീണു. പരിക്കിനെത്തുടർന്ന് ഈ പരമ്പരയിൽ ഇനി കളിക്കാൻ പത്തൊമ്പതുകാരനായ ഹസീബ് ഹമീദിന് സാധിക്കുകയില്ല. 156 പന്തുകളിൻനിന്ന് ആറ് ഫോറും ഒരു സിക്സും ഉൾപ്പെടെ 59 റൺസാണ് ഹമീദ് സ്വന്തമാക്കിയത്. ഇന്ത്യക്കായി അശ്വിൻ മൂന്നു വിക്കറ്റുകൾ നേടിയപ്പോൾ ജഡേജ, മുഹമ്മദ് ഷാമി, ജയന്ത് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.


ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യക്കു തുടക്കം നഷ്‌ടത്തോടെയായിരുന്നു. രാജ്കോട്ടിൽ സെഞ്ചുറി നേടിയ ശേഷം മികച്ച ഇന്നിംഗ്സുകൾ കളിക്കാനാവാത്ത വിജയ് എട്ടു പന്തിൽ സംപൂജ്യനായി പുറത്തായി. പാർഥിവ് അടിച്ചുകളിക്കുകയും പൂജാര നിലയുറപ്പിക്കുകയും ചെയ്തതോടെ ഇന്ത്യ ദ്രുതഗതിയിൽ ജയത്തിലേക്കെത്തി. 50 പന്തിൽ 25 റൺസെടുത്ത പൂജാരയെ നഷ്‌ടമാടെങ്കിലും കോഹ്ലിയുമായി ചേർന്നു പാർഥിവ് ഇന്ത്യയെ വിജയതീരത്തടുപ്പിച്ചു. 54 പന്തിൽ 11 ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് പാർഥീവ് 67 റൺസെടുത്തത്. ഇംഗ്ലണ്ടിനായി വോക്സും റഷീദും ഓരോ വിക്കറ്റ് വീതം നേടി. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2–0ത്തിന് മുന്നിലെത്തി. പരമ്പരയിലെ നാലാം ടെസ്റ്റ് ഡിസംബർ എട്ടിന് മുംബൈയിൽ ആരംഭിക്കും.

സ്കോർ ബോർഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 283

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 417


ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ്

കുക്ക് ബി അശ്വിൻ 12, റൂട്ട് സി രഹാനെ ബി ജഡേജ 78, അലി സി ജയന്ത് ബി അശ്വിൻ 5, ബെയർസ്റ്റോ സി പട്ടേൽ ബി ജയന്ത് 15, സ്റ്റോക്സ് എൽബിഡബ്ല്യു ബി അശ്വിൻ 5, ബാറ്റി എൽബിഡബ്ല്യു ബി ജഡേജ 0, ബട്ട്ലർ സി ജഡേജ ബി ജയന്ത് യാദവ് 18, ഹസീബ് ഹമീദ് നോട്ടൗട്ട് 59, വോക്സ് സി പാർഥീവ് ബി ഷാമി 30, റഷീദ് സി ഉമേഷ് യാദവ് ബി ഷാമി 0, ആൻഡേഴ്സൺ റൺഔട്ട് ജഡേജ/ അശ്വിൻ 5. എക്സട്രാസ് 9. ആകെ 90.2 ഓവറിൽ 236

ബൗളിംഗ്

ഷാമി 14–3–37–2 ഉമേഷ് യാദവ് 8–3–26–0, അശ്വിൻ 26.2–4–81–3, ജഡേജ 30–12–62–2, ജയന്ത് യാദവ് 12–2–21–2

ഇന്ത്യ രണ്ടാം ഇന്നിംഗ്സ്

വിജയ് സി റൂട്ട് ബി വോക്സ് 0, പാർഥിവ് നോട്ടൗട്ട് 67, പൂജാര സി റൂട്ട് ബി റഷീദ് 25, കോഹ്ലി നോട്ടൗട്ട് 6. എക്സട്രാസ് 6. ആകെ 20.2 ഓവറിൽ രണ്ടിന് 104.

ബൗളിംഗ്

ആൻഡേഴ്സൺ 3–2–8–0, വോക്സ് 2–0–16–1, റഷീദ് 5–0–28–1, സ്റ്റോക്സ് 4–0–16–0, മോയിൻ അലി 3–0–13–0, ബാറ്റി 3.2–0–18–0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.