ബ്രസീലിന് ഇതു വലിയ ദുരന്തം
ബ്രസീലിന് ഇതു വലിയ ദുരന്തം
Tuesday, November 29, 2016 1:36 PM IST
സംപൗളോ: വിമാനാപകടത്തിൽ ഫുട്ബോൾ താരങ്ങൾ മരിച്ച സംഭവത്തിൽ ബ്രസീൽ തേങ്ങുകയാണ്. അവരുടെ ഫുട്ബോൾ ചരിത്രത്തിലെ വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ദക്ഷിണ അമേരിക്കൻ കപ്പ് കലാശ പ്പോരാട്ടത്തിനായി കൊളംബിയയിലേക്കുള്ള യാത്രയിൽ ബ്രസീലിയൻ ക്ലബ്ബ്് ചാപ്പെകോയൻസ് താരങ്ങളും ഒഫീഷ്യലുകളും യാത്ര ചെയ്തിരുന്ന വിമാനം അപകടത്തിൽപെടുകയായിരുന്നു. ഇതേത്തുടർന്ന് ഫൈനൽ മത്സരം റദ്ദാക്കി. ദക്ഷിണ അമേരിക്കൻ കപ്പ് ഫൈനൽ റദ്ദാക്കുകയാണെന്ന് ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനാണ് അറിയിച്ചത്. അത്ലറ്റിക്കോ നാഷണലുമായുള്ള ഫൈനലിന്റെ ആദ്യപാദത്തിൽ പങ്കെടുക്കാനാണ് ചാപ്പെകോയൻസ് ടീം യാത്രതിരിച്ചത്. 81 പേരുണ്ടായിരുന്ന യാത്രക്കാരിൽ ആറു പേരുമാത്രമാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

2009 വരെ ബ്രസീലിൽ അധികം അറിയപ്പെടുന്ന ടീമായിരുന്നില്ല ചാപ്പെകോയൻസ്. മൂന്നാം ഡിവിഷനിലേക്ക് കയറിയതോടെ ക്ലബ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 2012ൽ രണ്ടാം ഡിവിഷനിലേക്കും മുന്നേറി. തുടർന്ന് 2013ൽ ബ്രസീലിലെ ഒന്നാം ഡിവിഷൻ ലീഗായ ബ്രസീലിയൻ ചാമ്പ്യൻഷിപ്പിലേക്കു (ബ്രസീലെയ്റാവോ) യോഗ്യത നേടി. കഴിഞ്ഞയാഴ്ചയാണ് ചരിത്രത്തിലാദ്യമായി ഈ ടീം ദക്ഷിണ അമേരിക്കൻ കപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയത്. ടീമുമായി ബന്ധപ്പെട്ട എല്ലാവരും വിമാനത്തിലുണ്ടായിരുന്നു. പരിശീലകനും സഹ പരിശീലകരും അടക്കമുള്ളവർ ടീമിനൊപ്പമുണ്ടായിരുന്നു. മൂന്നു കളിക്കാർ മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ചരിത്രനേട്ടം സ്വന്തമാക്കിയ ടീമിന്റെ സ്വപ്നം പൊലിഞ്ഞതിലുപരി ഫുട്ബോൾ രാജ്യമായ ബ്രസീലിനെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് ഈ സംഭവം. ടീമിനോടുള്ള ആദര സൂചകമായി ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കോൺഫെഡറേഷന്റെ മത്സരങ്ങൾ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും മാറ്റിവച്ചിട്ടുണ്ട്. മികച്ച ഒരുപിടി താരങ്ങളുടെ സംഘമായിരുന്നു ചാപ്പക്കോയൻസിന്റെ പ്രത്യേകത. ദേശീയ ടീമിലേക്കു ക്ഷണം പ്രതീക്ഷിക്കുന്ന ഒന്നിലധികം താരങ്ങൾ ടീമിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.