ലോക ചെസ്: ഇനി ടൈബ്രേക്
ലോക ചെസ്: ഇനി ടൈബ്രേക്
Tuesday, November 29, 2016 1:36 PM IST
കോട്ടയം: ന്യൂയോർക്കിൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിലെ പന്ത്രണ്ടാം ഗെയിമും സമനിലയിൽ. ഇതോടെ നോർവെയുടെ മാഗ്നസ് കാൾസനും റഷ്യയുടെ സെർജി കര്യാക്കിനും ആറു പോയിന്റ് വീതമായി. ഇതോടെ മത്സരം ടൈബ്രേക്കിലേക്കു നീണ്ടു.

കാൾസന്റെ ജന്മദിനമായ ഇന്ന് (നവംബർ 30) തുടങ്ങുന്ന ടൈബ്രേക് ഗെയിമുകളിലൂടെ വിജയിയെ കണ്ടെത്തും. വെള്ളക്കരുക്കളുമായി കളിച്ച കാൾസനെതിരേ കര്യാക്കിൻ റൂയി ലോപ്പസിലെ റിയോ ഡി ഷനേറോ ഡിഫൻസാണ് സ്വീകരിച്ചത്. 26 നീക്കങ്ങൾക്കകം ഇരുവർക്കും ഓരോ ബിഷപ്പും ഏഴ് പോണുകളും മാത്രമാക്കി പ്രധാനപ്പെട്ട പീസുകളെല്ലാം പരസ്പരം വെട്ടിമാറ്റി. ഒരു അഗ്രസീവ് ഗെയിം പ്രതീക്ഷിച്ച ചെസ് ആരാധകരെയെല്ലാം നിരാശരാക്കി വിരസമായ ഗെയിം 30 നീക്കൾങ്ങൾകൊണ്ട് സമനിലയിൽ പിരിഞ്ഞു. ടൈബ്രേക്കിലെ റാപിഡ് വിഭാഗത്തിൽ നാലു ഗെയിമുകളാണ് കളിക്കേണ്ടത്. ആ ഗെയിമുകളുടെ സമയക്രമം നോക്കിയാൽ ഇരുവർക്കും 25 മിനിറ്റും ഓരോ നീക്കത്തിനും 10 സെക്കൻഡ് ഇൻക്രിമെന്റും ലഭിക്കും. ഈ ഗെയിമുകളും 2–2 എന്ന പോയിന്റിൽ തീർന്നാൽ പിന്നെ ബ്ലിറ്റ്സ് ഗെയിമുകൾ കളിക്കണം. അഞ്ചുമിനിറ്റാണ് ലഭിക്കുന്നത്. പിന്നെ ഓരോ നീക്കത്തിനും മൂന്നു സെക്കൻഡ് വീതം ഇൻക്രിമെന്റ് ഉള്ള ഒരു ബ്ലിറ്റ്സ് ഗെയിമിലും ഒന്നര പോയിന്റ് ആർക്കും ലഭിച്ചില്ലെങ്കിൽ വീണ്ടും രണ്ടു ഗെയിമുകൾ കൂടി കളിക്കണം അതിലും സമമെങ്കിൽ പത്തു ഗെയിമുകൾ വരെ തുടരാം. ഈ ഗെയിമുകളിലെല്ലാം തുല്യത വന്നാൽ അൃാമഴലററീി ഴമാല എന്നറിയപ്പെടുന്ന സഡൻ ഡെത്ത് കളിക്കണം. ഇതിൽവൈറ്റിന് അഞ്ചു മിനിറ്റും ബ്ലാക്കിന് നാലു മിനിറ്റുമാണ് സമയം ലഭിക്കുന്നത്. ഈ ഗെയിമിൽ ബ്ലാക്ക് ലഭിക്കുന്നയാൾ സമനില നേടിയാലും ലോക ചാമ്പ്യനാകും. അതേസമയം വൈറ്റുമായി കളിക്കുന്നയാൾ ജയിച്ചാലേ ചാമ്പ്യനാകൂ. ചാമ്പ്യൻഷിപ്പ് ടൈബ്രേക്കിലേക്കു നീങ്ങിയതിനാൽ സമ്മാനത്തുക പങ്കിടുന്നതിലും ചെറിയ മാറ്റം വരും. പത്തുലക്ഷം യൂറോ 60–40 എന്ന അനുപാതത്തിനു പകരം 55– 45 എന്ന അനുപാതത്തിലായിരിക്കും വീതിക്കുക. ക്ലാസിക്കിലും റാപ്പിഡിലും നിലവിലെ ലോകചാമ്പ്യനും ബ്ലിറ്റ്സിൽ രണ്ടാമനുമായ കാൾസനാണ് കൂടുതൽ പേരും വിജയ സാധ്യത കല്പിക്കുന്നത്. എന്നാൽ, ചെസിൽ അത്ഭുതങ്ങൾ സംഭവിച്ചുകൂടായ്കയില്ല, പ്രത്യേകിച്ച് ആരും പ്രതീക്ഷിക്കാതെ കാൾസനെതിരേ കര്യക്കിൻ ഒരു മത്സരത്തിൽ വിജയം കണ്ടസാഹചര്യത്തിൽ. എന്തായാലും ചെസ് പ്രേമികൾക്ക് ആവേശമിരട്ടിക്കുന്ന പോരാട്ടമായിരിക്കും ഇത്.


ടി.കെ. ജോസഫ് പ്രവിത്താനം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.