വെള്ളത്തിലാറാടി അനന്തപുരി
വെള്ളത്തിലാറാടി അനന്തപുരി
Thursday, October 27, 2016 11:51 AM IST
തൃശൂർ: അക്വാട്ടിക് കോംപ്ലക്സിൽ സമാപിച്ച 47–ാമത് സംസ്‌ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം(683 പോയിന്റ്) ഓവറോൾ ചാമ്പ്യന്മാർ. ചാമ്പ്യൻഷിപ്പിൽ നാലുദിവസവും ഏകപക്ഷീയമായ മുൻതൂക്കത്തോടെ മുന്നേറിയ അനന്തപുരി തൊട്ടടുത്ത എതിരാളികളേക്കാൾ 541 പോയിന്റ് അധികം കരസ്‌ഥമാക്കിയാണ് നീന്തിക്കയറിയത്. എറണാകുളം(142) രണ്ടാം സ്‌ഥാനവും തൃശൂർ(134) മൂന്നാം സ്‌ഥാനവും നേടി. കോട്ടയം(69), കോഴിക്കോട്(13), കണ്ണൂർ(നാല്), കാസർഗോഡ്(നാല്), ആലപ്പുഴ(മൂന്ന്), പാലക്കാട്(ഒന്ന്) ജില്ലകളാണു പോയിന്റ് പട്ടികയിൽ ഇടംനേടിയത്.

വാട്ടർപോളോയിലും തിരുവനന്തപുരം ജേതാക്കളായി. 10–4 എന്ന സ്കോറിനു തൃശൂരിനെയാണു തോൽപ്പിച്ചത്.

71 സ്വർണവും 70 വെള്ളിയും 62 വെങ്കലവുമാണു തിരുവനന്തപുരത്തിന്റെ സമ്പാദ്യം. എറണാകുളം (14 സ്വർണം, 11 വെള്ളി, 10 വെങ്കലം) തൃശൂർ(10 സ്വർണം, 14 വെള്ളി, 22 വെങ്കലം).

സമാപന ദിനത്തിൽ എറണാകുളം ജില്ലയുടെ മൂന്നുതാരങ്ങൾ പുതിയ മീറ്റ് റിക്കാർഡ് നേടി. ജൂണിയർ ബോയ്സ് വിഭാഗം 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ പി.ജെ. ജഗൻ നാഥൻ(കളമശേരി ഗവ.എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ്–2:34:20), സീനിയർ ബോയ്സ് വിഭാഗം 100 മീറ്റർ ഫ്രീസ്റ്റൈലിൽ അഭിജിത്ത് ഗഗാറിൻ(കളമശേരി രാജഗിരി എച്ച്എസ്–0:55:75), 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ വി.എം. കിരൺ(കളമശേരി എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ്–1:00:82) എന്നിവരാണ് നേട്ടം കൈവരിച്ചത്.


ചാമ്പ്യൻഷിപ്പിൽ ഏഴു വ്യക്‌തിഗത റിക്കാർഡുകളും ടീം ഇനത്തിൽ ഒരു റിക്കാർഡും തിരുത്തപ്പെട്ടപ്പോൾ നാലുതാരങ്ങൾ സ്വന്തം സമയം മെച്ചപ്പെടുത്തി മികവുപുലർത്തി.

സ്കൂൾ പട്ടികയിൽ തിരുവല്ലം ബിഎൻവിവി ആൻഡ് എച്ച്എസ്എസ്(65), തിരുവനന്തപുരം കന്യാകുളങ്ങര ഗവ. ജിഎച്ച്എസ്എസ്(51), കളമശേരി ഗവ. എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ്(45) എന്നിവർ മുന്നിലെത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ സമ്മാനദാനം നിർവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.