ഇന്ത്യക്കു വിജയം, ഒന്നാം സ്‌ഥാനത്ത്
ഇന്ത്യക്കു വിജയം, ഒന്നാം സ്‌ഥാനത്ത്
Wednesday, October 26, 2016 12:05 PM IST
ക്വാൻടൻ (മലേഷ്യ): ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലെ റൗണ്ട് റോബിൻ മത്സരത്തിലെ അവസാന കളിയും ജയിച്ച് ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാമതെത്തി. അവസാന മത്സരത്തിൽ ഇന്ത്യ ആതിഥേയരായ മലേഷ്യയെ 2–1ന് തോൽപ്പിച്ചാണ് ഒന്നാം സ്‌ഥാനം ഉറപ്പിച്ചത്. ഇന്ത്യൻ ഗോൾകീപ്പർ ആകാശ് ചികേ്‌ത ഗോളെന്നുറച്ച മൂന്ന് അവസരങ്ങളാണ് നിഷേധിച്ചത്. രുപീന്ദർപാൽ സിംഗിന്റെ ഇരട്ട ഗോളുകളാണ് (12, 58) ഇന്ത്യക്കു വിജയമൊരുക്കിയത്. റാസി റഹീം (18) മലേഷ്യക്കായി ഗോൾ നേടി. ഇരുടീമുകളും മികച്ച തുടക്കമാണിട്ടത്. ആ ക്വാർട്ടറിൽ രണ്ടാം പെനാൽറ്റി കോർണർ നേടിയ ഇന്ത്യ രുപീന്ദർ പാൽ സിംഗിലൂടെ മുന്നിലെത്തി. റീബൗണ്ടായി വന്ന പന്ത് രുപീന്ദർ വലയിലാക്കി. രണ്ടാം ക്വാർട്ടറിൽ ഇന്ത്യയുടെ യൂസഫ് അഫാൻ മികച്ചൊരു ഗോളവസരം നഷ്‌ടപ്പെടുത്തി. അധികം വൈകാതെ തന്നെ പെനാൽറ്റി കോർണറിലൂടെ മലേഷ്യ സമനില നേടി. റാസി റഹീമായിരുന്നു സമനില ഗോളിനുടമ. സമനില നേടിയ ശേഷം മലേഷ്യ ആക്രമണം കൂടുതൽ ശക്‌തമാക്കി. ഗോളെന്നുറച്ച മലേഷ്യയുടെ ഒരവസരം ഗോൾകീപ്പർ ആകാശ് ചികേ്‌ത രക്ഷപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലും ഇന്ത്യക്കായിരുന്നു ആധിപത്യം. ഇരുഭാഗത്തെയും ഗോൾകീപ്പർമാർ മിന്നുന്ന ഫോമിലായിരുന്നതുകൊണ്ടു ഗോളുകൾ അകന്നുനിന്നു. അവസാന ക്വാർട്ടറിൽ വിജയഗോളിനായി ഇരുവരും പൊരുതി. മലേഷ്യ ഒരു പെനാൽറ്റി കോർണർ നേടിയെങ്കിലും പന്ത് വലയിലെത്തിയില്ല. അടുത്തതായി ഇന്ത്യയും ഒരു പെനാൽറ്റി കോർണർ നേടി. ഈ അവസരം ഇന്ത്യ ഉപയോഗപ്പെടുത്തി. രുപീന്ദർ പാൽ സിംഗ് ഇന്ത്യക്കു ലീഡ് നൽകി. സമനിലയ്ക്കായി ആക്രമണം ശക്‌തമാക്കാൻ മലേഷ്യ ഗോളിയെ മാറ്റി പകരം മുന്നേറ്റത്തിൽ പുതിയ ആളെ ഇറക്കി. മലേഷ്യ വീണ്ടും ഒരു പെനാൽറ്റി കോർണർ കൂടി നേടിയെടുത്തു. എന്നാൽ ചികേ്‌ത ഗോൾ പോസ്റ്റിൽ വൻമതിലായി നിന്നതോടെ ആ അവസരവും മലേഷ്യക്കു നിഷേധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.