ഡൽഹിക്കും പൂനയ്ക്കും ജയിച്ചേ മതിയാകൂ
ഡൽഹിക്കും പൂനയ്ക്കും ജയിച്ചേ മതിയാകൂ
Wednesday, October 26, 2016 12:05 PM IST
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സിയെ തകർത്താണ് ഐഎസ്എൽ ഫുട്ബോളിലെ മൂന്നാം സീസണിൽ ഡൽഹി ഡൈനാമോസ് നാന്ദി കുറിച്ചത്. എന്നാൽ പിന്നാലെ നാലു മത്സരങ്ങളിലും വിജയം നേടാനാവാതെ പോയിന്റ്് പട്ടികയിൽ ആറാം സ്ഥാനത്താണ് മുൻ ഇറ്റാലിയൻ സൂപ്പർതാരം ജിയാൻലൂക്കാ സാംബ്രോട്ട പരിശീലിപ്പിക്കുന്ന ഡൽഹി. എഫ്സി പൂനയെ സ്വന്തം തട്ടകത്തിൽ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞൊന്നും ഡൈനാമോസ് ലക്ഷ്യമിടുന്നില്ല. സമനിലകൾക്കു പകരം ഒരു ജയത്തിനാണ് ഡൈനാമോസ് കാത്തിരിക്കുന്നത്.

സ്വന്തം കാണികൾക്കു മുന്നിൽ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന ദുരിതം പേറിയാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഡൽഹി താരങ്ങൾ ബൂട്ടണിയുക. ഈ മോശം റിക്കാർഡ് മികച്ചൊരു ജയത്തോടെ തിരുത്താനാണ് ഡൈനാമോസ് നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ഇറങ്ങുക. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും മുംബൈ എഫ്സിക്കെതിരെയും കേരള ബ്ലാസ്റ്റേഴ്സിനെതിരെയും സമനില വഴങ്ങിയ ഡൽഹിക്ക് അത്ലറ്റിക്കോ ഡി കോൽക്കത്തയ്ക്കെതിരെ തോൽവിയായിരുന്നു ഫലം.

മികച്ച കളിക്കാരാണെങ്കിലും അവർ ഫോമിലേക്ക് ഉയരാത്തതാണ് വിജയിക്കാത്തതിന്റെ കാരണമായി സാംബ്രോട്ടാ പറയുന്നത്. മുൻ ഫ്രഞ്ച് ലോകകപ്പ് താരം ഫ്ളോറന്റ് മലൂദ നയിക്കുന്ന ടീമിന് വിജയിക്കാനാവാത്തതിന് ന്യായീകരണങ്ങൾ നിരത്താനുമാകില്ല.


ഡൽഹിയെ നേരിടാനെത്തുന്ന എഫ്സി പൂനയ്ക്കും കാര്യങ്ങൾ അത്ര ആശാവഹമല്ല. ടൂർണമെന്റിൽ അഞ്ചു കളികളിൽ നിന്ന് ഒരു ജയം മാത്രമാണ് പൂനയ്ക്ക് നേടാനായത്. രണ്ടു കളികൾ തോറ്റപ്പോൾ രണ്ടു കളികളിൽ സമനില നേടി രക്ഷപ്പെടുകയായിരുന്നു പൂന. നിലവിൽ ഏഴാം സ്‌ഥാനത്തുള്ള പൂനയ്ക്ക് ഡൽഹിക്കെതിരെ ജയിക്കാനായില്ലെങ്കിൽ കാര്യങ്ങൾ പരുങ്ങലിലാകും.

പ്രഥമ സീസൺ ഐഎസ്എലിൽ അത്ലറ്റിക്കോ ഡി കോൽക്കത്തയെ ചാമ്പ്യന്മാരാക്കിയ ആന്റോണിയോ ഹബാസിന് എന്ത് അദ്ഭുതമാണ് ഡൽഹിയിൽ കാണിക്കാനാവുക എന്നതാണ് മത്സരത്തെ ആവേശഭരിതമാക്കുന്നത്. സിസോക്കെ, എൻഡോയെ തുടങ്ങിയ വിദേശതാരങ്ങൾക്കൊപ്പം അരാറ്റ ഇസൂമി, രാഹുൽ ഭേക്കെ തുടങ്ങിയ ഇന്ത്യൻ താരങ്ങളും അണിനിരക്കുമ്പോൾ പൂനനിര ശക്‌തവുമാണ്.

ചുരുക്കത്തിൽ, ഡൽഹിയിൽ നിലനിൽപ്പിനായുള്ള പോരാട്ടമായിരിക്കും ഇന്ന് ഇരുടീമുകളും പുറത്തെടുക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.