ഗോവയിൽ കേരളോത്സവം
ഗോവയിൽ കേരളോത്സവം
Monday, October 24, 2016 11:56 AM IST
മഡ്ഗാവ്: ഫത്തോർഡ സ്റ്റേഡിയത്തിൽ ഗോവൻ കാർണിവൽ പ്രതീക്ഷിച്ചെത്തിയവർക്കു മുന്നിൽ കേരളോത്സവം നടത്തി ബ്ലാസ്റ്റേഴ്സ്. സീക്കോയുടെ കുട്ടികളുടെ ചിറകരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിനു തകർപ്പൻ വിജയം. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ തകർത്തു. ബ്ലാസ്റ്റേഴ്സിനായി മലയാളി താരം മുഹമ്മദ് റാഫിയും (46) കെർവൻസ് ബെൽഫോർട്ടുമാണ്(84) ഗോളുകൾ നേടിയത്. ഗോവയുടെ ഏക ഗോൾ ബ്രസീലിയൻ താരം ജൂലിയോ സെസാർ നേടി. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ എട്ടു പോയിന്റോടെ അഞ്ചാം സ്‌ഥാനത്തേക്കുയർന്നു.

സീസണിൽ ഒരു ജയം മാത്രം സ്വന്തമായുള്ള ടീമുകൾ ഏറ്റുമുട്ടിയപ്പോൾ കരുതലോടെയായിരുന്നു ഇരു സംഘവും തുടങ്ങിയത്. ഗോവൻ പ്രതിരോധത്തെ ഉലച്ച് ബെൽഫോർട്ടിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് നിരന്തരം മുന്നേറ്റങ്ങൾ നടത്തി. പത്താം മിനിറ്റിൽ മൈതാനമധ്യത്തിൽ നിന്ന് പന്തുമായി ഒറ്റയ്ക്കു മുന്നേറിയ ബെൽഫോർട്ട് മൂന്നു ഗോവൻ പ്രതിരോധനിരക്കാരെ മറികടന്നു ബോക്സിനു മുന്നിൽനിന്ന് എടുത്ത ഷോട്ട് ഗോവൻ ഗോളി സുഭാഷിഷ് റോയ് ചൗധരി അനായാസം കൈപ്പിടിയിലൊതുക്കി. പിന്നീട് തുടർച്ചയായി മുന്നു മുന്നേറ്റങ്ങൾ മഞ്ഞപ്പട നടത്തിയെങ്കിലും ഗോൾ പിറന്നില്ല.

കേരളമാണ് കൂടുതൽ ആക്രമണങ്ങൾ നടത്തിയതെങ്കിലും ആദ്യ ഗോൾ നേടിയത് ഗോവയായിരുന്നു. 24–ാം മിനിറ്റിൽ ബ്രസീലിയൻ മുന്നേറ്റനിര താരം ജൂലിയോ സെസാർ ഹെഡ്ഡറിലൂടെ ആതിഥേയരെ മുന്നിലെത്തിച്ചു. റിച്ചാർലിസൺ നൽകിയ ക്രോസിൽ ഉയർന്നുവന്ന പന്ത് ജൂലിയോ സെസാർ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോവൻ പ്രതിരോധം കുലുങ്ങിയില്ല. 36–ാം മിനിറ്റിൽ ഹോസുവിന്റെ ഫ്രീകിക്കിൽ സന്ദേശ് ജിങ്കന്റെ ഹെഡ്ഡർ ഗോവൻ ഗോളി കഷ്‌ടപ്പെട്ടു കുത്തിയകറ്റി. കേരളത്തിന്റെ സൂപ്പർ താരം മൈക്കൽ ചോപ്രയെ പൂട്ടിയ ഗോവൻ തന്ത്രം വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. മുൻ മത്സരങ്ങളെ അപേക്ഷിച്ചു ചോപ്രയുടെ നിഴൽ മാത്രമായിരുന്നു മൈതാനത്തു കണ്ടത്. 38–ാം മിനിറ്റിൽ ജിങ്കന്റെ പാസിൽനിന്ന് പന്തുമായി ബോക്സിനകത്തു കയറിയ ചോപ്രയെ കീനൻ അൽമെയ്ഡ ഫൗൾ ചെയ്തെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.


കേരളത്തിന്റെ ആക്രമണോത്സുകത കണ്ടിട്ടാകണം രണ്ടാം പകുതിയിൽ സീക്കോ ജോഫ്രിയെ മാറ്റി അനുഭവസ്‌ഥനായ ലൂസിയോയെ പ്രതിരോധത്തിൽ കൊണ്ടുവന്നത്. എന്നാൽ, 46–ാം മിനിറ്റിൽ മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടി. ഇടതു വിംഗിൽ പന്തുമായി കുതിച്ച മെഹതാബ് ഹുസൈൻ റഫീക്കിനു മറിച്ചു നൽകി. ഗോൾ മുഖത്തേക്കുള്ള റഫീക്കിന്റെ പാസ് ഗോവൻ താരം രാജു ഗെയ്ക്വാദിന്റെ കാലിൽ. എന്നാൽ, പന്ത് നിയന്ത്രിക്കാൻ ഗെയ്ക്വാദിനായില്ല. അടുത്തു നിന്നിരുന്ന റാഫിയുടെ കാലിലേക്ക് പന്ത് ഒഴുകിയെത്തി. അവസരം ഒട്ടും പാഴാക്കാതെ റാഫിയുടെ ഷോട്ട് വലയിൽ. ഐഎസ്എലിൽ മലയാളി താരത്തിന്റെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്, സീസണിൽ ആദ്യത്തേതും.



കേരളം സമനില നേടിയതോടെ ഗോവയും ഉണർന്നു. ഇരു ടീമും കൈയും മെയ്യും മറന്നു കളിച്ചു. ഇതോടെ കളി പരുക്കനാക്കിയി. ഫലം, ഹോസുവിനു മഞ്ഞക്കാർഡ്. 63–ാം മിനിറ്റിൽ ഗോവൻ താരം ജൂലിയോ സെസാറിന്റെ അളന്നു മുറിച്ചുള്ള ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദി അസാധ്യമായി ചാടി കൈയിലൊതുക്കി.

84– ാം മിനിറ്റിൽ കേരളത്തിന്റെ ആരാധകർ കാത്തിരുന്ന മുഹൂർത്തമെത്തി. ഹെയ്ത്തി താരം കെർവെൻസ് ബെൽഫോർട്ട് ഗോവൻ വല തുളച്ചു. ഹോസുവിന്റെ പാസുമായി ബെൽഫോർട്ട് വലതു വിംഗിലൂടെ കുതിച്ചു. രണ്ട് ഗോവൻ പ്രതിരോധ നിരക്കാരെ നർത്തകന്റെ പാടവത്തോടെ മറികടന്നുള്ള മുന്നേറ്റത്തിനൊടുവിൽ അപ്രതീക്ഷിതമായി ബെൽഫോർട്ടിന്റെ 25 വാര അകലെ നിന്നുള്ള ഷോട്ട്. നിനച്ചിരിക്കാതെ വന്ന ഷോട്ട് കണ്ടുനിൽക്കാനേ ഗോവൻ ഗോളിക്കായുള്ളൂ.

ഒരു മാറ്റം വരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഫത്തോർഡയിൽ ഇറങ്ങിയത്. ഡക്കൻസ് നാസനു പകരം ബെൽഫോർട്ടിനെ ആദ്യ ഇലവനിൽ ഇറക്കി. 4–2–3–1 ഫോർമേഷനിൽ റാഫിയെ മുന്നിൽ നിർത്തി തൊട്ടുപിന്നിൽ മൈക്കൽ ചോപ്രയെ ഇറക്കിക്കൊണ്ട് പ്രതിരോധത്തിനു മുൻതൂക്കം നൽകി. എന്നാൽ മറുവശത്ത് ഗോവ മധ്യനിരയ്ക്കു മുൻ തൂക്കം നൽകി 3–5–2 ഫോർമേഷനിൽ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ബ്രസീൽ കോച്ച് സീക്കോ നിലനിർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.