സർജിക്കൽ സ്ട്രൈക്
സർജിക്കൽ സ്ട്രൈക്
Sunday, October 23, 2016 11:23 AM IST
കുവാന്റൻ: രാജ്യത്തിനായി ജീവൻ സമർപ്പിച്ച സൈനികർക്കായി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാക്കിസ്‌ഥാനെ തോൽപ്പിക്കുമെന്ന വാക്ക് നായകൻ പി.ആർ. ശ്രീജേഷ് പാലിച്ചു. ചിരവൈരികളായ പാക്കിസ്‌ഥാനെ ഇന്ത്യ 3–2ന് തകർത്തു. ഏതൊരു ഇന്ത്യ–പാക്കിസ്‌ഥാൻ മത്സരവും പോലെ വീറും വാശിയും നിറഞ്ഞ മത്സരമാണ് മലേഷ്യയിലെ കൗന്റനിൽ അരങ്ങേറിയത്. ശ്രീജേഷും കൂട്ടരും വിജയം ആഘോഷിച്ചു. റൗണ്ട്റോബിൻ മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ജയമാണ്. പാക്കിസ്‌ഥാനെതിരേയുള്ള മത്സരത്തിൽ തന്റെ ടീം വിജയത്തിനായി നൂറു ശതമാനവും കളത്തിൽ പുറത്തെടുക്കുമെന്ന ക്യാപ്റ്റന്റെ പ്രഖ്യാപനം അക്ഷരംപ്രതി ശരിവയ്ക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. ഒരുഘട്ടത്തിൽ 2–1ന് പിന്നിൽനിന്നശേഷം വേഗമേറിയ നീക്കങ്ങളിലൂടെ രണ്ടു ഗോൾ തിരിച്ചടിച്ച് ഇന്ത്യ വിജയിക്കുകയായിരുന്നു.

ഇരുടീമുകളും വിജയത്തിൽ കുറഞ്ഞല്ലാതെ ഒന്നും പ്രതീക്ഷിക്കുന്നില്ലാത്തതുകൊണ്ടു മത്സരം ആവേശകരമായിരുന്നു. എന്നാൽ അവസാന ചിരി ഇന്ത്യക്കായിരുന്നു. പ്രദീപ് മോർ (22), രുപീന്ദർപാൽ സിംഗ് (43), രമൺദീപ് സിംഗ് (44) എന്നിവരാണ് ഇന്ത്യക്കുവേണ്ടി വല കുലുക്കിയത്. പാക്കിസ്‌ഥാനായി മുഹമ്മദ് റിസ്വാൻ സീനിയർ (33), മുഹമ്മദ് ഇർഫാൻ ജൂണിയർ (39) എന്നിവർ ഗോൾ നേടി.

ആദ്യ ക്വാർട്ടറിൽ പാക്കിസ്‌ഥാനായിരുന്നു ആധിപത്യം. പാക്കിസ്‌ഥാന്റെ മുന്നേറ്റങ്ങളെ ശക്‌തമായ പ്രതിരോധം തീർത്ത് ഇന്ത്യ തകർത്തു. കഠിനമായി പൊരുതിയാണ് ഇന്ത്യ കളിയുടെ നിയന്ത്രണം തിരിച്ചു പിടിച്ചത്.

ഗോൾരഹിതമായി കലാശിച്ച ആദ്യ ക്വാർട്ടറിനുശേഷം ഇന്ത്യ ക്ലോസ് റേഞ്ചിൽനിന്നു പ്രദീപ് മോറിന്റെ ഫീൽഡ് ഗോളിൽ മുന്നിലെത്തി. പതിമ്മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ മോറിന്റെ ആദ്യ ഗോളായിരുന്നു. ഈ ഗോൾ വീണ ശേഷം പാക്കിസ്‌ഥാൻ പെട്ടെന്നുതന്നെ ഇന്ത്യയുടെ സർക്കിളിൽ നടത്തിയ ആക്രമണം വിജയിച്ചില്ല. എസ്.കെ. ഉത്തപ്പയുടെ കൗണ്ടർ അറ്റാക്ക് അഹമ്മദ് ഷക്കീൽ ബട്ട് തകർത്തു. മാരക ഫൗൾ ചെയ്ത ഈ നീക്കം ബട്ടിനെ പുറത്താക്കി. ഇന്ത്യയുടെ ലീഡിൽ ആദ്യ പകുതി പൂർത്തിയായി.


രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഹമ്മദ് റിസ്വാന്റെ ഗോളിൽ പാക്കിസ്‌ഥാൻ സമനില പിടിച്ചു. ഇന്ത്യയുടെ പ്രതിരോധത്തിന്റെ പിഴവാണു റിസ്വാനെ ഗോൾ നേടാൻ സഹായിച്ചത്. ആരുടെയും മാർക്കിംഗ് ഇല്ലാതെ നിന്ന റിസ്വാൻ ലോംഗ് പോൾ പിടിച്ചെത്ത് ഇന്ത്യയുടെ വലകുലുക്കി. അധികം വൈകാതെ തന്നെ ഇന്ത്യൻ നായകനും മലയാളി ഗോൾ കീപ്പറുമായ ശ്രീജേഷിനെ കബളിപ്പിച്ച് മുഹമ്മദ് ഇർഫാൻ പാക്കിസ്‌ഥാനെ മുന്നിലെത്തിച്ചു. ഈ ലീഡിനു മുന്നിൽ പതറാതെ കളിച്ച ഇന്ത്യക്ക് അനുഗ്രഹമായി 43–ാം മിനിറ്റിൽ പെനാൽറ്റി കോർണർ ലഭിച്ചു. ഭംഗിയായി തന്നെ ഇന്ത്യ ഈ അവസരം വിനിയോഗിച്ചു രുപീന്ദർ പാൽ സിംഗിന്റെ സ്റ്റിക്കിൽനിന്നു പന്ത് വലയിൽ. അടുത്ത മിനിറ്റിൽ പാക്കിസ്‌ഥാൻ പ്രതിരോധക്കാർ സജ്‌ജമാകും മുമ്പേ ഇന്ത്യ അടുത്ത വെടിയും പൊടിച്ചു. ഇതു വന്നത് രമൺദീപ് സിംഗിൽനിന്ന്. തൽവീന്ദർ സിംഗിന്റെ നേരേയുള്ള ക്രോസ് പാക്കിസ്‌ഥാൻ പ്രതിരോധക്കാരനിൽ തട്ടി വന്ന പന്ത് രമൺദീപ് സിംഗ് വലയിലേക്ക് തൊടുത്ത് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. നാലാം ക്വാർട്ടറിൽ പെനാൽറ്റി കോർണറുകൾ വഴങ്ങാതെ മികച്ച പ്രതിരോധം തീർത്ത് ഇന്ത്യ പാക്കിസ്‌ഥാന്റെ മുന്നേറ്റങ്ങളെ ചെറുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.