ബിസിസിഐക്കു സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ബിസിസിഐക്കു സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
Wednesday, September 28, 2016 12:07 PM IST
ന്യൂഡൽഹി: ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനു (ബിസിസിഐ) സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സുപ്രീം കോടതി നിർദേശങ്ങൾ ധിക്കരിക്കാൻ ബിസിസിഐയെ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. ബിസിസിഐക്കെതിരേ കർശന നടപടികളെടുക്കുമെന്നു കുറ്റപ്പെടുത്തിയ സുപ്രീം കോടതി ബിസിസിഐയുടെ പെരുമാറ്റം പ്രഭുക്കൻമാരുടെ പോലെയാണെന്നും നിരീക്ഷിച്ചു. നിയമങ്ങൾക്ക് കീഴ്പ്പെട്ടില്ലെങ്കിൽ ബിസിസിഐയെ വരച്ച വരയിൽ നിർത്താൻ മറ്റു നടപടികൾ സ്വീകരിക്കും. ബിസിസിഐയിൽ നിന്നും ധിക്കാരപരമായ പെരുമാറ്റം ഉണ്ടാകുമെന്നു കരുതിയില്ലെന്നും ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂർ വ്യക്‌തമാക്കി.

സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമർശനങ്ങൾ നടത്തിയത്. തങ്ങൾക്കു മാത്രമായി പ്രത്യേക നിയമങ്ങളാണെന്ന നിലപാടാണു ബിസിസിഐ സ്വീകരിക്കുന്നതെന്നും അത് തെറ്റാണെന്നും മാറാൻ തയ്യാറായില്ലെങ്കിൽ കോടതിക്ക് നടപടികൾ എടുക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. കേസ് ഒക്ടോബർ ആറിനു വീണ്ടും പരിഗണിക്കും. ഇതിനു മുൻപായി ബിസിസിഐ കോടതിയിൽ വിശദീകരണം നൽകണം.

ബിസിസിഐക്കെതിരെ കടുത്ത നിലപാടുകളാണ് ലോധ കമ്മിറ്റി സുപ്രീം കോടതിയിൽ എടുത്തത്, കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാത്ത ബിസിസിഐയിലെ അംഗങ്ങളെ പുറത്താക്കണമെന്ന് കമ്മിറ്റി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. 79 പേജുള്ള റിപ്പോർട്ടാണ് കമ്മിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. സെപ്റ്റംബർ 21നു നടന്ന ബിസിസിഐ വാർഷിക യോഗത്തിന്റെ മിനിട്ട്സ് ലോധ കമ്മിറ്റിക്കു കൈമാറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ യോഗത്തിലെടുത്ത പല തീരുമാനങ്ങളും സുപ്രീം കോടതി നിർദേശങ്ങളുടെ ലംഘനമായിരുന്നെന്നും കുറ്റപ്പെടുത്തുന്നു.

അതേസമയം, ലോധ കമ്മിറ്റിയുടെ മിക്കവാറും നിർദേശങ്ങൾ ബിസിസിഐ പാലിക്കുന്നുണ്ടെന്നും ബാക്കിയുള്ളവ ക്രമേണ അനുസരിക്കാമെന്നും ബിസിസിഐയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ കോടതിയെ അറിയിച്ചു.


ഐപിഎൽ വാതുവയ്പ്പ് വിവാദത്തെ തുടർന്ന് ബിസിസിഐയെ ഉടച്ച് വാർക്കുന്നതിനായി 2013 ലാണ് സുപ്രീം കോടതി, മുൻ ചീഫ് ജസ്റ്റീസ് ആർഎം ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയമിച്ചത്. ബിസിസിഐയിൽ സമഗ്ര പരിഷ്ക്കരണം ലക്ഷ്യം വെച്ച് ലോധ കമ്മിറ്റി സമർപ്പിച്ച പരിഷ്കാര നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ ബിസിസിഐ വിമുഖത കാണിക്കുന്നുവെന്നാണ് കമ്മിറ്റിയുടെ പരാതി.

പ്രസിഡന്റും ബിജെപി എംപിയുമായ അനുരാഗ് ഠാക്കൂർ, സെക്രട്ടറി അജയ് ഷിർകെ അടക്കമുള്ളവരെ ബിസിസിഐയിൽ നിന്ന് പുറത്താക്കണമെന്നാണ് കമ്മിറ്റി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിയിൽ മൂന്ന് അംഗങ്ങൾ മാത്രമെ ഉണ്ടാകാവുവെന്നും ഈ അംഗങ്ങൾ മുൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരാവണമെന്നും ലോധ കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം ബിസിസിഐ തള്ളിക്കളഞ്ഞിരുന്നു.

സെപ്തംബർ 21ന് മുംബൈയിൽ നടന്ന വാർഷിക യോഗത്തിൽ സെലക്ഷൻ കമ്മിറ്റിയിലേക്ക് അഞ്ചു പേരെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വർഷത്തെ ബിസിസിഐയുടെ പ്രവർത്തനങ്ങളേക്കുറിച്ചുള്ള അവലോകനം മാത്രമെ ജനറൽ ബോഡിയിൽ നടത്താവൂ എന്നും കമ്മിറ്റി വാർഷിക യോഗത്തിനു മുൻപ് നിർദേശം നൽകിയിരുന്നെങ്കിലും അതും ബിസിസിഐ ലംഘിച്ചിരുന്നു. പുതിയതായി നിയമനങ്ങളോ പരിഷ്കാരങ്ങളോ നടത്തിയാൽ അത് കോടതി അലക്ഷ്യമാകുമെന്നും ലോധ കമ്മിറ്റി വ്യക്‌തമാക്കിയിരുന്നു.

ജസ്റ്റീസ് ലോധ സമിതിയുടെ നിർദേശങ്ങൾ നിരാകരിച്ച് ബിസിസിഐ അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയെയും പുതിയ സെക്രട്ടറിയെയും തെരഞ്ഞെടുത്തിരുന്നു. സെലക്ഷൻ കമ്മിറ്റി മൂന്നംഗ പാനൽ ആയിരിക്കണം, എല്ലാവർക്കും ടെസ്റ്റ് മൽസരപരിചയം ഉണ്ടായിരിക്കണം എന്ന ലോധ കമ്മിറ്റി നിർദ്ദേശങ്ങൾ നിരാകരിച്ചാണ് ബിസിസിഐ അഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തത്. ഐപിഎൽ വാതുവയ്പ് വിവാദത്തെത്തുടർന്ന് ബിസിസിഐയെ ഉടച്ചു വാർക്കുന്നതിനായി 2013 ലാണ് സുപ്രീംകോടതി ജസ്റ്റീസ് ലോധ സമിതിയെ നിയമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.