ഗംഭീർ ടീമിൽ മടങ്ങിയെത്തി
ഗംഭീർ ടീമിൽ മടങ്ങിയെത്തി
Wednesday, September 28, 2016 12:07 PM IST
ന്യൂഡൽഹി: ഇടങ്കയ്യൻ ബാറ്റ്സ്മാനും ഓപ്പണറുമായ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്കാണു ഗംഭീറിനെ ഉൾപ്പെടുത്തിരിക്കുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ഗംഭീർ ടീമിലെത്തിയിരിക്കുന്നത്. ഓപ്പണർ കെ.എൽ. രാഹുലിനു പരിക്കേറ്റതിനാലാണ് രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഗംഭീറിന് അവസരം ലഭിച്ചത്. നേരത്തെ ഗംഭീർ ശാരീരികക്ഷമത പരിശോധനയിൽ വിജയിച്ചിരുന്നു.

ദുലീപ് ട്രോഫിയിൽ തുടർച്ചയായി നടത്തിയ മികച്ച പ്രകടനമാണ് ഗംഭീറിന് തുണയായത്. ആദ്യ ടെസ്റ്റിനുള്ള ടീമിനെ തെരഞ്ഞെടുത്തപ്പോൾ ഗംഭീറിനെ സെലക്ടർമാർ തഴഞ്ഞത് വിവാദമായിരുന്നു. എന്നാൽ, ഒന്നാം ടെസ്റ്റിനിടെ ഓപ്പണർ രാഹുലിന് പരിക്കേറ്റത് ഗംഭീറിന് അവസരമായി. ഗംഭീറല്ലാതെ മറ്റൊരു ഓപ്പണിംഗ് ബാറ്റ്സ്മാന്റെ പേര് നിലവിൽ സെലക്ടർമാരുടെ മുന്നിൽ ഉണ്ടായിരുന്നില്ല. കാൺപുർ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ രാഹുൽ ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല. പന്ത്രണ്ടാമൻ ശിഖർ ധവാനാണ് രാഹുലിനു പകരം ഫീൽഡ് ചെയ്തത്.

94, 36, 90, 59, 77 എന്നിങ്ങനെ റൺസടിച്ചു ദുലീപ് ട്രോഫിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടും ഗൗതം ഗംഭീറിന് ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലെത്താനായിരുന്നില്ല. നേരത്തെ ടീമിൽ ഇടം ലഭിക്കാതെ പോയതിൽ ഗംഭീർ നിരാശനായിരുന്നു. അത് അദ്ദേഹം മറച്ചുവച്ചുമില്ല. എനിക്ക് നിരാശയുണ്ട്. പക്ഷേ, എന്നെ തോൽപ്പിക്കാനാവില്ല. എനിക്ക് ആശങ്കയുണ്ട് പക്ഷേ ഞാനൊരു ഭീരുവല്ല. ധൈര്യമാണ് എന്റെ അഭിമാനം, ഞാൻ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും എന്നാണ് ഗംഭീർ പറഞ്ഞത്.


കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശോഭിച്ച താരങ്ങളിൽ പ്രധാനിയായിരുന്നു ഈ ഡൽഹിക്കാരൻ. 2007 ലെ ട്വന്റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയ ടീമിൽ അദ്ദേഹമുണ്ടായിരുന്നു. രണ്ടു ഫൈനലിലും മികച്ച പ്രകടമാണ് അദ്ദേഹം പുറത്തെടുത്തത്. രണ്ട് ഫൈനലിലും ഇന്ത്യയുടെ ടോപ് സ്കോറർ ഗംഭീറായിരുന്നു. ട്വന്റി 20 ഫൈനലിൽ 57 ഉം ഏകദിന ലോകകപ്പ് ഫൈനലിൽ 97 ഉം റൺസാണ് ഗംഭീറിന്റെ ബാറ്റിൽ നിന്നു പിറന്നത്.

തുടക്കക്കാരന്റെ ആകാംക്ഷയോടെ ഞാൻ വരുന്നു: ഗംഭീർ

ടീമിൽ മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് ഗംഭീർ ട്വിറ്ററിൽ കുറിച്ച വാക്കുകൾ വൈറലായി. വളരെ വികാരഭരിതമായ വാക്കുകളാണ് അദ്ദേഹം കുറിച്ചത്. ‘‘ഈഡൻ, മനസിൽ ഒരുപാടു സ്വപ്നങ്ങളുമായി ഞാൻ വരികയാണ്. ഒരു തുടക്കക്കാരന്റെ ആകാംക്ഷയും അനുഭവസമ്പന്നനായ വ്യക്‌തിയുടെ കരുത്തും എനിക്ക് അനുഭവപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റ്, ചുവന്ന പന്ത്, വെള്ള ജഴ്സി, ഇന്ത്യയുടെ തൊപ്പി ഇതൊക്കെ വീണ്ടും ജീവിതത്തിന്റെ ഭാഗമാകുന്നു. ഇവയെല്ലാം അനുഭവിക്കാൻ പോകുന്നു. രാജ്യത്തിനായി കളിക്കുന്നതിലും വലിയ ബഹുമതി വേറെയില്ല. ഇങ്ങനെ ഒരു അവസരം നൽകിയ ബിസിസിഐക്കും സഹതാരങ്ങൾക്കും നന്ദി’’’ എന്നു പറഞ്ഞാണ് അദ്ദേഹം ട്വിറ്റർ സന്ദേശം അവസാനിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.