അണ്ടർ 17 ലോകകപ്പ് ലോഗോ പുറത്തിറക്കി
അണ്ടർ 17 ലോകകപ്പ് ലോഗോ പുറത്തിറക്കി
Tuesday, September 27, 2016 11:29 AM IST
പനാജി: ഫിഫ ഇന്ത്യയിൽ നടത്തുന്ന ഏറ്റവും വലിയ ടൂർണമെന്റിന് കാഹളമായി. അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന്റെ ലോഗോ പനാജിയിൽ നടന്ന ചടങ്ങിൽ ഫിഫ തലവൻ ജിയാനി ഇൻഫാന്റിനോ പ്രകാശനം ചെയ്തു.

ലോകകപ്പിന്റെ ആകൃതിയിലുള്ളതാണ് ലോഗോ. ഫുട്ബോളിൽ ഉറങ്ങുന്ന സിംഹമായാണ് ഇന്ത്യയെ പൊതുവെ വിലയിരുത്തുന്നതെങ്കിലും ലോകത്ത് ഏറ്റവും അധികം ആവേശത്തോടെ ഫുട്ബോളിനെ കാണുന്നവരാണ് ഇന്ത്യയിലേതെന്നു കൂടി താൻ മനസിലാക്കുന്നുവെന്ന് ചടങ്ങിൽ ഇൻഫാന്റിനോ പറഞ്ഞു. ഫിഫ പ്രസിഡന്റായ ശേഷം ആദ്യമായാണ് ഇൻഫാന്റിനോ ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയിൽ ഫുട്ബോൾ അതിവേഗം വളരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇനിയും വളരണം. അതിനു കൂടുതൽ സൗകര്യങ്ങളുണ്ടാകണം. രാജ്യത്തിന്റെ എല്ലാ മൂലയിലും ഫുട്ബോളിന്റെ പ്രചാരണം എത്തണം –ഇൻഫാന്റിനോ പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അധ്യക്ഷൻ ഷേക്ക് സൽമാൻ ബിൻ അൽ ഖലീഫ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




ഇന്ത്യയിൽ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ടൂർണമെന്റ് സഹായകരമാകുമെന്ന് പ്രഫുൽ പട്ടേൽ വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ യുവാക്കളുടെ ഇടയിൽ ഇപ്പോൾ തന്നെ ഫുട്ബോളിനു വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോകകപ്പിലേക്കു പരിഗണിക്കുന്ന താരങ്ങളടങ്ങിയ ഇന്ത്യയുടെ അണ്ടർ 16 ടീം ബ്രിക്സ് രാജ്യങ്ങളുടെ ടൂർണമെന്റിൽ കളിക്കും. ഒക്ടോബർ അഞ്ചിനു തുടങ്ങുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ എതിരാളി റഷ്യയാണ്. ഗോവയിലാണ് ടൂർണമെന്റ്. അഞ്ചു രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും. ഇന്ത്യയെ കൂടാതെ ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. ഒക്ടോബർ ഏഴിന് ദക്ഷിണാഫ്രിക്കയെയും 11ന് ചൈനയെയും 13ന് ബ്രസീലിനെയും നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.