ഗംഭീർ മടങ്ങിവരുന്നു
ഗംഭീർ മടങ്ങിവരുന്നു
Tuesday, September 27, 2016 11:29 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ മികച്ച ഓപ്പണർ ഗൗതം ഗംഭീർ വീണ്ടും ഇന്ത്യൻ ടീമിലേക്കെന്നു സൂചന. മോശം ഫോമും നായകൻ എം.എസ്. ധോണിയുമായുള്ള അഭിപ്രായ വ്യത്യാസവും കാരണം ടീം ഇന്ത്യയിൽ നിന്നും ദീർഘകാലമായി പുറത്തു നിൽക്കുന്ന ഗൗതം ഗംഭീറിന് വീണ്ടും അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓപ്പണർ കെ.എൽ. രാഹുലിന് പരിക്കേറ്റതോടെയാണ് ഗംഭീറിനു കളമൊരുങ്ങിയത്. ഓപ്പണറായി ഗംഭീറിനെ കൊണ്ടുവരണമെന്ന് ടീമിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടത്രേ.

മഹേന്ദ്രസിംഗ് ധോണി ടെസ്റ്റിൽനിന്ന് വിടപറഞ്ഞതിന് പിന്നാലെ വിരാട് കോഹ്ലി ടീം ക്യാപ്റ്റൻ സ്‌ഥാനത്തേക്ക് എത്തിയിരുന്നു. കോഹ്ലിയും ഗംഭീറും ഡൽഹിക്കാരാണ്. ഇരുവരും ദീർഘകാലം ഡൽഹിക്ക് വേണ്ടി പാഡണിയുകയും ചെയ്തിട്ടുണ്ട്. കോഹ്ലിയുടെ പിന്തുണയാണ് ഗംഭീറിന് ടീം ഇന്ത്യയിലേക്കുള്ള വാതിൽ തുറക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ദുലീപ് ട്രോഫിക്കിടെ അനിൽ കുംബ്ലെ ഗംഭീറിനെ സന്ദർശിച്ചിരുന്നു.

കാൺപുർ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ രാഹുൽ ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല. പന്ത്രണ്ടാമൻ ശിഖർ ധവാനാണ് രാഹുലിന് പകരം ഫീൽഡ് ചെയ്തത്. 2014–ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഗംഭീർ ഒടുവിൽ ഇന്ത്യൻ കുപ്പായമണിഞ്ഞത്. ഓവൽ ടെസ്റ്റിൽ അവസരം ലഭിച്ച ഗംഭീറിന് രണ്ട് ഇന്നിംഗ്സുകളിൽ നിന്നായി മൂന്ന് റൺസ് മാത്രമാണ് നേടാനായത്. ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിനായുള്ള ഗംഭീറിന്റെ ശാരീരികക്ഷമതാ പരിശോധന ബംഗളൂരുവിൽ നടന്നു. ഗംഭീർ തന്റെ ഫിറ്റ്നസ് തെളിയിച്ചതായാണ് വിവരം. ഏകദിന ടീമിലേക്ക് യുവ് രാജ് സിംഗിനെയും പരിഗണിക്കുമെന്നാണ് അറിയുന്നത്. യുവിയുടെ ശാരീരിക ക്ഷമതാ പരിശോധനയും ഇന്നലെ നടന്നു.


56 ടെസ്റ്റുകൾ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള ഗംഭീർ മികച്ച റിക്കാർഡിന് ഉടമയാണ്. 42.58 ശരാശരിയിൽ 4,046 റൺസ് ഗംഭീർ സ്കോർ ചെയ്തിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച കോൽക്കത്തയിൽ തുടങ്ങും. ആദ്യ ടെസ്റ്റിൽ ഇന്ത്യ 197 റൺസിന് വിജയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.