അതെ, നോർത്ത് ഈസ്റ്റ് ഒരു സാമ്രാജ്യമാണ്
അതെ, നോർത്ത് ഈസ്റ്റ് ഒരു സാമ്രാജ്യമാണ്
Monday, September 26, 2016 10:27 AM IST
അനു സെബാസ്റ്റ്യൻ

ഐഎസ്എൽ ഒരു യുദ്ധമാണെന്ന് കരുതുക. എട്ട് ടീമുകൾ പങ്കെടുക്കുന്ന മൂന്നുമാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ യുദ്ധം. ഓരോ ടീമിനും സ്വന്തം പേരിനൊപ്പം ഒരു സംസ്‌ഥാനം. ആകെയുള്ള എട്ട് ടീമുകളിൽ ഏഴും സ്വയം ഒരു രാജ്യമായി സങ്കൽപ്പിച്ച് കളത്തിലിറങ്ങുമ്പോൾ നോർത്ത് ഈസ്റ്റ് ഇറങ്ങുന്നത് സ്വയം ഒരു സാമ്രാജ്യമായി പ്രഖ്യാപിച്ചാണ്. എട്ട് സംസ്‌ഥാനങ്ങളുടെ പേരിൽ ഇറങ്ങുന്ന ഒരു വലിയ സാമ്രാജ്യം.

ആസാം, നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ, സിക്കിം, അരുണാചൽപ്രദേശ്, ത്രിപുര, മിസോറാം എന്നീ എട്ടു സംസ്‌ഥാനങ്ങളുടേയും പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റിയാണ് നോർത്ത് ഈസ്റ്റിന്റെ കടന്നുവരവ്. ഒക്ടോബർ ഒന്നിന് ഗോഹട്ടിയിൽ ഐഎസ്എൽ മൂന്നാം സീസണ് തുടക്കമാകുമ്പോൾ ഉദ്ഘാടന മത്സരത്തിൽ നോർത്ത് ഈസ്റ്റ് മത്സരിക്കുന്നത് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിനെതിരേയാണ്. കഴിഞ്ഞ രണ്ടുസീസണിലേക്കു തിരിഞ്ഞുനോക്കുമ്പോൾ കണക്കുപുസ്തകത്തിൽ നോർത്ത് ഈസ്റ്റിന് പറയത്തക്ക നേട്ടങ്ങളൊന്നുമില്ല. ആദ്യ സീസണിൽ അവസാന സ്‌ഥാനത്തും കഴിഞ്ഞ സീസണിൽ അഞ്ചാംസ്‌ഥാനത്തുമായിരുന്നു ടീം. അതുകൊണ്ടുതന്നെ രണ്ടിലൊന്ന് തീരുമാനിച്ചാണ് എട്ട് സംസ്‌ഥാനങ്ങളുടെ ഒരേയൊരു ഫുട്ബോൾ ടീം ഇത്തവണ ഐഎസ്എലിലേക്കെത്തുന്നത്.

പോർച്ചുഗൽ അണ്ടർ– 20 ടീമിന് രണ്ടുതവണ ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ നെലോ വിനാൻഗാഡെയാണ് നോർത്ത് ഈസ്റ്റിന്റെ പുതിയ തന്ത്രജ്‌ഞൻ. സൗദിക്കൊപ്പം എഎഫ്സി കപ്പും സോൾ എഫ്സിക്കൊപ്പം കൊറിയൻ ലീഗും ഈ പോർച്ചുഗീസുകാരൻ നേടിക്കൊടുത്തിരുന്നു. കൂടാതെ പരിശീലനരംഗത്തുള്ള 24 വർഷങ്ങളുടെ പരിചയവും വിനാൻഗാഡയ്ക്ക് മുതൽക്കൂട്ടാവും. കഴിഞ്ഞവർഷം പൂന എഫ്സി യുടെ പ്രതിരോധക്കോട്ട കാത്ത ദിദിയെ സെക്കോറയാണ് ഇത്തവണ നോർത്ത് ഈസ്റ്റ് ടീം നിരയുടെ മാർക്വീ താരം. കളിക്കളത്തിൽ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന ഈ ഐവറികോസ്റ്റ് താരത്തിലാണ് നോർത്ത് ഈസ്റ്റിന്റെ പ്രതീക്ഷ. എട്ടടി ഉയരവും 24 അടി നീളവുള്ള ഗോൾപോസ്റ്റിലേക്കെത്തുമ്പോൾ കാര്യങ്ങൾ കുറേക്കൂടി സുരക്ഷിതമാണ്. കഴിഞ്ഞ രണ്ടു സീസണിലും വലകാത്ത മലയാളി ഗോൾകീപ്പർ ടി.പി. രഹനേഷ് മികച്ച ഫോമിലാണ്.


കൂടാതെ ഇന്ത്യൻ ഫുട്ബോളിലെ ചോരാത്ത കൈകളായ സുബ്രതോ പാലും ബ്രസീലിയൻ താരം വെല്ലിംഗ്ടൺ ലിമയും ഗ്ലൗസണിഞ്ഞെത്തും. ബ്രസീലിൽ നിന്നുള്ള രണ്ടുതാരങ്ങളെയാണ് പ്രത്യാക്രമണങ്ങൾ തടുക്കാൻ ഇറക്കിയിരിക്കുന്നത്. മെയിൽസൻ ആൽവ്സും ഗുസ്താവോ ലാസാറെറ്റിയുമാണവർ. ഇവർക്കൊപ്പം മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം നിർമൽ ഛേത്രിയും ഡൈനാമോസ് താരമായിരുന്ന സൗവിക്ക് ഘോഷും ചേരുന്നതോടെ പ്രതിരോധക്കോട്ട ശക്‌തം. മാർക്വീ താരമായ ദിദിയെ സൊക്കോറ നയിക്കുന്ന മധ്യനിരയിൽ സ്വന്തം രാജ്യക്കാരനായ റൊമാരിയും ജപ്പാൻ താരമായ കാത്്സുമിയുസയും ഇന്ത്യൻ താരം സത്യസെൻ സിംഗും കളി മെനയും.

ഗോളുകളുടെ എണ്ണത്തിൽ പിശുക്ക് കാണിക്കുന്ന ടീമെന്ന ചീത്തപ്പേര് നോർത്ത് ഈസ്റ്റിന് ആദ്യ സീസൺ മുതലേ ഉണ്ടായിരുന്നു. അപവാദ പ്രചാരണങ്ങൾക്കു മറുപടിയെന്നോണമാണ് ഇത്തവണ നോർത്ത് ഈസ്റ്റ് മുന്നേറ്റനിരയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയത്. ഉറുഗ്വെൻ താരങ്ങളായ എമിലാനോ അൽഫാറോയ്ക്കും സാഷ അനഫിനുമൊപ്പം അർജന്റൈൻ താരം നിക്കോളാസ് വെലസുകൂടി എത്തുന്നതോടെ എതിരാളികൾക്കു പണി കൂടുമെന്നുറപ്പ്. ടീമിലെ യുവരക്‌തങ്ങളായ ഹോളിചരൺ നർസാരിയും സുമിത് പാസിയും ആക്രമണത്തിലേക്കിറങ്ങുമ്പോൾ ഐഎസ്എൽ മൂന്നാം സീസണിൽ നോർത്ത് ഈസ്റ്റെന്ന സാമ്രാജ്യത്തെ എന്തുകൊണ്ടും മറ്റുള്ളവർ ഭയക്കണം.

മാർക്വീ താരം– ദിദിയെ സൊക്കോറ

പ്രതീക്ഷകൾ : മാർക്വീ താരമായ ദിദിയെ സൊക്കോറയുടെ നേതൃത്വത്തിലുള്ള മികച്ച മധ്യനിരയിലൂടെയായിരിക്കും കളിയുടെ നിയന്ത്രണം . പരിചയ സമ്പന്നരായ ഗോൾകീപ്പർമാർ ടീമിനെ അരക്കട്ടുറപ്പിക്കുന്നു.

ദൗർബല്യം : കഴിഞ്ഞ രണ്ട് സീസണിലെ 28 കളികളിലായി ആകെ നേടിയത് 29 ഗോളുകൾ. ഇത്തവണയും പഴയ കണക്കുകളാവർത്തിച്ചാൽ നോർത്ത് ഈസ്റ്റിന് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.