ഇന്ന് റയൽ – ബൊറൂസിയ പോര്
Monday, September 26, 2016 10:27 AM IST
ബൊറൂസിയ: റയൽ മാഡ്രിഡ് ജർമനിയിലെത്തിക്കഴിഞ്ഞു, ബുണ്ടസ് ലിഗയിലെ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരിടാൻ. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് എഫിലെ രണ്ടാം പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും. ലാ ലിഗയിൽ ലാസ് പാൽമാസിനെതിരേ സമനിലയിൽ കുടുങ്ങിയതിന്റെ ക്ഷീണം തീർക്കാനാണ് റയൽ എത്തിയതെങ്കിൽ ബുണ്ടസ് ലിഗയിലെ വിജയം തുടരാനാണ് ബൊറൂസിയയുടെ തീരുമാനം. മാത്രവുമല്ല, അവർ അവസാനം കളിച്ച നാലു മത്സരങ്ങളിൽ നാലിലും വിജയിച്ചു. അതേസമയം, റയലിന്റെ കാര്യം അങ്ങനെയല്ല, ഫോമിന്റെ കാര്യത്തിൽ ചാഞ്ചാട്ടം തുടരുന്ന റയലിന്റെ പ്രകടനം പ്രവചനാതീതമാണ്. ഡോർട്ട്മുണ്ടിനെ 2012, 13, 14 വർഷങ്ങളിൽ നേരിട്ടപ്പോൾ റയലിനു പരാജയമായിരുന്നു ഫലം.

ലാ പാൽമാസിനെതിരായ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറച്ചു സമയം മാത്രമാണ് പരിശീലകൻ സിദാൻ കളത്തിലിറക്കിയത്. അതുകൊണ്ടുതന്നെ സമനില വഴങ്ങേണ്ടി വന്നു. ചാമ്പ്യൻസ് ലീഗിൽ പൂർണസമയവും കളിപ്പിക്കാനായിരുന്നു ഇത്തരത്തിലൊരു നീക്കം. മാരിയോ ടോഗ്സെ, പിയറി ഓബാമെയാംഗ്, ഷിൻജി കഗാവ തുടങ്ങിയവരടങ്ങിയ ടീം ശക്‌തമാണ്. ഗ്രൂപ്പിൽ ഇരു ടീമും ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു.


ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ടീം ടോട്ടനം ഹോട്സ്പർ റഷ്യൻ ടീം സിഎസ്കെഎ മോസ്കോയെ നേരിടും. ഹാരി കെയ്നും ഹ്യുംഗ് മിൻ സണ്ണും അടങ്ങിയ ടോട്ടനത്തിന്റെ മുന്നേറ്റനിര ശക്‌തമാണ്. പ്രീമിയർ ലീഗിൽ മിഡിൽസ്ബ്രോയെ 2–1നു പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും അവർക്കുണ്ട്. റോമൻ എറമെങ്കോയിലാണ് മോസ്കോയുടെ പ്രതീക്ഷ. ഇന്നു നടക്കുന്ന മറ്റൊരു പ്രധാന മത്സരം യുവന്റസിന്റേതാണ്. ഗ്രൂപ്പ് എച്ചിൽ യുവന്റസിന്റെ എതിരാളി ഡൈനാമോ സാഗ്രെബാണ്. മിന്നും ഫോമിൽ തുടരുന്ന യുവന്റസിനെ തോൽപ്പിക്കുക ഡൈനാമോ സഗ്രെബിന് ദുഷ്കരമായിരിക്കും.

ഇന്നത്തെ മത്സരങ്ങൾ

ബൊറൂസിയ ഡോർട്ട്മുണ്ട്– റയ.ൽ മാഡ്രിഡ്

സിഎസ്കെഎ മോസ്കോ– ടോട്ടനം

ഡൈനാമോ സാഗ്രെബ്– യുവന്റസ്

കോബൻഹാവ്ൻ– ക്ലബ് ബ്രുഗെ

ലീസ്റ്റർ സിറ്റി– പോർട്ടോ

മോണക്കോ– ബയർ ലെവർകുസൻ

സെവിയ്യ– ഒളിമ്പിക് ലിയോണൈസ്

സ്പോർട്ടിംഗ് – ലെഗിയ വാർസ്വാവ

(മത്സരങ്ങൾ രാത്രി 12.15ന് ടെൻ ചാനലുകളിൽ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.