ഐഎസ്എൽ മൂന്നാം പതിപ്പ് വരുന്നു
ഐഎസ്എൽ മൂന്നാം പതിപ്പ് വരുന്നു
Sunday, September 25, 2016 11:11 AM IST
അനു സെബാസ്റ്റ്യൻ


ഒരുപാട് ക്ഷമയുള്ളവരാണ് നമ്മൾ. അതുകൊണ്ടാണ് മറ്റു കളികളെല്ലാം അപേക്ഷിച്ച് ദൈർഘ്യമേറിയ ക്രിക്കറ്റ് ഇന്ത്യയുടെ ദേശീയ ആഘോഷമായി നാം കൊണ്ടാടുന്നത്. ട്വന്റി–20 ക്രിക്കറ്റ് മുതൽ ഏകദിനവും ടെസ്റ്റ് മത്സരങ്ങളുമെല്ലാം നമ്മുടെ “കായികക്ഷമതയുടെ” പര്യായങ്ങളാണ്. എന്നാൽ മൂന്നു വർഷങ്ങളായി നമ്മുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. ആഘോഷങ്ങളെല്ലാം നമ്മൾ 90 മിനിറ്റിൽ ചുരുക്കാൻ ശീലിച്ചിരിക്കുന്നു. അതിന്റെ കാരണങ്ങളേയും വികാരങ്ങളേയും ഗാലറിയിൽ തിങ്ങിനിറഞ്ഞ ജനഹൃദയങ്ങൾ ഏറ്റുവിളിക്കുന്നു. ഐഎസ്എൽ.. ഐഎസ്എൽ...

ഒക്ടോബർ ഒന്നിന് തുടക്കം കുറിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിലേക്കാണ് ചുവട് വയ്ക്കുന്നത്. എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന സീസണിൽ ഓരോ ടീമിനും 14 കളികൾ വീതം. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും ഗോഹട്ടിയിൽ കളിക്കുന്നതോടെ ഐഎസ്എൽ മൂന്നാംസീസണ് തുടക്കമാകും.

അണിയറനീക്കങ്ങൾ അനുകൂലമായാൽ അടുത്ത വർഷംമുതൽ ഐഎസ്എൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗ് ആയി മാറും. ഈ വർഷത്തെ ടീമിനെ പരിചയപ്പെടാം.

ചെന്നൈയിൻ എഫ്സി

എം.എസ്. ധോണിയും അഭിഷേക് ബച്ചനും ഉടമകളായ ചെന്നൈയിൻ എഫ്സി നിലവിലെ ചാമ്പ്യന്മാരാണ്. രണ്ട് സീസണിൽ പ്രതിരോധ വേഷത്തിലുണ്ടായിരുന്ന ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസി പരിശീലകനായതോടെ നിരവധി മാറ്റങ്ങളാണ് ടീമിൽ ഉണ്ടായിരിക്കുന്നത്. ലിവർപൂളിന്റെ ഇതിഹാസ താരമായിരുന്ന ജോൺ ആർനെ റീസെ എത്തിയതോടെ പ്രതിരോധനിരയും സുശക്‌തം. ഡച്ച് താരമായ ഹൻസ് മുൾട്ടർ മധ്യനിരയ്ക്ക് നേതൃത്വം നൽകുമ്പോൾ ഇറ്റലിയിൽനിന്നുള്ള ഡേവിഡ് സൂച്ചിയും മൗറീഷ്യോ പെലൂസോയും മുന്നേറ്റനിരയിൽ ചെന്നൈയുടെ പ്രതീക്ഷകൾ കാക്കും. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ വലകാത്ത ഗോൾകീപ്പർ എഡൽ ഇത്തവണ ഇല്ലാത്തത് ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു.

ടീം

ജോൺ ആർനെ റീസെ (മാർക്വീതാരം)

മുന്നേറ്റ നിര– ഡേവിഡ് സൂച്ചി, മൗറീഷ്യോ പെലൂസോ, ജെജെ ലാൽപെഖുലെ, ജയേഷ് റാണ, ബൽജിത്ത് സാഹ്നി, ഡാനിയേൽ ലാലം, ഉത്തംറായി.


മധ്യനിര– ഹൻസ് മുൾട്ടർ, മാനുവേൽ ബ്ലാസി, റാഫേൽഡ, ഹർമൻജ്യോത്, തോയ്സിംഗ്, ധനപാൽ ഗണേശ്, സിയാം ഹംഗൽ.

പ്രതിരോധം– ജോൺ ആർനെ റീസെ, ബർനാഡ് മെൻഡി, സാമ്പിയ, എഡർ ഫെർണാസ്, ധനചന്ദ്രസിംഗ്, നപ്പോളിയൻ, അഭിഷേക് ദാസ്, മെഹ്റാജുദ്ദീൻ.

ഗോൾകീപ്പർമാർ– പവൻകുമാർ, കരൺജിത് സിംഗ്.

എഫ്സി ഗോവ

കഴിഞ്ഞ തവണ ഫൈനലിൽ നേരിട്ട അപ്രതീക്ഷിത തോൽവിയിൽ അടിമുടി അഴിച്ചുപണി നടത്തിയാണ് എഫ് സി ഗോവ ഇത്തവണ ഐഎസ്എലിനിറങ്ങുന്നത്. ബ്രസീൽ ഇതിഹാസ താരമായിരുന്ന സീക്കോയുടെ പരിശീലനത്തിൻ കീഴിൽ ഇറങ്ങുന്ന ഗോവൻ ടീം വിജയത്തിൽക്കുറഞ്ഞതൊന്നും മൂന്നാം സീസണിൽ പ്രതീക്ഷിക്കുന്നില്ല. വിരാട് കോഹ്ലിയും ജയദേവ് മോഡിയും ഉടമകളാകുന്ന എഫ്സി ഗോവയ്ക്കു വേണ്ടി ബൂട്ടു കെട്ടുന്നത് എട്ട് ബ്രസീലിയൻ താരങ്ങളാണ്. ഇന്ത്യൻ താരങ്ങളെ മാത്രമായി വല കാക്കാൻ നിയോഗിച്ചത് പരിശീലകന്റെ അമിതആത്മവിശ്വാസമാകുമോയെന്നത് കാത്തിരുന്നുതന്നെ കാണണം. ഗോവൻ പ്രതിരോധക്കോട്ടയുടെ പ്രധാന കാവൽക്കാരനായി ബ്രസീൽ താരം ലൂസിയോ എത്തുമ്പോൾ ആക്രമണത്തിന്റെ ഉറവിടം സെന്റർ ബാക്കിൽനിന്നു തന്നെ പ്രതീക്ഷിക്കാം. മധ്യനിരയിൽ കളിയൊരുക്കുന്നതിന്റെ ചുമതല സ്പാനിഷ് താരം ജോഫ്രെയ്ക്കൊപ്പമാകുമ്പോൾ ഗോളുകളടിക്കുക എന്ന ദൗത്യം മാത്രമായിരിക്കും ബ്രസീൽ താരം റഫേൽ കൊയ്ലോയ്ക്കുള്ളത്.



ടീം

ലൂസിയോ (മാർക്വീതാരം)

മുന്നേറ്റ നിര– റഫേൽ കൊയ്ല, റിണാൾഡോ, റോബിൻ സിംഗ്

മധ്യനിര– ജോഫ്രി, റിച്ചാർലിസൺ, റോമിയോ ഫെർണാണ്ടസ്, മന്ദാർ ദേശായി, സാഹിൽ ടവോര, സഞ്ജയി ബൽമൂചും, പ്രതേഷ് ശിരോദ്കർ

പ്രതിരോധം– ലൂസിയോ, ഗ്രിഗറി അർനോലിൻ, റാഫേൽ ഡുമാസ്, സംബ്രോസ, രാജു ഗെയ്ക്വാദ്, ഡെൻസിൽ ഫ്രാങ്കോ, കർഡോസോ, കീനർ അൽമേഡ, ദേവബ്രദ റോയ്. ഗോൾകീപ്പർമാർ– ലക്ഷ്മികാന്ത് കട്ടിമണി, സുഭാഷിസ് റോയി, സുഖ്ദേവ് പാട്ടീൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.