ബയേൺ രക്ഷപ്പെട്ടു
Sunday, September 25, 2016 11:11 AM IST
ജോസ് കുമ്പിളുവേലിൽ

ബർലിൻ: ബുണ്ടസ് ലിഗയിൽ ഹാംബർഗർ എഫ്സിക്കെതിരേ അവസാന നിമിഷം ബയേൺ രക്ഷപ്പെട്ടു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം. ലോംഗ് വിസിലിന് തൊട്ടു മുൻപ് എൺപത്തിയെട്ടാം മിനിറ്റിൽ യുവതാരം ജോഷ്വ കിമ്മിഷിന്റെ ഇടങ്കാലൻ അടി ബയേണിന്റെ രക്ഷയായി.

മത്സരം സമനിലയിലേക്കു നിങ്ങുമെന്ന നിമിഷത്തിലാണ് ബയേണിന്റെ ഭാഗ്യഗോൾ കിമ്മിഷിന്റെ കാലിൽ നിന്നും പിറന്നത്. തിയാഗോയിൽ നിന്നും കിട്ടിയ പാസ് ഫ്രാങ്ക് റിബറിയിലേക്ക് റിബറി 40 മീറ്റർ അകലെനിന്നും നൽകിയ ലോംഗ് പാസ് വളരെ സുരക്ഷിതമായി എടുത്താണ് കിമ്മിഷ് വലയിലെത്തിച്ചത്. തിയാഗോ റിബറി കൂട്ടുകെട്ടിന്റെ സമ്മാനമാണ് കിമ്മിഷിന്റെ വിജയം.

ബയേണിന്റെ ഗോളടിയന്ത്രങ്ങളായ തോമസ് മ്യൂളറും ലെവൻഡോസ്കിയും കിണഞ്ഞു പരിശ്രമിച്ചിട്ടും ഗോളൊന്നും നേടാതിരുന്ന സാഹചര്യത്തിലാണ് കിമ്മിഷിന്റെ മികച്ച പ്രകടനം. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഹാംബുർഗ്എസ്വി ബയേൺ വല കുലുക്കാതിരുന്നത് അവരുടെ നിർഭാഗ്യമായി. ആദ്യപകുതിയുടെ 18ാം മിനിറ്റിൽ ലെവൻഡോസ്ക്കിക്കു പിഴച്ചത് കാണികളെ നിരാശപ്പെടുത്തി.


42–ാം മിനിറ്റിൽ മ്യുളറിലൂടെ ബയേൺ മുന്നിലെത്തുമെന്നു പ്രതീക്ഷിച്ചതും വെറുതെയായി. പട്ടികയിൽ അഞ്ചു കളികളിലായി 15 പോയിന്റു നേടി ബയേൺ ഏറ്റവും മുന്നിലാണ്. തൊട്ടു പിന്നിലായി ബോറുസിയ ഡോർട്ടുമുണ്ട് 12 പോയിന്റോടെ രണ്ടാമതും എഫ്സി കൊളോൺ 10 പോയിന്റോടെ മൂന്നാം സ്‌ഥാനത്തുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.