ഇന്ത്യക്കു റിയോയിൽ സംഭവിച്ചത്
ഇന്ത്യക്കു റിയോയിൽ സംഭവിച്ചത്
Tuesday, August 23, 2016 11:17 AM IST
<ആ>അജിത് ജി. നായർ

പതിനാറു ദിവസം നീണ്ടുനിന്ന കായിക മാമാങ്കം കൊടിയിറങ്ങി. ഇനി ഇന്ത്യക്കാർക്കു മുമ്പിൽ അവശേഷിക്കുന്ന ഒരേയൊരു ചോദ്യം ഇതാണ്, കായിക ഇന്ത്യക്ക് എന്തുപറ്റി? കഴിഞ്ഞ തവണ 83 താരങ്ങളുമായി പോയിട്ട് നേടിയത് ആറു മെഡലുകൾ(രണ്ടു വെള്ളി, നാലു വെങ്കലം), ഇത്തവണ സംഘബലം 118ലെത്തിയിട്ടും നേടാനായത് ഒരു വെള്ളിയും ഒരു വെങ്കലവും മാത്രം. കുറേ വിവാദങ്ങളുണ്ടായി എന്നതു മാത്രമാണ് മറ്റൊരു മെച്ചം. ഇന്ത്യൻ കായികതാരങ്ങൾ റിയോയിലേക്കു പോയിരിക്കുന്നത് വിനോദസഞ്ചാരത്തിനും സെൽഫിയെടുക്കാനുമാണെന്നു പറഞ്ഞ ശോഭാ ഡേയെപ്പോലുള്ളവർക്ക് മികച്ച പ്രകടനത്തിലൂടെ മറുപടി കൊടുക്കാൻ പോലും നമുക്കായില്ല.

രാജ്യത്തിന്റെ കായികമന്ത്രി റിയോയിൽ ചെന്നതു സംബന്ധിച്ചുണ്ടായ പുകിലുകൾ വേറെയും. മെഡൽ സാധ്യത കൽപ്പിക്കപ്പെടാതിരുന്ന പി.വി. സിന്ധുവും സാക്ഷി മാലിക്കും നേടിയ മെഡലുകളുണ്ടായിരുന്നതു കൊണ്ട് തലകുനിക്കാതെ മടങ്ങാൻ പറ്റി. തങ്ങൾക്കു നേടാൻ കഴിയാതെ പോയമെഡലുകളിൽ ദുഃഖിക്കാതെ ചൈനയുടെ മെഡൽ കുറഞ്ഞതിനേക്കുറിച്ചോർത്തു സന്തോഷിക്കുന്ന മാനസികാവസ്‌ഥയിൽ ആശ്വാസം കണ്ടെത്താനേ ഇന്ത്യക്കാർക്കു വിധിയുള്ളൂ.

എന്തിനായിരുന്നു നർസിംഗ് യാദവിനെ റിയോയിലേക്കയച്ചത് എന്നതിന് ഇന്ത്യയുടെ കൈയിൽ ഉത്തരമുണ്ടാവാൻ വഴിയില്ല. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി(നാഡ)യുടെ ക്ലിയറൻസ് റിയോയിൽ വാഡ ചോദ്യം ചെയ്യുമെന്ന് ഉറപ്പായിരുന്നു. നർസിംഗിനെ റിയോയിലെത്തിക്കുക എന്ന ഒറ്റ ലക്ഷ്യമേ ഇന്ത്യൻ ഒളിമ്പിക് സമിതിക്കുണ്ടായിരുന്നുള്ളൂ.

അതിലവർ വിജയിക്കുകയും ചെയ്തു. റിയോയിലെത്തിയതു മുതൽ നർസിംഗ് മത്സരിക്കുമോ ഇല്ലയോ എന്ന കാര്യം തീരുമാനമില്ലാതെ അനിശ്ചിതത്വമായി തുടർന്നു. അവസാനം മത്സരിക്കേണ്ട ദിവസം രാവിലെ പലർക്കും അറിയാമായിരുന്ന ആ വാർത്ത വന്നു. നർസിംഗിന് നാലു വർഷം വിലക്ക്. ആ താരത്തിന് ഇത് എന്തു മാത്രം മാനസിക വിഷമമുണ്ടാക്കിയിരിക്കാം. ഒളിമ്പിക്സിനു മുമ്പ് കാണിച്ച പോരാട്ടവീര്യം ഒളിമ്പിക്സിൽ കാണിച്ചിരുന്നെങ്കിൽ നമുക്ക് ഒരു മെഡലെങ്കിലും നേടാനാകുമായിരുന്നു.

3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഫൈനലിലെത്തിയ ലളിതാ ബാബറിനും ജിംനാസ്റ്റിക്സിൽ നാലാം സ്‌ഥാനം നേടി ചരിത്രം സൃഷ്‌ടിച്ച ദിപാ കർമാക്കറിനും നിർഭാഗ്യം കൊണ്ടുമാത്രമാണ് മെഡൽ നഷ്‌ടമായത്. മികച്ചഫോമിൽ നിൽക്കേ ഗുസ്തിയിൽ ക്വാർട്ടറിൽ പരിക്കേറ്റു പുറത്തായ വിനേഷ് ഫോഗട്ടും പരിഗണന അർഹിക്കുന്നു.

സിന്ധു, സാക്ഷി, ദിപ, ലളിത, വിനേഷ് ഈ അഞ്ചു വനിതകളായിരുന്നു ഇന്ത്യയുടെ തലതാഴാതെ ഉയർത്തിപ്പിടിച്ചത് . ഇന്ത്യയിൽ നിന്നു പോയ 63 പുരുഷതാരങ്ങളിൽ കിഡംബി ശ്രീകാന്തിനെയും അഭിനവ് ബിന്ദ്രയെയും 36 വർഷങ്ങൾക്കു ശേഷം ക്വാർട്ടറിൽ കടന്ന ഹോക്കി ടീമിനെയും ഒഴിച്ചു നിർത്തിയാൽ ഇന്ത്യ വട്ടപ്പൂജ്യമായി. ഇന്ത്യയുടെ റിയോയിലെ പ്രകടനം യാഥാർഥ്യങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ്.

<ആ>പരാജയത്തിന്റ കൂരിരുട്ടിൽ വിജയത്തിന്റെ മിന്നാമിനുങ്ങുകൾ


ബാഡ്മിന്റൺ

ലോക ഒന്നാം നമ്പർ കരോളിനാ മരീനോടു പരാജയപ്പെട്ട പി. വി സിന്ധുവിന് വെള്ളി മെഡൽ. ഈ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ഇന്ത്യൻ ഒന്നാം നമ്പർ സൈനാ നെഹ്വാൾ ആദ്യ റൗണ്ടിൽത്തന്നെ പുറത്ത്. കെ. ശ്രീകാന്തിന്റെ പോരാട്ടം ക്വാർട്ടർവരെ നീണ്ടു. ക്വാർട്ടറിൽ ഇതിഹാസതാരം ലിൻ ഡാനോടു പൊരുതി കീഴടങ്ങി. ഡബിൾസിലെ പ്രതീക്ഷയായ ജ്വാലാ ഗുട്ട– അശ്വിനി പൊന്നപ്പ സഖ്യവും മനു അത്രി–സുമീത് റെഡ്ഡി സഖ്യവും പ്രാരംഭ ഘട്ടം കടക്കുന്നതിൽ പരാജയപ്പെട്ടു.

<ആ>ഗുസ്തി

വ്യക്‌തിഗത വിഭാഗത്തിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ മെഡലുകൾ നേടിത്തന്ന ഇനങ്ങളിലൊന്നായ ഗുസ്തിയിൽ നിന്നു പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. കഴിഞ്ഞ തവണ ഒരു വെള്ളിയും വെങ്കലവും കിട്ടിയ സ്‌ഥാനത്ത് ഇത്തവണ ഒരു വെങ്കലം മാത്രം.

58 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടി സാക്ഷി മാലിക,് ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. 48 കിലോഗ്രാം വിഭാഗത്തിൽ മികച്ച പ്രകടനത്തോടെ ക്വാർട്ടറിലെത്തിയ വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ പരിക്കേറ്റു പുറത്തായത് ഇന്ത്യക്ക് നഷ്‌ടമാക്കിയത് ഒരു മെഡലാണ്. 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ബബിതാ കുമാരി പ്രീക്വാർട്ടറിൽ തോറ്റു. ലണ്ടൻ ഒളിമ്പിക്സിൽ നേടിയ വെങ്കലത്തിന്റെ പകിട്ടിലെത്തിയ യോഗേശ്വർ ദത്തിന് 65 കിലോഗ്രാം വിഭാഗത്തിൽ യോഗ്യതാറൗണ്ടു പോലും കടക്കാനായില്ല.

മെഡൽ നേടുമെന്നു പ്രതീക്ഷിച്ച സന്ദീപ് തോമറും പ്രീക്വാർട്ടർ ബൗട്ടിൽ പുറത്തായി. ഗ്രെക്കോ–റോമൻ ഗുസ്തിയിൽ മത്സരിച്ച രവീന്ദർ ഖത്രിക്കും ഹർദീപ് സിംഗിനും പ്രീക്വാർട്ടർ കടക്കാനായില്ല. 74 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന നർസിംഗ് യാദവിനെ അന്താരാഷ്ര്‌ട സ്പോർട്സ് ആർബിട്രേഷൻ കോടതി നാലു വർഷത്തേക്കു വിലക്കുകയും ചെയ്തു. നാഡയുടെ ക്ളീൻചിറ്റ് ചോദ്യം ചെയ്തുകൊണ്ട് വാഡ(അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി) സമർപ്പിച്ച അപ്പീലിന്മേലായിരുന്നു നടപടി.

<ആ>ജിംനാസ്റ്റിക്സ്

ദിപ കർമാക്കർ ജിംനാസ്റ്റിക് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമായി. വോൾട്ടിനത്തിൽ നാലാമതെത്താനും ദിപയ്ക്കായി

<ആ>ടെന്നീസ്

ഏറ്റവുമധികം മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നായ മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണ– സാനിയ മിർസ സഖ്യം സെമിയിലെത്തി. എന്നാൽ, സെമിയിൽ അമേരിക്കൻ ടീമിനോടു തോറ്റ അവർ വെങ്കലപ്പോരാട്ടത്തിലും പരാജയമറിഞ്ഞു. ഇത്തവണ ചെക് സഖ്യത്തോടായിരുന്നു പരാജയമെന്നു മാത്രം. ഏറെ വിവാദങ്ങൾക്കു ശേഷം ഡബിൾസിൽ ഒന്നിച്ച രോഹൻ ബൊപ്പണ്ണ– ലിയാൻഡർ പെയ്സ് സഖ്യം പോളിഷ് സഖ്യത്തോടു തോറ്റ് ആദ്യ റൗണ്ടിൽതന്നെ പുറത്ത്. അമിത പ്രതീക്ഷകളില്ലാതെ മത്സരിച്ച സാനിയ മിർസ– പ്രാർഥന തോംബാറെ സഖ്യവും ആദ്യറൗണ്ടിൽത്തന്നെ പുറത്തായി.


<ആ>ഷൂട്ടിംഗ്

ഒളിമ്പിക് ഷൂട്ടിംഗ് ചരിത്രത്തിൽ സ്വർണമുൾപ്പെടെ നാല് മെഡലുകൾ നേടിയിട്ടുള്ള ഇന്ത്യ, 12 അംഗ ഷൂട്ടിംഗ് സംഘത്തെയാണ് ഇത്തവണ റിയോയിലേക്കയച്ചത്. കഴിഞ്ഞ തവണ വെള്ളിയും വെങ്കലവുമായി രണ്ടു മെഡലുകൾ നേടിയ സ്‌ഥാനത്ത് ഇത്തവണ വെറും കൈയോടെയുള്ള മടക്കം.

10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ഏക വ്യക്‌തിഗത സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര നാലാമനായപ്പോൾ സഹതാരം ഗഗൻ നാരംഗിന് ഫൈനൽ യോഗ്യത പോലും നേടാനായില്ല. 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായ് എട്ടാമനായപ്പോൾ ഒപ്പം മത്സരിച്ച ഗുർപ്രീത് സിംഗിന് ഫൈനൽ യോഗ്യത പോലും നേടാനായില്ല. 50 മീറ്റർ എയർ പിസ്റ്റളിൽ മത്സരിച്ച ജിത്തുവും പ്രകാശ് നഞ്ചപ്പയും ഫൈനലിൽ കടന്നില്ല. 50 മീറ്റർ റൈഫിൾ പ്രോണിൽ മത്സരിച്ച ഗഗൻ നാരംഗിന്റെയും ചെയിൻ സിംഗിന്റെയും അവസ്‌ഥയും സമാനമായിരുന്നു. ട്രാപ്പിൽ മത്സരിച്ച മാനവ്ജിത് സിംഗ് സന്ധുവും കൈനാൻ ചെനായിയും ഇവരെ പിന്തുടർന്നു. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലും മത്സരിച്ച ഗുർപ്രീത് സിംഗ് ഇവിടെയും യോഗ്യതാ റൗണ്ട് കടന്നില്ല. സ്കീറ്റിൽ മത്സരിച്ച മെയ് രാജ് അഹമ്മദ് ഖാനും യോഗ്യതാ റൗണ്ട് കടക്കാനുള്ള ഭാഗ്യമുണ്ടായില്ല.

വനിതകളും പുരുഷന്മാരുടെ പാത പിന്തുടർന്നു. 10 മീറ്റർ എയർ റൈഫിളിൽ മത്സരിച്ച അപൂർവി ചന്ദേലയും അയോണിക പോളും ഫൈനൽ കണ്ടില്ല. 10 മീറ്റർ എയർ പിസ്റ്റളിലും 25 മീറ്റർ പിസ്റ്റളിലും മത്സരിച്ച ഹീനസിദ്ധു രണ്ടിനങ്ങളിലും യോഗ്യതാറൗണ്ടിൽ പുറത്തായി.

<ആ>അത്ലറ്റിക്സ്

3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഫൈനലിലെത്തിയ ലളിതാ ബാബറിനെ ഒഴിച്ചു നിർത്തിയാൽ ഇന്ത്യ പഴയ ഇന്ത്യ തന്നെയായിരുന്നു. ദേശീയ റിക്കാർഡ് തിരുത്തിയാണ് ലളിത ഫൈനലിൽ കടന്നത്. ഫൈനലിൽ പത്താമതായി.

വനിതാവിഭാഗം 100 മീറ്ററിൽ മത്സരിച്ച ധ്യുതിചന്ദും 200 മീറ്ററിൽ മത്സരിച്ച ശ്രബാനി നന്ദയും യോഗ്യതാറൗണ്ടിൽത്തന്നെ പുറത്തായി. 400 മീറ്ററിൽ മത്സരിച്ച നിർമലാ ഷിയോറാന്റെയും 800 മീറ്ററിൽ മത്സരിച്ച ടിന്റുലൂക്കയുടെയും സ്‌ഥിതി വ്യത്യസ്തമായിരുന്നില്ല. ഷോട്ട്പുട്ടിൽ മത്സരിച്ച മൻപ്രീത് കൗറിനും ഡിസ്ക്കസ് താരം സീമാ പൂനിയയ്ക്കും ഫൈനൽ കാണാനായില്ല. വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ ഖുഷ്ബീർ കൗർ 54–ാമതായപ്പോൾ സപ്നാ പൂനിയയ്ക്ക് മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

4–400 മീറ്റർ റിലേയിൽ പുരുഷ, വനിതാ ടീമുകൾ ഫൈനലിലേക്കു യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. പുരുഷവിഭാഗം ഡിസ്ക്കസ് ത്രോയുടെ യോഗ്യതാ റൗണ്ടിൽ വികാസ് ഗൗഡ 28–ാമനായി. പുരുഷന്മാരുടെ 400 മീറ്ററിൽ മത്സരിച്ച മുഹമ്മദ് അനസിനും 800 മീറ്ററിൽ മത്സരിച്ച ജിൻസൺ ജോൺസണും ഫൈനലിലെത്താനായില്ല. ലോംഗ്ജംപിൽ അങ്കിത് ശർമയും ട്രിപ്പിൾ ജംപിൽ രഞ്ജിത് മഹേശ്വരിയും നിരാശപ്പെടുത്തി. പുരുഷന്മാരുടെ 20 കിലോ മീറ്റർ നടത്തത്തിൽ മത്സരിച്ച മൂന്ന് ഇന്ത്യൻ താരങ്ങളും ഫൈനൽ യോഗ്യത നേടിയില്ല. 50 കിലോമീറ്റർ നടത്തത്തിൽ മത്സരിച്ച സന്ദീപ് കുമാർ 35–ാമതാണ് ഫിനിഷ് ചെയ്തത്.

മാരത്തണിൽ ടി. ഗോപി 25–ാം സ്‌ഥാനത്തും ഖേതാ റാം 26–ാം സ്‌ഥാനത്തും ഫിനിഷ് ചെയ്തു. ഇരുവരുടെയും കരിയറിലെ മികച്ച പ്രകടനമാണ് റിയോയിൽ പുറത്തെടുത്തത്.

<ആ>ഹോക്കി

36 വർഷത്തിനു ശേഷം ക്വാർട്ടറിൽ കടന്ന പുരുഷ ടീം ക്വാർട്ടറിൽ ബെൽജിയത്തോട് 3–1നു പരാജയപ്പെട്ടു. 36 വർഷത്തിനു ശേഷം യോഗ്യത നേടുന്ന വനിതാ ടീം പ്രാഥമിക റൗണ്ടിൽ ഒറ്റ കളി പോലും ജയിക്കാതെ പുറത്തായി.

<ആ>ബോക്സിംഗ്

കഴിഞ്ഞ പ്രാവശ്യം ആറു ബോക്സർമാർ ഇറങ്ങിയിടത്ത് ഇക്കുറി യോഗ്യത മൂന്നു പേർക്കു മാത്രമായിരുന്നു. വികാസ് കൃഷ്ണൻ ക്വാർട്ടർ വരെയെത്തിയപ്പോൾ മനോജ് കുമാർ പ്രീക്വാർട്ടറിലും ശിവ ഥാപ്പ ആദ്യ റൗണ്ടിലും പുറത്തായി.

<ആ>അമ്പെയ്ത്ത്

ക്വാർട്ടറിലെത്തി വനിതാ അമ്പെയ്ത്ത് ടീം പ്രതീക്ഷയുണർത്തിയെങ്കിലും ക്വാർട്ടറിൽ പരാജയം ഏറ്റുവാങ്ങി. വനിതാ വ്യക്‌തിഗത വിഭാഗത്തിൽ ദീപികാ കുമാരിയും ബൊബെയ്ലാ ദേവിയും പ്രീക്വാർട്ടറിൽ പുറത്തായി. പുരുഷ വിഭാഗത്തിൽ അതാനു ദാസും പ്രീക്വാർട്ടർ വരെയെത്തി.

<ആ>ഗോൾഫ്

പുരുഷ വിഭാഗത്തിൽ എസ്എസ്പി ചൗരസ്യ 50–ാമതും അനിർബൻ ലാഹിരി 57–ാമതുമെത്തിയപ്പോൾ വനിതാവിഭാഗത്തിൽ മത്സരിച്ച അദിതി അശോക് 41–ാമതായി.

<ആ>ഭാരോദ്വഹനം

പുരുഷന്മാരുടെ 77 കിലോഗ്രാം വിഭാഗത്തിൽ സതീഷ് കുമാർ ശിവലിംഗം 11–ാം സ്‌ഥാനക്കാരനായി. 48 കിലോഗ്രാം വനിതാ വിഭാഗത്തിൽ സൈക്കോം മീരാഭായി ചാനുവിന് ഭാരം ഉയർത്താൻ പോലുമായില്ല.

<ആ>ടേബിൾ ടെന്നീസ്

ഇന്ത്യയുടെ പ്രതിനിധികളായ ശരത് കമൽ, സൗമ്യജിത് ഘോഷ്, മൗമാ ദാസ്, മാണിക ബത്ര എന്നിവർ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി.

<ആ>റോവിംഗ്

പുരുഷന്മാരുടെ സിംഗിൾ സ്കൾസിൽ ദത്തു ബാബൻ ഭോക്നാൽ 13–ാമനായി.

<ആ>നീന്തൽ

വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ മത്സരിച്ച ശിവാനി കതാരിയ 28–ാമതായി. പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ളൈയിൽ മത്സരിച്ച സാജൻ പ്രകാശ് 41–ാമതായാണ് ഫിനിഷ് ചെയ്തത്.

<ആ>ജൂഡോ

അവതാർ സിംഗ് ആദ്യറൗണ്ടിൽത്തന്നെ പുറത്ത്

തുടരും..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.