ഒബ്രിഗാദോ റിയോ, യൊക്കോസോ ജപ്പാൻ
ഒബ്രിഗാദോ റിയോ, യൊക്കോസോ ജപ്പാൻ
Monday, August 22, 2016 1:19 PM IST
റിയോ ഡി ഷാനെറോ: ലോകത്തെ 16 ദിവസം ആവേശത്തിലാറാടിച്ച റിയോയ്ക്ക് വർണാഭമായ വിട. നന്ദി (ഒബ്രിഗാദോ) റിയോ. ഇനി നാലു വർഷത്തിനു ശേഷം ജപ്പാന്റെ തലസ്‌ഥാനമായ ടോക്കിയോയിൽ ലോകകായികമാമാങ്കം കാണാം. സ്വാഗതം (യൊക്കോസോ). ഉദ്ഘാടനം പോലെ തന്നെ നഗരത്തിന്റെ കാർണിവൽ പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു മാറക്കാനയിൽ നടന്ന റിയോ ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങും. നൂറുകണക്കിന് നർത്തകർ സാംബാ താളത്തിനൊത്തു ചുവടുവെച്ച് വേദിയെ ത്രസിപ്പിച്ചു. ബ്രസീലിലെ പ്രശസ്തമായ സ്മാരകങ്ങളും ഭൂപ്രദേശങ്ങളും നർത്തകരുടെ വൈഭവത്തിൽ വിരിഞ്ഞു. ലേസർ ഷോയും കരിമരുന്നുപ്രയോഗവും റിയോയെ ആഘോഷത്തിന്റെ പരമകാഷ്ഠതയിൽ എത്തിച്ചു. ഒളിമ്പിക്സിന്റെ ജന്മദേശമായ ഗ്രീസും ആതിഥേയരായ ബ്രസീലും നയിച്ച പരമ്പരാഗത പരേഡ് ആവേശോജ്വലമായിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ബ്രസീൽ ഏഴു സ്വർണമാണ് ഈ ഒളിമ്പിക്സിൽ നേടിയത്. ഫുട്ബോളിനെ ഹൃദയതാളമാക്കിയ ബ്രസീലിയൻ ജനതയുടെ സ്വപ്നമായിരുന്നു ഒളിമ്പിക് ഫുട്ബോൾ സ്വർണം. രണ്ടുവർഷം മുമ്പുനടന്ന ലോകകപ്പിൽ അവരെ പരാജയപ്പെടുത്തിയ ജർമനിയെത്തന്നെ തോൽപ്പിച്ചുകൊണ്ട് നെയ്മറും സംഘവും മാറക്കാനയിൽ നേടിയ സ്വർണം ബ്രസീലിയൻ ജനതയ്ക്ക് ഇരട്ടിമധുരമായി. സമാപനച്ചടങ്ങിലെങ്ങും ഇതിന്റെ ആവേശം ബ്രസീലുകാരിൽ അലയടിക്കുന്നതു കാണാമായിരുന്നു.

നോർവീജിയൻ സംഗീതജ്‌ഞൻ കൈഗോയും അമേരിക്കൻ പാട്ടുകാരി ജൂലിയ മൈക്കൾസും കാരീഡ് മീ എന്ന ഗാനവുമായി വേദിയെ കൈയിലെടുത്തു. അതോടൊപ്പം ലോകമെമ്പാടുമുള്ള കായികപ്രേമികളെ ആവേശം കൊള്ളിച്ച് ഒളിമ്പിക് കമ്മിറ്റി, ഒളിമ്പിക് ചാനലിന്റെ സംപ്രേഷണം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഓൺലൈനിൽ ലഭ്യമാകുന്ന ചാനൽ ആൻഡ്രോയിഡിലും ഐഒഎസിലും ഇനി ലഭ്യമാകും. റിയോയിലെ ഓരോ മുഹൂർത്തവും ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമാണ് ചാനൽ സംപ്രേഷണം.

അവസാന ദിവസം 306 മെഡലുകളാണ് സമ്മാനിച്ചത്. പുരുഷ മാരത്തണിൽ സ്വർണം നേടിയ കെനിയയുടെ എല്യൂഡ് കിപ്ചോഗെയെ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് മെഡൽ അണിയിച്ചു.

തുടർന്ന് പരമ്പരാഗത ബ്രസീലിയൻ കലകളുടെ പ്രദർശനമായിരുന്നു അരങ്ങേറിയത്. ഒളിമ്പിക് കമ്മിറ്റി പുതുതായി തെരഞ്ഞെടുത്ത നാല് അംഗങ്ങളേയും വേദിയിലേക്കു ക്ഷണിച്ചു. ജർമനിയുടെ ഫെൻസിംഗ് താരം ബ്രിട്ടാ ഹെയ്ഡേമാൻ, കൊറിയയുടെ ടേബിൾ ടെന്നീസ് താരം സ്യൂഗ്–മിൻ റ്യൂ, ഹംഗേറിയൻ സ്വിമ്മർ ഡാനിയേൽ ഗ്യൂവർട്ടാ, പോൾവോൾട്ട് ഇതിഹാസം യെലേന ഇസിൻബയേവ എന്നിവരായിരുന്നു ഇവർ. ഒളിമ്പിക് വോളന്റിയേഴ്സ് ഇവരെ നാലുപേരെയും ബൊക്കെ നൽകി സ്വീകരിച്ചു. സാംബാ നൃത്തം ചടങ്ങിനെ താളമയവും മനോഹരവുമാക്കി.

റിയോ മേയർ എഡ്വാർഡോ പേയ്സിനും ടോക്കിയോ ഗവർണർ യൂറികോ കൊയ്ക്കെയ്ക്കുമൊപ്പമായിരുന്നു പ്രസിഡന്റ് തോമസ് ബാക്ക് വേദിയിലേക്കു കടന്നുവന്നത്. കുട്ടികളുടെ ക്വയർ സംഘം പാടിയ ബ്രസീലിയൻ ദേശീയഗാനത്തിന്റെ പഞ്ചാത്തലത്തിൽ എഡ്വാർഡോ പേയ്സ് യൂറികോ കൊയ്ക്കെയ്ക്ക് പ്രതീകാത്മകമായി ഒളിമ്പിക് പതാക കൈമാറിയതോടെ ഒളിമ്പിക്സ് റിയോയിൽ നിന്നും ടോക്കിയോയിലേക്ക്. സ്റ്റേഡിയത്തിന്റെ മധ്യഭാഗത്ത് കൂറ്റൻ ജാപ്പനീസ് പതാക തെളിഞ്ഞതിനൊപ്പം റിയോ ഒബ്രിഗാദോ (നന്ദി റിയോ) എന്ന വാചകം സ്റ്റേഡിയത്തിന്റെ മധ്യത്തിൽ പ്രത്യക്ഷപ്പെട്ടു. ആദ്യം പോർച്ചുഗീസിലും ജാപ്പനീസിലും തെളിഞ്ഞ വാചകം പിന്നീട് ധാരാളം ഭാഷകളിൽ തെളിഞ്ഞ് ലോകത്തിന്റെ മുഴുവൻ ആദരവും റിയോയ്ക്കു നേടിക്കൊടുത്തു.

വാമിംഗ് അപ് ടോക്കിയോ 2020 എന്ന പേരിൽ ജപ്പാൻ തീർത്ത ചലച്ചിത്ര വിസ്മയം ഓരോ നിമിഷവും സ്റ്റേഡിയത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ടോക്കിയോയുടെ പാരമ്പര്യം വിളിച്ചോതുന്ന ദൃശ്യങ്ങൾ കാണികൾ ഏറെ ആസ്വദിച്ചു. ജപ്പാന്റെ പ്രമുഖ കായികതാരങ്ങളെല്ലാം ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു.

പ്രശസ്ത വീഡിയോ ഗെയിം കഥാപാത്രമായ സൂപ്പർമാരിയോയെ അനുസ്മരിപ്പിച്ച് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേ സ്റ്റേഡിയത്തിന്റെ മധ്യത്തിൽ പൈപ്പിൽ നിന്നും ഉയർന്നു വന്നത് സ്റ്റേഡിയത്തെ ഞെട്ടിച്ചു. കൂടാതെ ടോക്കിയോയിൽ നിന്നും റിയോയിലേക്ക് സൂപ്പർ മാരിയോ തുരങ്കത്തിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യവും ചലച്ചിത്രത്തിലുണ്ടായിരുന്നു. റിയോയിലെത്താൻ വൈകിയ ഷിൻസോ അബേയെ ഇത്തരത്തിൽ അവതരിപ്പിച്ചത് വരാൻ പോകുന്ന മഹാത്ഭുതത്തിന്റെ മുന്നോടിയാണെന്നു ജപ്പാൻ ലോകത്തിനു വ്യക്‌തമാക്കിക്കൊടുത്തു. 333 ഇനങ്ങളിലാണു ടോക്കിയോയിൽ മത്സരങ്ങൾ നടക്കുന്നത്. ബേസ്ബോൾ/ സോഫ്റ്റ്ബോൾ, കരാട്ടെ, സ്പോർട്ട് ക്ലൈംബിംഗ്, സ്കേറ്റ് ബോർഡിംഗ്, സർഫിംഗ് എന്നീ ഇനങ്ങൾ ടോക്കിയോയിൽ ആദ്യമായി ഒളിമ്പിക്സിൽ അരങ്ങേറും. ‘ഡിസ്കവർ ടുമാറോ’ എന്നതാണ് ടോക്കിയോയുടെ ആപ്തവാക്യം.

ഒളിമ്പിക് സമിതി പ്രസിഡന്റ് തോമസ് ബാക്കിനൊപ്പം വേദിയിൽ ഒത്തുചേർന്ന സംഘാടക സമിതി അധ്യക്ഷ്യൻ കാർലോസ് നുസ്മാൻ ഗെയിംസ് നടത്തിപ്പിൽ സഹകരിച്ചവർക്കെല്ലാം നന്ദി പ“റഞ്ഞു.


‘‘ഞാൻ അഭിമാനിക്കുന്നു എന്റെ രാജ്യത്തെയോർത്ത്, എന്റെ നഗരത്തെയും ജനങ്ങളെയും’ ഓർത്ത്’. നുസ്മാന്റെ വാക്കുകൾ റിയോയുടെ വിജയത്തിനു സാക്ഷ്യപത്രമായി.

ഞങ്ങൾ ബ്രസീലിൽ എത്തിയത് അതിഥികളായിട്ടാണ് എന്നാൽ ഇവിടെ നിന്നും മടങ്ങുന്നത് ബ്രസീലുകാരുടെ സുഹൃത്തുക്കളായിയാണ് ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾക്കെന്നും സ്‌ഥാനമുണ്ടാവും. തോമസ് ബാക് പറഞ്ഞു. ഒളിമ്പിക് പതാകയുടെ കീഴിൽ മത്സരിച്ച 10 അഭയാർഥിഅത്ലറ്റുകളെയും പ്രശംസിക്കാനും ബാക് മറന്നില്ല. 31–ാം ഒളിമ്പിക്സ് അവസാനിക്കുന്നതായി പ്രഖ്യപിച്ച ബാക്ക് ഇനി ടോക്കിയോയിൽ കാണാം എന്ന പ്രത്യാശ പങ്കുവച്ചുകൊണ്ടാണ് പിരിഞ്ഞത്.

<ആ>അമേരിക്ക ചാമ്പ്യന്മാർ

റിയോയിലും തിരക്കഥ മാറിയില്ല. അമേരിക്ക തന്നെ ചാമ്പ്യന്മാർ. 46 സ്വർണവും 37 വെള്ളിയും 38 വെങ്കലവുമടക്കം 121 മെഡലുകളാണ് അമേരിക്ക റിയോയിൽ നിന്നും വാരിയത്. ലണ്ടനിൽ 103 മെഡലുകളായിരുന്നു അമേരിക്കയുടെ സമ്പാദ്യം. 100 മെഡലുകളിൽ കൂടുതൽ നേടിയ ഏക രാജ്യവും അമേരിക്കയാണ്.

നീന്തലിൽ നിന്നാണ് അമേരിക്ക ഏറ്റവുമധികം മെഡൽക്കൊയ്ത്തു നടത്തിയത്. 16 സ്വർണവും എട്ടു വെള്ളിയും ഒമ്പതുവെങ്കലവുമടക്കം 33 മെഡലുകളാണ് അമേരിക്കൻ താരങ്ങൾ മുങ്ങിയെടുത്തത്.

അത്ലറ്റിക്സിലും അമേരിക്ക മോശമാക്കിയില്ല 13 സ്വർണവും 10 വെള്ളിയും ഒമ്പത് വെങ്കലവുമായി 32 മെഡൽ.

വ്യക്‌തിഗത മെഡൽ നേട്ടത്തിൽ ഇതിഹാസ നീന്തൽതാരം മൈക്കിൾ ഫെൽപ്സ് അഞ്ചു സ്വർണം സ്വന്തമാക്കിയപ്പോൾ വനിതാ നീന്തൽതാരം കാത്തി ലെഡക്കിയും ജിംനാസ്റ്റിക് വിസ്മയം സിമോണി ബൈൽസും നാലുവീതം സ്വർണം നേടി.

<ആ>അമേരിക്കൻ ആധിപത്യം

ആകെ മെഡൽ 121, 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിനുശേഷമുള്ള ഏറ്റവും വലിയ മെഡൽ നില

–അത്ലറ്റിക്സിൽ അമേരിക്ക നേടിയ 32 മെഡലുകളിൽ 13 എണ്ണം സ്വർണായിരുന്നു. രണ്ടാമതും മൂന്നാമതുമെത്തിയ കെനിയയ്ക്കും ജമൈക്കയ്ക്കും ആറു സ്വർണം വീതം

– നീന്തൽക്കുളത്ത് ആധിപത്യം തുടർന്നു. ആകെ 104 മെഡലിൽ 33 എണ്ണം അമേരിക്കക്കാർക്കായിരുന്നു.

16 സ്വർണം ഇതിലുണ്ടായിരുന്നു. അമേരിക്കയുടെ പ്രധാന എതിരാളി ഓസ്ട്രേലിയക്ക് ആകെ 10 മെഡലുകളാണ് കിട്ടത്. മൂന്നെണ്ണം സ്വർണമായിരുന്നു. ഹംഗറിയും മൂന്നു സ്വർണം നേടി.

–അമേരിക്ക ആയിരം സ്വർണം കടന്നു. ആകെ ഒളിമ്പിക് മെഡലുകൾ 2500 കടന്നു.

<ആ>ചില പ്രധാന സംഭവങ്ങൾ

<ആ>മൈക്കിൾ ഫെൽപ്സ്– അഞ്ച് സ്വർണവും ഒരു വെള്ളിയും. നാലു ഒളിമ്പിക്സിലുമായി 28 മെഡലുകൾ (23 സ്വർണം, മൂന്നു വെള്ളി, രണ്ടണ്ടു വെങ്കലം)

<ആ>സിമോണി ബൈൽസ്– ആദ്യ ഒളിമ്പിക്സിന്റെ യാതൊരു അങ്കലാപ്പുമില്ലാതെ ജിംനാസ്റ്റിക്സിൽ മിന്നിയതാരമാണ് ബൈൽസ്. നാലു സ്വർണം ഒരു വെങ്കലവുമായാണ് ഈ പത്തൊമ്പതുകാരി റിയോ വിട്ടത്.

<ആ>കാത്തി ലെഡെകി– നാലു സ്വർണവും ഒരു വെള്ളിയും. 400 മീറ്റർ, 800 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ലോക റിക്കാർഡ്.

<ആ>ഉസൈൻ ബോൾട്ട്– 100 മീറ്റർ, 200 മീറ്റർ, 4–100 മീറ്റർ സ്വർണം. കഴിഞ്ഞ രണ്ടണ്ട് ഒളിമ്പിക്സിലും ഈ ഇനങ്ങളിൽ ബോൾട്ടിനായിരുന്നു സ്വർണം.

<ആ>മോ ഫറ– 5000 മീറ്റർ, 10,000 മീറ്റർ സ്വർണം നിലനിർത്തുന്ന ആദ്യ താരം

<ആ>എലെയൻ തോംപ്സൺ– 28 വർഷത്തിനു ശേഷം സ്പ്രിന്റിൽ രണ്ടണ്ടു സ്വർണം നേടുന്ന താരം. 1988ൽ ഫ്ളോറൻസ് ഗ്രിഫ്ത്ത് ജോയ്നർ ഡബിൾ നേടിയിരുന്നു.

<ആ>ആൻഡി മുറെ– ഒളിമ്പിക് വ്യക്‌തിഗത സ്വർണം നിലനിർത്തുന്ന ആദ്യ താരം

<ആ>ആഷ്‌ടൺ ഈറ്റൻ– ഡെക്കാത്തലണിൽ തുടർച്ചയായ രണ്ടണ്ടാം ഒളിമ്പിക്സിലും സ്വർണം

<ആ>കോച്ചി ഉചിമുറ– ജപ്പാന്റെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് താരം. ഓൾറൗണ്ടണ്ട് ഇനത്തിൽ സ്വർണം നിലനിർത്തി. 44 വർഷത്തിനുശേഷം ആദ്യമായാണ് ഒരു താരം സ്വർണം തുടർച്ചയായി നേടുന്നത്. ടീം ഇനത്തിലും സ്വർണം നേടി.

<ആ>വു മിൻക്സിയ– ചൈനയുടെ ഡൈവിംഗ് താരം തുടർച്ചയായി അഞ്ച് ഒളിമ്പിക് സ്വർണമെഡൽ നേടുന്ന ആദ്യ ഡൈവിംഗ് താരം. ഷി ടിൻഗ് മവോയ്ക്കൊപ്പമാണ് 3 മീറ്റർ സിംക്രണൈസ്ഡ് സ്പ്രിംഗ്ബോർഡിൽ മിൻക്സിയ സ്വർണംനേടിയത്.

ദക്ഷിണ കൊറിയ– അമ്പെയ്ത്തിൽ ആധിപത്യം. നാലു സ്വർണം.

<ആ>റിയോ തകർത്ത ചില ലോക റിക്കാർഡുകൾ

<ആ>അമ്പെയ്ത്ത്

കിം വൂ–ജിൻ (ദക്ഷിണ കൊറിയ) പുരുഷന്മാരുടെ വ്യക്‌തിഗതം– റാങ്കിംഗ് റൗണ്ട് 700 പോയിന്റ

<ആ>അത്ലറ്റിക്സ്

വനിതകളുടെ 10,000 മീറ്റർ –അൽമാസ് അയാന (എത്യോപ്യ)– 29 മിനിറ്റ് 17.45 സെക്കൻഡ്

പുരുഷന്മാരുടെ 400 മീറ്റർ– വേയ്ഡ് വാൻ നികെർക് (ദക്ഷിണാഫ്രിക്ക) 43.03 സെക്കൻഡ്

വനിതകളുടെ ഹാർമർ ത്രോ– അനിറ്റ വ്ളോഡാർസിക് (പോളണ്ട്) 82.29 മീറ്റർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.