ജെയ്ഷ, പൊറുക്കുക
ജെയ്ഷ, പൊറുക്കുക
Monday, August 22, 2016 1:17 PM IST
പ്രിയ ജയ്ഷ പൊറുക്കുക, ഒളിമ്പിക് മാരത്തണിൽ പങ്കെടുക്കേണ്ടി വന്നതിലൂടെ സ്വന്തം ജീവൻ പോലും നഷ്‌ടപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്ക സൃഷ്‌ടിച്ചതിന്. മാരത്തൺ മത്സരത്തിൽ പങ്കെടുത്ത ജെയ്ഷയ്ക്ക് കുടിവെള്ളം നൽകാൻ ആരുമില്ല എന്ന ആ താരം തന്നെ ഏറ്റുപറയുമ്പോൾ എന്ത് മറുപടിയാണ് അധികൃതർക്കു നൽകാനുള്ളത്?

മാരത്തൺ നടക്കുമ്പോൾ രാജ്യത്തിന്റെ സ്റ്റേഷനോടനുബന്ധിച്ച് താരങ്ങൾക്ക് വെള്ളവും മറ്റും നൽകാൻ ഇന്ത്യ നാല് പേരെ നിയോഗിക്കണം എന്നതാണ് അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന്റെ നിയമം. ’’താരങ്ങൾക്ക് വെള്ളം നൽകാൻ ആളുകളെ നിയോഗിക്കേണ്ടത് പരിശീലകന്റെയും ഇന്ത്യൻ ഫെഡറേഷൻ ഒഫീഷ്യലുകളുടെയും ഉത്തരവാദിത്വമാണ്. എന്നാൽ, ഈ ക്രമീകരണങ്ങളൊന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയോ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയോ അധികൃതർ ചെയ്തിരുന്നില്ല ഒരു രാജ്യത്തിന്റെ അത്ലറ്റിന് മറ്റൊരു രാജ്യത്തിന്റെ ആളുകളിൽ നിന്നും വെള്ളം വാങ്ങിക്കുടിക്കാനാവില്ല. അങ്ങനെ ചെയ്താൽ ആ താരത്തിന് അയോഗ്യത കൽപ്പിക്കപ്പെടും. അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷനോടടുത്ത വൃത്തങ്ങൾ പറയുന്നു.

ബംഗളൂരുവിൽ വിശ്രമിക്കുന്ന ജെയ്ഷ സംഭവത്തേക്കുറിച്ച് പ്രതികരിച്ചു. അടുത്ത ഏതാനും ദിവസങ്ങൾക്കകം ഞാൻ ഉന്മേഷം വീണ്ടെടുക്കും. പക്ഷെ ഞാൻ മാനസികമായി ആകെ തളർന്നിരിക്കുകയാണ്. 2–3 മാസത്തെ ആയുർവേദ ചികിത്സയും ഉഴിച്ചിലും കൊണ്ടു മാത്രമേ എന്റെ ശാരീരികാരോഗ്യം വീണ്ടെടുക്കാനാകൂ –ജെയ്ഷ പറയുന്നു. ജെയ്ഷയ്ക്കു പനിയുണ്ടെന്നാണ് സായിയിലെ ഡോക്ടർമാർ പറയുന്നത് എന്നാൽ ആശുപത്രിയിൽ അഡ്മിറ്റാകാൻ ജെയ്ഷ വിസമ്മതിച്ചു. നാട്ടിൽ എവിടെയെങ്കിലും ആയുർവേദചികിത്സ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ജെയ്ഷ പറഞ്ഞു.

തന്റെ പരിശീലകനായ നിക്കോളായ് സ്നെസിയേർവിനെതിരേയും ജെയ്ഷ ആരോപണമുന്നയിച്ചിട്ടുണ്ട്. മുംബൈ മാരത്തണിൽ വിജയിച്ച ശേഷം 1500 മീറ്ററിൽ ഒളിമ്പിക് യോഗ്യത നേടാനായിരുന്നു താൻ ആഗ്രഹിച്ചതെന്നും, എന്നാൽ മാരത്തണിൽ തുടരാൻ പരിശീലകൻ നിർബന്ധിക്കുകയായിരുന്നെന്നും ജെയ്ഷ ആരോപിച്ചു. പരിശീലന സമയത്ത് പരിക്കേറ്റെങ്കിലും അതിൽ നിന്നും മുക്‌തയാകാനുള്ള സമയം പരിശീലകൻ അനുവദിച്ചില്ലെന്നും ജെയ്ഷ പറയുന്നു. പ്രഭാതത്തിലായിരുന്നു പതിവായി പരിശീലനം നടത്തിയിരുന്നതെന്നും ഊട്ടിയിൽ നിന്നും റിയോയിലെത്തിയപ്പോൾ ചൂടിലുണ്ടായ വ്യത്യാസവുമായി പൊരുത്തപ്പെടാനായില്ലെന്നും ജെയ്ഷ വെളിപ്പെടുത്തി.


ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി റിയോയിലേക്കു തിരിച്ച ഇന്ത്യക്കു നേടാനായത് വെറും രണ്ടു മെഡലുകളാണ്. പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരാശപ്പെടുത്തുന്ന ഇത്തരം നടപടികൾ മറ്റു കായികതാരങ്ങൾക്കെതിരേ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

<ആ>വാർത്ത ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി, പരിശോധിച്ചുവരികയാണെന്ന് വിജയ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഭാഗത്തുനിന്ന് ജയ്ഷയ്ക്കെതിരേ ഉണ്ടായ അവഗണനയെക്കുറിച്ചുള്ള വാർത്തയുടെ നിജസ്‌ഥിതി പരിശോധിച്ചുവരുകയാണെന്ന് കേന്ദ്ര കായികമന്ത്രി വിജയ്ഗോയൽ.

സംഭവം സത്യമെങ്കിൽ അതു ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കു നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുമാണ് ക്രമീകരണങ്ങൾ ചെയ്യേണ്ടിയിരുന്നതെന്ന് വിജയ് ഗോയൽ പറഞ്ഞു. അതേയമയം, റിയോ ഒളിമ്പിക്സിനിടെ മലയാളി അത്ലറ്റ് ഒ.പി.ജെയ്ഷയ്ക്ക് അവഗണന നേരിട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കായിക താരങ്ങൾക്ക് നേരിടേണ്ടി വരുന്ന അവഗണന വിഷമമുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.