ചരിത്രത്തിലാദ്യമായി ബ്രസീലിന് ഒളിമ്പിക് സ്വർണം
ചരിത്രത്തിലാദ്യമായി ബ്രസീലിന്   ഒളിമ്പിക് സ്വർണം
Sunday, August 21, 2016 11:25 AM IST
റിയോ ഡി ഷാനെറോ: പന്തിൽ ഒരു മുത്തം, പിന്നെ ഒരിക്കലും മറക്കാനാവാത്ത കിക്കുമായി ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ. കോടിക്കണക്കിന് ആരാധകർക്ക് ഇതു സ്വപ്നസാഫല്യം. ബ്രസീൽ ഒളിമ്പിക് ഫുട്ബോൾ ചാമ്പ്യന്മാർ. ഫൈനലിൽ ജർമനിയെ തോൽപ്പിച്ചാണ് ബ്രസീൽ ചരിത്രത്തിൽ ആദ്യമായി സ്വർണമെഡലിൽ മുത്തമിട്ടത്. അതും അവരുടെ ഏറ്റവും പ്രിയപ്പെട്ട താരം നെയ്മറുടെ ബൂട്ടിൽവിരിഞ്ഞ സ്വർണമാകുമ്പോൾ ഇരട്ടിമധുരമായി. മുഴുവൻ സമയത്തും അധിക സമയത്തും മത്സരം 1–1ൽ നിന്നപ്പോൾ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ ബ്രസീൽ 5–4ന് ജർമനിയെ തോൽപ്പിച്ചു. ബ്രസീലിന്റെ അഞ്ചു ഷോട്ടും വലയിൽ പതിച്ചപ്പോൾ ജർമനിയുടെ ഒരെണ്ണം പാഴായി. നേരത്തെ 26–ാം മിനിറ്റിൽ നെയ്മറുടെ ഉജ്വല ഫ്രീകിക്ക് തന്നെയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. എന്നാൽ, 59–ാം മിനിറ്റിൽ നായകൻ മാക്സ്മില്യൻ മെയറിലൂടെ ജർമനി സമനില കണ്ടെത്തി.

മഞ്ഞപ്പടയുടെ ഈ ജയത്തിനു സാക്ഷിയാകാൻ ഗാലറിയിൽ വേഗത്തിന്റെ രാജാവ് ഉസൈൻ ബോൾട്ടുമുണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് സെമി ഫൈനലിൽ ജർമനിയുടെ മുതിർന്ന ടീമിൽനിന്നേറ്റ നാണംകെട്ട തോൽവിക്കു പ്രതികാരം ചെയ്യാനും നെയ്മർക്കും കൂട്ടർക്കുമായി. അന്ന് കളിച്ച പലരും രണ്ടു ടീമിലുമില്ലെങ്കിലും ജർമനിയെ തോൽപ്പിക്കാനായത് ബ്രസീലിന്റെ ഫുട്ബോൾ ആരാധകർക്ക് വീണ്ടും ആ ടീമിലുള്ള വിശ്വാസം വളർത്താനായി. ഒളിമ്പിക് സ്വർണത്തോടെ ഫിഫയുടെ എല്ലാ മത്സരങ്ങളിലെയും ചാമ്പ്യന്മാരാകാൻ ബ്രസീലിനായി.

ഷൂട്ടൗട്ടിലെ നിർണായകമായ അവസാന കിക്കെടുത്ത നെയ്മർ സമ്മർദമേതുമില്ലാതെ വളരെ ശാന്തമായി വലയുടെ വലതു മൂലയിലേക്കു തൊടുത്തു. ഗോൾ നേടിയതിന്റെയും വിജയത്തിന്റെയും സന്തോഷത്താൽ മുട്ടിൽ നിലത്തു വീണ നായകൻ നെയ്മറെ സഹതാരങ്ങൾ പൊതിഞ്ഞു. അങ്ങനെ ബ്രസീൽ കാത്തിരുന്ന ഒളിമ്പിക് സ്വർണം എന്ന കിട്ടാക്കനി സ്വന്തമാക്കി.

ഈ വിജയം ബ്രസീലിയൻ ജനത കാത്തിരുന്നതായിരുന്നു. ഒരു ചെറിയ കാര്യം പോലും ആഘോഷമാക്കുന്ന ആ ജനത കാത്തിരുന്ന വിജയമാണ് മാറക്കാന സ്റ്റേഡിയത്തിൽ സ്വന്തമാക്കിയത്. രാജ്യത്തിന്റെ സാമ്പത്തികമാന്ദ്യം, രാഷ്ര്‌ടീയ അസ്‌ഥിരത, അഴിമതി, വിവാദങ്ങൾ, ജല മലിനീകരണം സൃഷ്‌ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ, സിക്ക വൈറസിന്റെ ഭീഷണി അങ്ങനെ നിരവധി പ്രശ്നങ്ങൾക്കു നെയ്മറിന്റെ ഒറ്റകിക്കിലൂടെ തത്കാലത്തേക്കെങ്കിലും മറക്കാനാകും.

സ്വർണമെഡൽ കഴുത്തിൽ അണിഞ്ഞ് സന്തോഷാശ്രു പൊഴിക്കുന്ന താരങ്ങൾക്കൊപ്പം മാറക്കാനയിൽ നിറഞ്ഞ ആരാധകരുടെ കണ്ണുകളിലൂടെയും കണ്ണീർ ഒഴുകി. ഗ്രൗണ്ടിൽ മുഴുങ്ങിയ ബ്രസീലിയൻ ദേശീയ ഗാനത്തോടോപ്പം മാറക്കാന സ്റ്റേഡിയം മുഴുവൻ ചേർന്നു.


ലോകകപ്പ് സെമിയിലെ ജർമനിയുടെ സീനിയർ ടീമിൽനിന്നേറ്റ 7–1ന്റെ തോൽവി, അതിനുശേഷം കോപ്പ അമേരിക്ക ടൂർണമെന്റിൽ ക്വാർട്ടറിനപ്പുറം കടക്കാനായില്ല. പിന്നീട് ഈ വർഷം നടന്ന കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലേ തന്നെ പുറത്താകൽ എന്നീ പരാജയങ്ങളിൽ തീർത്തും തകർന്ന അവസ്‌ഥയിലായിരുന്നു ബ്രസീൽ ഫുട്ബോൾ. ഒളിമ്പിക്സിലെത്തിയപ്പോൾ ഗ്രൂപ്പിലെ ആദ്യമത്സരങ്ങളിൽ ഗോൾ നേടാൻ കാനറികൾ ബുദ്ധിമുട്ടി. തുടരുന്ന തിരിച്ചടികൾ തന്നെയാണ് ബ്രസീൽ നേരിട്ടത്. ഒളിമ്പിക്സിലെ ടീമിന്റെ പ്രകടനം കണ്ട് ആരാധകർ ആ ടീമിനെ കൂവി കളിയാക്കി. എന്നാൽ, ഗ്രൂപ്പിലെ അവസാന മത്സരം മുതൽ ബ്രസീൽ ടീം യഥാർഥ ഫോമിലേക്കു കടന്നു. നെയ്മറിന്റെ നേതൃത്വത്തിലുള്ള യുവനിര അവരുടെ താളം വീണ്ടെടുക്കുകയും ചെയ്തു.

ജർമനിയുടെ ടീമും വളരെ മികച്ചതായിരുന്നു. യുവാക്കളുടെ ടീം ഫൈനലിൽ ബ്രസീലിനെതിരേ ശരിക്കും ബുദ്ധിമുട്ടിച്ചു. കൗണ്ടർ അറ്റാക്കിംഗ് അവരുടെ മികച്ച ആയുധമായിരുന്നു. ആദ്യ പകുതിയിൽ ജർമനിയുടെ മൂന്നു ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടി പുറത്തു പോവുകയും ചെയ്തു. എന്നാൽ, 26–ാം മിനിറ്റിൽ സ്റ്റേഡിയം കാത്തിരുന്ന നിമിഷമെത്തി. ബോക്സിന്റെ ഇടതുമൂലയിൽനിന്നു തൊടുത്ത മികച്ചൊരു ഫ്രീകിക്ക് വലയിലാക്കി നെയ്മർ മഞ്ഞപ്പടയെ മുന്നിലെത്തിച്ചു. ആദ്യ പകുതി ബ്രസീലിന്റെ ലീഡിൽ പൂർത്തിയായി. 59–ാം മിനിറ്റിൽ ജർമൻ നായകൻ മാക്സ്മില്യൻ മെയർ സമനില കണ്ടെത്തി. നെയ്മറിന്റെ നേതൃത്വത്തിൽ ബ്രസീൽ മികച്ച അവസരങ്ങൾ ഒരുക്കിയെങ്കിലും ജർമൻ പ്രതിരോധം കെട്ടിയ ശക്‌തമായ കോട്ട തകർക്കാനായില്ല. കൗണ്ടർ അറ്റാക്കിംഗിന്റെ തുടർച്ചയായിരുന്നു ജർമനി നേടിയ ഗോൾ. രണ്ടാം പകുതിയിൽ ബ്രസീൽ തുടർച്ചയായി ജർമൻ വല ലക്ഷ്യം വച്ചെങ്കിലും ഗോൾ നേടാനായില്ല. ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ ബർബോസ, ലുവാൻ തുടങ്ങിയ ഭാവി താരങ്ങളുടെ മികവും ശ്രദ്ധേയമായി. ഇവരുടെ പന്തടക്കവും ഡ്രിബ്ളിംഗും അനുപമമായിരുന്നു. ഗോളകന്നു നിന്നതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു. ഇവിടെയും ബ്രസീലിനായിരുന്നു ആധിപത്യം. എന്നാൽ, ഗോൾ മാത്രം വന്നില്ല. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്കു കടന്നു. ഇരുടീമും ഒപ്പത്തിനൊപ്പം സ്കോർ ചെയ്തു. ജർമനിയുടെ അഞ്ചാം കിക്കെടുക്കാനെത്തിയ നിൽസ് പീറ്റേഴ്സന്റെ കിക്ക് ഗോൾകീപ്പർ വെവേർടൺ തടഞ്ഞു. നിർണായക കിക്കെടുക്കാനെത്തിയ നെയ്മർ ഒരു അങ്കലാപ്പുമില്ലാതെ പന്ത് വലയിലെത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.